ക്രൂഡ് ഓയില്‍ വില 2027ല്‍ വെറും $30 ഡോളര്‍; ഗള്‍ഫ് രാജ്യങ്ങള്‍ വന്‍ പ്രതിസന്ധിയിലാകും! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജെപി മോര്‍ഗന്‍

ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും എണ്ണ ഖനനത്തിനായി വലിയ പരിശ്രമങ്ങളാണ് നടത്തുന്നത്
mohammed bin salman and narendra modi
x.com/narendramodi
Published on

ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവിനാകും വരും വര്‍ഷങ്ങള്‍ സാക്ഷ്യയാകുകയെന്ന് ജെപി മോര്‍ഗന്റെ മുന്നറിയിപ്പ്. 2027 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ബാരലിന് 30 ഡോളര്‍ വരെ താഴെ പോയേക്കാമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്കുന്നു. ഉത്പാദനം വന്‍തോതില്‍ വര്‍ധിക്കുന്നതും അതിനനുസരിച്ച് ഡിമാന്‍ഡ് ഉയരാത്തതുമാണ് വില കുത്തനെ ഇടിയുന്നതിലേക്ക് നയിക്കുക.

ഒരുകാലത്ത് ലോകത്തെ എണ്ണ ഉത്പാദനത്തിന്റെ സിംഹഭാഗവും ഒപെക് രാജ്യങ്ങളുടെ കൈവശമായിരുന്നു. എന്നാല്‍ 2020നുശേഷം ഒപെക് ഇതര രാജ്യങ്ങള്‍ കൂടുതലായി എണ്ണ ഉത്പാദിപ്പിക്കാന്‍ തുടങ്ങി. കൂടുതല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എണ്ണ വിപണിയിലേക്ക് എത്തിക്കുന്നുണ്ട്. ഉപഭോഗത്തേക്കാള്‍ കൂടുതല്‍ എണ്ണ വിപണിയിലേക്ക് എത്തുന്ന ട്രെന്റാണ് ഇപ്പോഴുള്ളത്.

ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും എണ്ണ ഖനനത്തിനായി വലിയ പരിശ്രമങ്ങളാണ് നടത്തുന്നത്. ആന്‍ഡമാന്‍ കടലില്‍ എണ്ണ, പ്രകൃതിവാതകം ശേഖരം കണ്ടെത്തിയെന്ന് അടുത്തിടെ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കിയിരുന്നു. ഇന്ത്യയെ പോലെ നിരവധി രാജ്യങ്ങള്‍ എണ്ണ സ്വയംപര്യാപ്തയ്ക്കായുള്ള നീക്കങ്ങളുമായി രംഗത്തുണ്ട്. എണ്ണ ഉത്പാദക രാജ്യങ്ങളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണിത്.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി

ആഗോള തലത്തില്‍ എണ്ണവില കുറയുന്നത് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളെയും അവിടെയുള്ള പ്രവാസികളെയുമാണ്. ഗള്‍ഫ് രാജ്യങ്ങളുടെ നിലനില്‍പ്പ് തന്നെ എണ്ണപ്പണത്തില്‍ നിന്നാണ്. ക്രൂഡ്ഓയില്‍ വില 60 ഡോളറിലേക്ക് വീണത് തന്നെ ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങള്‍ക്കും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

എണ്ണയില്‍ നിന്നുള്ള വരുമാനത്തെ ഒരുപരിധിയില്‍ കൂടുതല്‍ ആശ്രയിക്കാനാകില്ലെന്ന തിരിച്ചറിവിലാണ് സൗദി അറേബ്യ ടൂറിസത്തിനും ഐടിക്കും കൂടുതല്‍ പ്രാധാന്യം നല്കി കൊണ്ടുള്ള പദ്ധതികളുമായി മുന്നോട്ടു പോകുന്നത്.

2025ല്‍ എണ്ണ ഡിമാന്‍ഡില്‍ 0.9 മില്യണ്‍ ബാരലിന്റെ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 2027ല്‍ 1.2 മില്യണ്‍ ബാരല്‍ ഡിമാന്‍ഡ് ഉയരും. ഉത്പാദനത്തേക്കാള്‍ കുറഞ്ഞ വേഗത്തിലാണ് ഡിമാന്‍ഡ് ഉയരുന്നത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ അളവില്‍ വിപണിയിലേക്ക് എണ്ണ ഒഴുകുകയാണ്. ഇത് പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളുടെ വിലപേശല്‍ ശേഷിയെ തളര്‍ത്തുന്നു.

സമീപകാലത്ത് എണ്ണ ഇറക്കുമതി ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയായിരുന്നില്ല. യുഎസിന്റെ ഉപരോധ സമ്മര്‍ദം ഒരുവശത്ത് ശക്തമായിരുന്നെങ്കിലും കുറഞ്ഞ വിലയില്‍ ക്രൂഡ് വാങ്ങിക്കൂട്ടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. തന്ത്രപരമായ കൂട്ടുകെട്ടുകളിലൂടെ കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങാനുള്ള ഇന്ത്യന്‍ ആഗ്രഹങ്ങള്‍ തുടരാമെന്ന സൂചനയാണ് ജെപി മോര്‍ഗനും നല്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com