തീവ്ര സ്വഭാവമില്ലെങ്കിലും ആശങ്കപ്പെടുത്തി വീണ്ടും കോവിഡ്; ടൂറിസം മേഖലയില്‍ 'അന്വേഷണം' ഊര്‍ജിതം

പ്രതിരോധ തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ കേന്ദ്രം
Will the tourism sector be in crisis again in this covid rise
Image courtesy: canva
Published on

കോവിഡിന്റെ പിടിയില്‍ നിന്ന് കേരളത്തിന്റെ വിനോദസഞ്ചാര മേഖല കരകയറിയിട്ട് കുറച്ചുനാളുകള്‍ മാത്രമേ ആയിട്ടുള്ളൂ. ഇപ്പോള്‍ വീണ്ടും കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. ഒമിക്രോണ്‍ ഉപവകഭേദമായ ജെ.എന്‍ വണ്‍ ആണ് കേരളത്തില്‍ പുതുതായി എത്തിയ കോവിഡ് വകഭേദം.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം നിലവില്‍ 2,997 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 2606 കേസുകളും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 265 പുതിയ കോവിഡ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ഇത്തരത്തില്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വിനോദസഞ്ചാരികള്‍ ആശങ്കയിലാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

ആളുകള്‍ ആശങ്കയില്‍

നിലവില്‍ വ്യാപിക്കുന്ന ജെ.എന്‍ വണ്‍ വൈറസിന് തീവ്ര സ്വഭാവം ഇല്ലെന്ന് പറയുമ്പോഴും വളരെ പെട്ടെന്നുള്ള ഈ വ്യാപനം ചില ആശങ്കള്‍ക്കിടയാക്കുന്നുണ്ട്. വിവിധയിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരാന്‍ തയ്യാറെക്കുന്നവര്‍ കേരളാ ടൂറിസം വകുപ്പിലേക്ക് വിളിച്ച് നിരവധി ആശങ്കകള്‍ ഉന്നയിക്കുന്നുണ്ട്.

നിലവില്‍ കേരളത്തിലേക്ക് വരാന്‍ കഴിയുന്ന സാഹചര്യമാണോ, എന്തെങ്കിലും തരത്തിലുള്ള നിയന്തണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ, കേരളത്തില്‍ വന്നുകഴിഞ്ഞാല്‍ തിരിച്ചുപോരാനാകുമോ തുടങ്ങി ഒട്ടേറെ ആശങ്കകള്‍ വിനോദസഞ്ചാരികള്‍ പങ്കുവയ്ക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

ഭയമല്ല, ജാഗ്രതയാണ് വേണ്ടത് 

രാജ്യത്ത് കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെ വെറും ജലദോഷമായി തള്ളിക്കളയേണ്ടെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയുടെ മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍. അക്യൂട്ട് കോവിഡ് ഗുരുതരമായ ന്യുമോണിയയിലേക്ക് നയിച്ചേക്കാമെന്നും അതിനാല്‍ നമുക്കെല്ലാവര്‍ക്കും പരിചിതമായ സാധാരണ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു. ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്നും ഡോ.സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

മുന്നറിയിപ്പുമായി കേന്ദ്രം

കേരളം, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിദിന രോഗസ്ഥിരീകരണം വര്‍ധിച്ചിരിക്കുന്നത്. കോവിഡ് കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് പ്രതിരോധ തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല മൂന്നുമാസത്തിലൊരിക്കല്‍ മോക് ഡ്രില്‍ നടത്തുകയും രോഗലക്ഷണങ്ങള്‍, കേസിന്റെ തീവ്രത എന്നിവ നിരീക്ഷിക്കുകയും വേണം.

മരുന്ന്, ഓക്‌സിജന്‍ സിലിണ്ടര്‍, വെന്റിലേറ്റര്‍, പ്രതിരോധകുത്തിവെപ്പ് എന്നിവയുടെ സ്റ്റോക്ക് ഉറപ്പാക്കണമെന്നും കേന്ദ്ര നിര്‍ദേശമുണ്ട്. അതേസമയം കേരളാ ടൂറിസം വകുപ്പിന് പ്രത്യേകമായി കേന്ദ്രത്തില്‍ നിന്ന് കോവിഡുമായി ബന്ധപ്പെട്ട് നിയന്ത്രണ നിര്‍ദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com