മിസൈലുകള്‍ വീഴുന്നത് മിഡില്‍ഈസ്റ്റില്‍, കത്തുന്നത് ഇന്ത്യയുടെ പോക്കറ്റ്! ക്രൂഡ് ഓയില്‍ 100 ഡോളര്‍ കടക്കുമ്പോള്‍ കാത്തിരിക്കുന്നത് വിലക്കയറ്റം?

ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രം തയാറെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ യുദ്ധത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുകയും ചെയ്തു
മിസൈലുകള്‍ വീഴുന്നത് മിഡില്‍ഈസ്റ്റില്‍, കത്തുന്നത് ഇന്ത്യയുടെ പോക്കറ്റ്! ക്രൂഡ് ഓയില്‍ 100 ഡോളര്‍ കടക്കുമ്പോള്‍ കാത്തിരിക്കുന്നത് വിലക്കയറ്റം?
Published on

ഗള്‍ഫില്‍ ഓരോ മിസൈല്‍ വീഴുമ്പോഴും പ്രതിസന്ധിയിലാകുന്നത് ഇന്ത്യ എണ്ണക്കമ്പനികളാണ്. ക്രൂഡ് വാങ്ങാന്‍ ചെലവഴിക്കുന്ന തുക ഉയരുന്നത് രാജ്യത്തിന്റെ സാമ്പത്തികമേഖലയ്ക്കും ആഘാതമാകുന്നു. പശ്ചിമേഷ്യ വീണ്ടും തീവ്ര യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ ക്രൂഡ് വിലയും കത്തിക്കയറുകയാണ്. ബാരലിന് 100 ഡോളര്‍ പിന്നിട്ടു ക്രൂഡ്ഓയില്‍. യുദ്ധം കനത്താല്‍ ബാരലിന് 150 ഡോളറിലേക്ക് എത്താമെന്ന വിലയിരുത്തലുകളാണ് വിദഗ്ധരില്‍ നിന്ന് വരുന്നത്.

ക്രൂഡ് വില ഉയര്‍ന്ന നിലയില്‍ തുടര്‍ന്നാല്‍ ഡോളറിലുള്ള ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് ഗണ്യമായി വര്‍ധിക്കും. വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യത്തിലും സമ്മര്‍ദമുണ്ടാകും. ഇന്ധനം, ചരക്കുനീക്കം, വ്യോമയാനം, പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലൂടെ വിലക്കയറ്റം സമ്പദ്വ്യവസ്ഥയുടെ മറ്റ് മേഖലകളിലേക്കും വ്യാപിക്കും.

ഏപ്രില്‍-ജൂലൈ ഇറക്കുമതിച്ചെലവ് 56% ഉയര്‍ന്നു

പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (PPAC) കണക്കനുസരിച്ച് ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിച്ചെലവ് 56 ശതമാനത്തിലധികം വര്‍ധിച്ച് 6,340 കോടി ഡോളറായി. മുന്‍വര്‍ഷം സമാനകാലയളവില്‍ ഇത് 4,050 കോടി ഡോളര്‍ മാത്രമായിരുന്നു. അതേസമയം, ഇറക്കുമതി ചെയ്ത എണ്ണയുടെ അളവില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല.

നടപ്പു സാമ്പത്തികവര്‍ഷത്തിലെ ആദ്യ അഞ്ചുമാസം ഇന്ത്യ 8.19 കോടി ടണ്‍ ക്രൂഡ് ഇറക്കുമതി ചെയ്തു. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇറക്കുമതി 8.15 കോടി ടണ്ണായിരുന്നു. ഇറക്കുമതി അളവിലുണ്ടായ വര്‍ധനയേക്കാള്‍ അന്താരാഷ്ട്ര വിലക്കയറ്റമാണ് ബില്ലില്‍ പ്രതിഫലിച്ചത്.

രാജ്യത്ത് പെട്രോള്‍, ഡീസല്‍ ചില്ലറവില മൂന്നുമാസത്തിലേറെയായി മാറ്റമില്ലാതെ തുടരുകയാണ്. മേയ് 25നാണ് അവസാനം വില പരിഷ്‌കരിച്ചത്. അന്ന് പെട്രോളിന് ലിറ്ററിന് 2.61, ഡീസലിന് 2.71 രൂപ വര്‍ധിപ്പിച്ചിരുന്നു. മേയ് മാസത്തില്‍ നാല് ഘട്ടങ്ങളിലായി പെട്രോള്‍, ഡീസല്‍ വിലയില്‍ 7.35, 7.53 രൂപയുടെ വര്‍ധനയുണ്ടായി.

