ക്രെഡിറ്റ് കാര്‍ഡ് വേണ്ട! യു.പി.ഐ വഴി ചെറുകിട ബാങ്കുകളും പണം തരും; ക്രെഡിറ്റ് ലൈന്‍ വഴി പണം കിട്ടുന്നതെങ്ങനെ?

ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരം യു.പി.ഐ സംവിധാനം വഴി വായ്പാ സേവനം നല്‍കാന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്കിന്റെ അനുമതി. നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നല്‍കുന്ന വായ്പാ സേവനങ്ങള്‍ ഇനി യു.പി.ഐ ആപ്പുകള്‍ വഴി ലഭിക്കും. കഴിഞ്ഞ സെപ്റ്റംബറില്‍ നടപ്പിലാക്കിയ ക്രെഡിറ്റ് ലൈന്‍ വഴി വായ്പ നല്‍കാന്‍ കൊമേഷ്യല്‍ ബാങ്കുകള്‍ക്ക് മാത്രമായിരുന്നു അനുമതി. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും അനുമതി ലഭിച്ചതോടെ കൂടുതല്‍ പേര്‍ക്ക് ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

എന്താണ് ക്രെഡിറ്റ് ലൈന്‍

വായ്പാ സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിന് റിസര്‍ബ് ബാങ്ക് നടപ്പിലാക്കിയ പ്രീ അപ്രൂവ്ഡ് വായ്പാ സേവനമാണ് ക്രെഡിറ്റ് ലൈന്‍. ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ നിശ്ചിത തുകയ്ക്കുള്ള തത്സമയ വായ്പ ബാങ്കുകള്‍ മുന്‍കൂട്ടി അനുവദിച്ച് തരും. വ്യക്തികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും അതിവേഗത്തില്‍ വായ്പ ലഭ്യമാകുമെന്നതാണ് പ്രത്യേകത. ഈ ക്രെഡിറ്റ് ലൈന്‍ യു.പി.ഐ ആപ്പുമായി ബന്ധിപ്പിക്കാനും സാധിക്കും. നിലവില്‍ ബാങ്ക് അക്കൗണ്ടുകളുമായോ ബാങ്ക് കാര്‍ഡുകളുമായോ ബന്ധിപ്പിച്ചാണ് യു.പി.ഐ സേവനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ബാങ്കുകള്‍ നല്‍കുന്ന ക്രെഡിറ്റ് ലൈനുമായി ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ യു.പി.ഐ ആപ്പുകളെ ബന്ധിപ്പിക്കുന്നതോടെ ഇത്തരം ആപ്പുകള്‍ ക്രെഡിറ്റ് കാര്‍ഡുകളെ പോലെയാകും. നിലവില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ ഇനി മുതല്‍ യു.പി.ഐ ആപ്പ് വഴി ചെയ്യാമെന്ന് അര്‍ത്ഥം. നിരവധി കാര്‍ഡുകള്‍ കൊണ്ടുനടക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.

എങ്ങനെ തിരിച്ചടക്കും

വായ്പാ സേവനത്തിന്റെ പലിശനിരക്ക്, വായ്പാ പരിധി, കാലാവധി തുടങ്ങിയവ ബാങ്കുകള്‍ക്ക് നിശ്ചയിക്കാവുന്നതാണ്. ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ പോലെ നിശ്ചിത ദിവസത്തേക്ക് കുറഞ്ഞ പലിശ നിരക്കിലാകും ക്രെഡിറ്റ് ലൈന്‍ നടപ്പിലാക്കുകയെന്നാണ് സൂചന. തിരിച്ചടവ് മുടങ്ങിയാല്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും. ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അധികം വൈകാതെ പുറത്തിറക്കുമെന്ന് കഴിഞ്ഞ ദിവസം പണനയ നിര്‍ണയ സമിതിയുടെ (എം.പി.സി) തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു.

യു.പി.ഐയുമായി ക്രെഡിറ്റ് ലൈന്‍ ബന്ധിപ്പിക്കുന്നത്

ഇത് സംബന്ധിച്ച നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) വെബ്‌സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്
*പ്ലേ സ്റ്റോറില്‍ നിന്നും യു.പി.ഐ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക, രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക
*യു.പി.ഐ ആപ്പിന്റെ ഇടത് വശത്തുള്ള പ്രൊഫൈല്‍ സെക്ഷനില്‍ ക്ലിക്ക് ചെയ്യുക
*ഇതില്‍ നിങ്ങളുടെ ക്രെഡിറ്റ് ലൈന്‍ ലഭ്യമായിട്ടുള്ള ബാങ്ക് തിരഞ്ഞെടുക്കുക
*ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പര്‍ ഇതിനായി ഉപയോഗിക്കേണ്ടതുണ്ട്
*ലിങ്ക് ചെയ്തശേഷം യു.പി.ഐ പിന്‍ സെറ്റ് ചെയ്യുക. ഇതോടെ പെയ്മെന്റ് ഓപ്ഷനായി ക്രെഡിറ്റ് ലൈന്‍ ആക്ടീവാകും
*സേവനം ആക്ടീവ് ആകുന്നതോടെ പെയ്മെന്റ് ഓപ്ഷനുകളുടെ കൂടെ ക്രെഡിറ്റ് ലൈനും ഉപയോഗിക്കാവുന്നതാണ്.

ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസമാകും

രാജ്യത്തെ ചെറുനഗരങ്ങളിലും പട്ടണങ്ങളിലുമുള്ള സാധാരണക്കാര്‍ക്ക് ഏറെ ഉപയോഗപ്രദമായ തീരുമാനമാണിതെന്നാണ് വിലയിരുത്തല്‍. ക്രെഡിറ്റ് ലൈന്‍ വഴി വായ്പ ലഭിക്കുന്നത് ചെറുകിട വ്യാപാരികള്‍ക്കും ഏറെ ഉപയോഗ പ്രദമാണ്. സേവിംഗ്‌സ് അക്കൗണ്ടിലെ പണം ചെലവഴിക്കാതെ ക്രെഡിറ്റ് ലൈന്‍ ഉപയോഗിച്ച് ദൈനദിന പര്‍ച്ചേസുകള്‍ നടത്താമെന്നത് വ്യാപാരത്തില്‍ ഏറെ ഗുണം ചെയ്യും. കൂടാതെ സമൂഹത്തിന്റെ എല്ലാ വിഭാഗത്തിലുമുള്ള ആളുകള്‍ക്കും കുറഞ്ഞ ചെലവില്‍ വായ്പാ സേവനങ്ങള്‍ ലഭ്യമാകുന്നതിനും ഈ സംവിധാനം ഉപകരിക്കും. കൂടാതെ രാജ്യത്തെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് പുതിയ ബിസിനസ് അവസരം കൂടിയാണ് റിസര്‍വ് ബാങ്ക് തുറന്നു നല്‍കിയതെന്നും വിദഗ്ധര്‍ പറയുന്നു.
Related Articles
Next Story
Videos
Share it