18 മുതല്‍ 44 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍

18മുതല്‍ 44 വയസ്സുവരെ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനം തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രായക്കാര്‍ക്കുള്ള വാക്‌സിന്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്‌തേക്കും. വാക്‌സിനെടുക്കാന്‍ ശനിയാഴ്ച മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാക്‌സിന്റെ ലഭ്യതക്കുറവുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഷീല്‍ഡ് ആദ്യ ഡോസ് എടുത്ത് 12-16 ആഴ്ച കഴിഞ്ഞേ രണ്ടാമത്തെ ഡോസ് അനുവദിക്കൂ. രണ്ടാം വാക്‌സിന്‍ ഡോസുകാര്‍ക്ക് അതിനാല്‍ തന്നെ കാത്തിരിപ്പ് വേണ്ടി വരും. അതേസമയം കോവാക്‌സിന്‍ രണ്ടാമത്തെ ഡോസ് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ 28 ദിവസത്തിനുള്ളില്‍ എടുക്കാം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഇന്നലെ പുറത്തിറക്കിയ നിര്‍ദേശം അനുസരിച്ചാണിത്.
വാക്‌സിന്‍ നയം വിശാലമാക്കാന്‍ കേന്ദ്രം
വാക്‌സിന്‍ നിര്‍മിക്കാന്‍ തയാറുള്ള ആര്‍ക്കും കോവാക്‌സിന്‍ ഫോര്‍മുല കൈമാറാന്‍ തെയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്‌സീനുകള്‍ക്കും രാജ്യത്ത് അനുമതി നല്‍കുവാനും ധാരണയായിട്ടുണ്ട്. റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്‍ അടുത്തയാഴ്ച മുതല്‍ പൊതുവിപണിയില്‍ ലഭ്യമാക്കും. കൊവിഡ് വന്നു പോയവര്‍ക്ക് ആറുമാസത്തിനു ശേഷം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൊവിഷീല്‍ഡ് ഡോസുകള്‍ സ്വീകരിക്കുന്നതിലെ ഇടവേള കൂട്ടാനും നിര്‍ദ്ദേശമുണ്ട്.


Related Articles
Next Story
Videos
Share it