അന്ന് വില വര്‍ധിപ്പിച്ചതിന് ശേഷം എണ്ണവില തിരികെ 68 ഡോളര്‍ വരെ താഴ്ന്നിരുന്നു. ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രം തയാറെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ യുദ്ധത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുകയും ചെയ്തു. ഇതോടെ വില കുറയ്ക്കല്‍ നീട്ടിവച്ചു.

ഹോര്‍മുസ് കടലിടുക്ക് നിര്‍ണായകം

ലോകത്തിലെ പ്രതിദിന എണ്ണ-ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്നോളം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം കുത്തനെ കുറഞ്ഞതാണ് ആശങ്ക ശക്തമാക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണക്കയറ്റുമതി പ്രതിദിനം ഏകദേശം 1.8 കോടി ബാരലില്‍നിന്ന് 1.1 കോടി ബാരലായി കുറഞ്ഞു. സംഘര്‍ഷം ശക്തമാകുന്നത് ഗള്‍ഫില്‍ നിന്നുള്ള എണ്ണ വിതരണത്തെ ബാധിക്കും.

ആഗോള റിസര്‍ച്ച് കമ്പനിയായ വുഡ് മക്കെന്‍സിയുടെ വിലയിരുത്തലനുസരിച്ച് സംഘര്‍ഷം 2026 അവസാനംവരെ നീണ്ടുനിന്നാല്‍ നാലാം പാദത്തിലെ ആഗോള ക്രൂഡ് സംസ്‌കരണത്തില്‍ പ്രതിദിനം 14 ലക്ഷം ബാരലിന്റെ കുറവുണ്ടാകാം. ഏഷ്യയായിരിക്കും ഏറ്റവുമധികം ബാധിക്കപ്പെടുക. 2026ല്‍ ഏഷ്യ-പസഫിക് എണ്ണ ആവശ്യകത പ്രതിദിനം 12.4 ലക്ഷം ബാരല്‍ കുറയുമെന്നാണ് കണക്കാക്കുന്നത്. മേഖലയിലെ ആവശ്യകത 2027 അവസാനംവരെ സംഘര്‍ഷത്തിനു മുന്‍പുള്ള നിലയിലേക്ക് തിരിച്ചെത്താനിടയില്ല.

ഹോര്‍മുസ് പാതയെ ആശ്രയിക്കുന്ന വിപണികളിലെ എല്‍പിജി, നാഫ്ത തുടങ്ങിയ പെട്രോകെമിക്കല്‍ അസംസ്‌കൃത വസ്തുക്കളെയാണ് പ്രധാനമായും ബാധിച്ചത്. ഇന്ത്യ ഉള്‍പ്പെടെ മിഡില്‍ഈസ്റ്റിനെ ആശ്രയിച്ചിരുന്ന രാജ്യങ്ങള്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തിനു ശേഷം ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിയിരുന്നു.

ക്രൂഡ് വിലയിലെ താല്‍ക്കാലിക കുതിപ്പ് ഇന്ത്യയ്ക്ക് പരിമിതമായ ആഘാതമേ സൃഷ്ടിക്കൂ. എന്നാല്‍ വില ദീര്‍ഘകാലം ഉയര്‍ന്നുനിന്നാല്‍ ഇറക്കുമതിച്ചെലവ്, പണപ്പെരുപ്പം, കറന്റ് അക്കൗണ്ട് കമ്മി, രൂപയുടെ മൂല്യം എന്നിവയില്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാകും. ആഭ്യന്തര പെട്രോള്‍, ഡീസല്‍ വിലകളിലേക്ക് അന്താരാഷ്ട്ര വിലവര്‍ധന എത്രത്തോളം കൈമാറുമെന്നതും തുടര്‍ന്നുള്ള സാമ്പത്തിക ആഘാതം നിര്‍ണയിക്കും.

ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യ ഇപ്പോഴും വിദേശ എണ്ണയെ വലിയ തോതില്‍ ആശ്രയിക്കുകയാണ്. രാജ്യത്തെ മൊത്തം ക്രൂഡ് ഓയില്‍ ഉപഭോഗത്തിന്റെ 88.5 ശതമാനവും ഇറക്കുമതിയിലൂടെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ഇന്ത്യയുടെ ദ്രവീകൃത പ്രകൃതിവാതക (LNG) ഇറക്കുമതി ജൂലൈയില്‍ 1.5 ശതമാനം മാത്രം വര്‍ധിച്ച് 2,915 മില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്ററായി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com