

പശ്ചിമേഷ്യയെ വിറപ്പിക്കുന്ന രീതിയിലാണ് ഇറാനും ഇസ്രയേലും പരസ്പരം പോരടിക്കുന്നത്. വിട്ടുകൊടുക്കാതെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഇരുകൂട്ടരും പ്രഹരിക്കുമ്പോള്‍ ലോകം മറ്റൊരു യുദ്ധത്തെ ഭയത്തോടെയാണ് കാണുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലാണ് യുദ്ധമെങ്കിലും ഇതിന്റെ കെടുതികളും അനന്തര ഫലങ്ങളും ലോകം മുഴുവന്‍ അനുഭവിക്കേണ്ടി വരും.
ഇരുവരും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചതിനു പിന്നാലെ ക്രൂഡ്ഓയില്‍ വില 10 ശതമാനമത്തിലധികം ഉയര്‍ന്നിരുന്നു. തുടക്കത്തിലെ കുതിപ്പിനു ശേഷം പക്ഷേ എണ്ണവില കാര്യമായി ഉയര്‍ന്നില്ലെന്നതും ശ്രദ്ധേയമാണ്. എണ്ണവില 150 ഡോളര്‍ വരെയെങ്കിലും ഉയര്‍ന്നേക്കാമെന്ന വിദഗ്ധ നിഗമനങ്ങള്‍ക്ക് എതിര്‍ ദിശയിലാണ് ക്രൂഡിന്റെ പോക്ക്.
ആഗോള തലത്തില്‍ എണ്ണ ഉപഭോഗം താഴ്ന്ന നിലയിലാണ്. ചൈനയാണ് എണ്ണ ഉപയോക്താക്കളില്‍ മുന്നില്‍. ചൈന സാമ്പത്തിക പ്രതിസന്ധിയില്‍ പതിയെ മാത്രം കരകയറുന്നതും വൈദ്യുത വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതും ഇതിനൊരു കാരണമാണ്. പാശ്ചാത്യ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഇറാന്‍ എണ്ണ വാങ്ങുന്നത് കൂടുതലും ചൈനയാണ്. പിന്നെ ഇന്ത്യയും. ആഗോള വിപണി നിയന്ത്രിക്കുന്ന രീതിയില്‍ എണ്ണ വിപണിയിലേക്ക് ഇറക്കാന്‍ ഇറാനു സാധിക്കാത്തതിന് കാരണവും ഇതുതന്നെ.
മുമ്പ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് എണ്ണ ഉത്പാദനത്തില്‍ കൃത്യമായ മേല്‍ക്കൈ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങള്‍ ക്രൂഡ്ഓയില്‍ ഉത്പാദനത്തില്‍ രംഗത്തുണ്ട്. ഇന്ത്യ പോലും എണ്ണ വാങ്ങലില്‍ ഗള്‍ഫ് ആശ്രയത്വം കുറച്ചിട്ടുണ്ട്. കരീബിയന്‍ ദ്വീപ് രാജ്യമായ ഗയാനയും ലാറ്റിനമേരിക്കന്‍ മേഖലയില്‍ ഇക്വഡോറും ബ്രസീലുമെല്ലാം കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്നു.
വിപണിയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നതില്‍ എണ്ണ വില്പനയില്‍ പല രാജ്യങ്ങളും ഡിസ്‌കൗണ്ടും അനുവദിക്കുന്നുണ്ട്. വിപണിയിലേക്ക് കൂടുതല്‍ വില്പനക്കാര്‍ വന്നതും ഉപഭോഗം പരിധിവിട്ട് ഉയരാത്തതും എണ്ണവിലയില്‍ പ്രതിഫലിക്കുന്നു. സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കൈയെടുത്ത് ആരംഭിച്ച ഒപെക് കൂട്ടായ്മയുടെ വിലപേശല്‍ ശക്തി കുറഞ്ഞു വരികയാണ്.
മുമ്പ് ഒപെക് എടുക്കുന്ന തീരുമാനങ്ങള്‍ അനുസരിച്ച് എണ്ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലൊരു മേധാവിത്വം വിലനിര്‍ണയത്തില്‍ ഒപെകിന് ലഭിക്കുന്നില്ല. ഒപെക്കിന് പുറത്തുള്ള രാജ്യങ്ങളുടെ വിപണി ഇടപെടലാണ് ഇതിനു കാരണം. കഴിഞ്ഞ വര്‍ഷം പല തവണ എണ്ണ ഉത്പാദനം കുറച്ച് വില ഉയര്‍ത്താന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ ശ്രമിച്ചിരുന്നു. പക്ഷേ, കാര്യമായ ഫലമുണ്ടായില്ല.
മുമ്പൊക്കെ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചുറച്ചാല്‍ എണ്ണവിപണിയെ സ്തംഭിക്കാന്‍ സാധിക്കുമായിരുന്നു. ഇനിയത് നടക്കില്ലെന്നാണ് ക്രൂഡ് മാര്‍ക്കറ്റിലെ മാറുന്ന സമവാക്യങ്ങള്‍ അടയാളപ്പെടുത്തുന്നത്.
സംഘര്‍ഷത്തിന് പിന്നാലെ 75 ഡോളറിന് മുകളിലേക്ക് വരെ നീങ്ങിയ ക്രൂഡ് വില ഇപ്പോള്‍ ചെറുതായി താഴ്ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് നിലവില്‍ 73 ഡോളറിലാണ് വ്യാപാരം. ഇറാനിലെ എണ്ണപ്പാടങ്ങളില്‍ തീ ഉയര്‍ന്നെങ്കില്‍ കടല്‍മാര്‍ഗമുള്ള എണ്ണ വിതരണത്തിന് ഇതുവരെ തടസം നേരിട്ടിട്ടില്ല. ഇതും വില വലിയ രീതിയില്‍ ഉയരാത്തതിന് കാരണമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine