കോവിഷീല്‍ഡിന് ഏറ്റവും ഉയര്‍ന്ന വില ഇന്ത്യയില്‍

ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയും ആസ്ട്രസെനക്കയും സയുക്തമായി വികസിപ്പിച്ചെടുത്ത് ഇന്ത്യയിലെ തന്നെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്ന കോവിഷീല്‍ഡിന് ഏറ്റവും ഉയര്‍ന്ന വില ഇന്ത്യയില്‍. സ്വകാര്യ ആശുപത്രികളിലും ഓപ്പണ്‍ മാര്‍ക്കറ്റിലുമാണ് കോവിഷീല്‍ഡിന് ലോകത്തിലെ ഏറ്റവും ഉയര്‍ന്നവിലയായ 600 രൂപ ഇന്ത്യയില്‍ ഈടാക്കുക. മെയ് ഒന്നുമുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കും കോവിഷീല്‍ഡ് ലഭ്യമാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചിരുന്നു.

നേരത്തെ ഒരു ഡോസ് 150 രൂപ നിരക്കില്‍ പോലും നല്‍കിയാല്‍ പോലും കമ്പനിക്ക് ലാഭമുണ്ടാക്കാനാവുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല്ല പറഞ്ഞിരുന്നു. 100 ദശലക്ഷം ഡോസുകള്‍ക്ക് 200 രൂപയ്ക്ക് ഇന്ത്യ സര്‍ക്കാരിന് നല്‍കുമെന്നും അതിനുശേഷം സ്വകാര്യ മാര്‍ക്കറ്റുകളില്‍ 1,000 രൂപയ്ക്ക് വില്‍ക്കുമെന്നുമായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് സ്വകാര്യ മാര്‍ക്കറ്റില്‍ നിശ്ചയിച്ചിരിക്കുന്ന വില 600 രൂപയാണ്, ഏകദേശം 8 ഡോളര്‍. സെറം ഇന്‍സ്റ്റിറ്റിയൂട്ട് തന്നെ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി ബംഗ്ലാദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായി സെറം സമ്മതിച്ച വിലയേക്കാള്‍ കൂടുതലാണ് ഇത്. ഈ രാജ്യങ്ങളില്‍ മിക്കയിടത്തും ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്ത് വാക്‌സിനുകള്‍ സൗജന്യമായാണ് നല്‍കുന്നത്.
അതേസമയം, ലൈസന്‍സുള്ള മറ്റൊരു നിര്‍മ്മാതാവായ ഓസ്വാള്‍ഡോ ക്രൂസ് ഫൗണ്ടേഷന്‍ നിര്‍മിക്കുന്ന എഇസെഡ് വാക്‌സിന്റെ ഒരു ഡോസിന് 3.15 ഡോളര്‍ മാത്രമാണ് ഈടാക്കുന്നത്. റോയിട്ടേഴ്‌സിന്റെ കണക്കനുസരിച്ച് ബംഗ്ലാദേശ് ഒരു ഡോസ് കോവിഷീല്‍ഡിന് നാല് ഡോളറാണ് സെറം ഇന്‍സ്റ്റിറ്റിയൂട്ടിന് നല്‍കുന്നത്. യുനിസെഫിന്റെ കോവിഡ് വാക്‌സിന്‍ മാര്‍ക്കറ്റ് ഡാഷ്‌ബോര്‍ഡ് പ്രകാരം ദക്ഷിണാഫ്രിക്കയും സൗദി അറേബ്യയും എസ്‌ഐഐയില്‍ നിന്ന് 5.25 ഡോളര്‍ നല്‍കിയാണ് ഒരു ഡോസ് കോവിഷീല്‍ഡ് വാങ്ങുന്നത്.
അതേസമയം വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി മറ്റ് രാജ്യങ്ങള്‍ കൂടൂതല്‍ തുക ചെലവഴിച്ചപ്പോള്‍ ഇന്ത്യ തുക ചെലവഴിക്കാതിരുന്നതാണ് വാക്‌സിന്റെ വില ഇന്ത്യയില്‍ കൂടാന്‍ കാരണമെന്നാണ് ആക്ഷേപം. മറ്റ് രാജ്യങ്ങള്‍ നേരത്തെ തന്നെ വാക്‌സിനുകള്‍ വാങ്ങുന്നതിനും ഉല്‍പ്പാദിപ്പിക്കുന്നതിനും കൂടുതല്‍ തുക ചെലവഴിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഈയടുത്താണ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് 4500 കോടി രൂപ സെറം ഇന്‍സ്റ്റിറ്റിയൂട്ടിനും ഭാരത് ബയോടെക്കിനും അനുവദിച്ചത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it