

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരംഭിച്ച പുതിയ യൂട്യൂബ് ചാനലിന് റെക്കോര്‍ഡ് നേട്ടം. ലോകമെമ്പാടും ആരാധകരുള്ള താരത്തിന്റെ പുതിയ അക്കൗണ്ട് 90 മിനുട്ടില്‍ 10 ലക്ഷം വരിക്കാരെന്ന നേട്ടം സ്വന്തമാക്കി. യൂട്യൂബിന്റെ ചരിത്രത്തില്‍ ഇത്രയും വേഗത്തില്‍ 10 ലക്ഷം വരിക്കാര്‍ നേടുന്ന ആദ്യത്തെ സംഭവമാണിത്. 24 മണിക്കൂറില്‍ ഒരു കോടി വരിക്കാരെന്ന റെക്കോര്‍ഡും താരം സ്വന്തം പേരില്‍ കുറിച്ചു.
ഇന്‍സ്റ്റഗ്രാമില്‍ 636 മില്യനും എക്സില്‍ 112.5 മില്യനും ഫേസ്ബുക്കില്‍ 170 മില്യനും ഫോളോവേഴ്‌സുള്ള താരമാണ് റൊണാള്‍ഡോ. താരത്തിന്റെ UR cristiano എന്ന പുതിയ യൂട്യൂബ് ചാനലിന് നിലവില്‍ 14 മില്യനിലധികം പേരാണ് വരിക്കാരായത്. കാത്തിരിപ്പ് അവസാനിച്ചു, എന്റെ യൂട്യൂബ് ചാനല്‍ ഒടുവില്‍ എത്തി! ഈ പുതിയ യാത്രയില്‍ ചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പുതിയ ചാനലിലൂടെ സ്വകാര്യ ജീവിതത്തിലെയും കായിക ജീവിതത്തിലെയും വിശേഷങ്ങള്‍ താരം പങ്കുവയ്ക്കും. ഫുട്‌ബോളിനെ കൂടാതെ കുടുംബം, ആരോഗ്യം, പോഷകാഹാരം,വിദ്യാഭ്യാസം, ബിസിനസ്സ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും താരം ചാനലിലുടെ സംസാരിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine