Begin typing your search above and press return to search.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു. നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലായിരുന്നു യെച്ചൂരി. 72 വയസായിരുന്നു. ഓഗസ്റ്റ് 19 മുതല്‍ അദ്ദേഹം അടിയന്തര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ജെ.എന്‍.യുവില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് യെച്ചൂരി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. 2015 മുതല്‍ സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയാണ്.
1974 ല്‍ എസ്.എഫ്.ഐയിലൂടെയാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്തേക്ക് കടക്കുന്നത്. അടിയന്തരാവസ്ഥക്കെതിരേ ചെറുത്തുനില്‍പ്പ് നടത്തിയതിന് 1975 ല്‍ ജയിലിലായി.
1992 മുതല്‍ സി.പി.എമ്മിന്റെ പി.ബി അംഗമായി പ്രവര്‍ത്തിക്കുന്നു. 2005 മുതല്‍ 2017 വരെ പശ്ചിമ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യു.പി.എ മുന്നണിയും ഇടതു മുന്നണിയും തമ്മിലുളള ബന്ധത്തിലെ പ്രധാന പാലമായി പ്രവര്‍ത്തിച്ചത് യെച്ചൂരിയായിരുന്നു. ഏറ്റവുമൊടുവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്ത്യാ മുന്നണി രൂപീകരിച്ചപ്പോഴും നേതൃ സ്ഥാനത്ത് യെച്ചൂരിയുണ്ടായിരുന്നു.
തെലുഗു ബ്രാഹ്‌മണ കുടുംബത്തില്‍ 1952 ഓഗസ്റ്റ് 12 ന് ചെന്നൈയിലാണ് യെച്ചൂരി ജനിച്ചത്. ഭാര്യ: സീമ ചിസ്തി.
Next Story
Videos