

ആഗോള തലത്തില്‍ ഡിമാന്‍ഡ് വലിയ തോതില്‍ ഉയരാതിരുന്നിട്ടും ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. സമീപകാലത്ത് രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷ കാരണമല്ലാതെ വില കുതിക്കുന്നത് ആദ്യമായിട്ടാണ്. ബ്രെന്റ് ക്രൂഡ് ഉള്‍പ്പെടെയുള്ളവയുടെ വില 70 ഡോളര്‍ പിന്നിട്ടു. യു.എസില്‍ നിന്നുള്ള ക്രൂഡ് വരവ് കുറഞ്ഞതാണ് വില ഉയരാനുള്ള കാരണങ്ങളിലൊന്ന്.
റഷ്യ, ഇറാന്‍, വെനസ്വേല തുടങ്ങിയ രാജ്യങ്ങളുടെ എണ്ണ വാങ്ങുന്നതിനെതിരേ യു.എസിന്റെ ഉപരോധം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയും ചൈനയും പോലെ ചുരുക്കം ചില രാജ്യങ്ങളാണ് ഉപരോധം മറികടന്ന് എണ്ണ വാങ്ങുന്നത്. റഷ്യന്‍ എണ്ണയ്ക്കുമേലുള്ള ഉപരോധം യു.എസും പാശ്ചാത്യ ലോകവും കടുപ്പിച്ചിട്ടുണ്ട്. എണ്ണ കൊണ്ടുവരുന്ന കപ്പലുകള്‍ക്കു മേല്‍ ഉപരോധം ശക്തിപ്പെടുത്തിയതോടെ ആവശ്യത്തിന് ചരക്കു മാര്‍ഗങ്ങള്‍ ലഭ്യമല്ല.
ഇത്തരമൊരു അവസ്ഥയില്‍ കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് സാധിക്കാതെ വരുന്നു. യുക്രെയ്ന്‍ റഷ്യയിലെ റിഫൈനറികള്‍ക്കു നേരെ തുടര്‍ച്ചയായി ആക്രമണം നടത്തുന്നതും എണ്ണലഭ്യതയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ക്രൂഡ് വില 80 ഡോളര്‍ കടന്നു പോയാല്‍ ഇന്ത്യയെ സംബന്ധിച്ച് അത് വലിയ തിരിച്ചടിയാണ്. എണ്ണ വില കുറഞ്ഞു നില്‍ക്കുന്നതാണ് പണപ്പെരുപ്പം ഉള്‍പ്പെടെ പിടിച്ചുനിര്‍ത്തുന്നത്. ക്രൂഡ് വില പരിധിവിട്ട് ഉയര്‍ന്നാല്‍ ഇന്ധന വില കൂട്ടാന്‍ നിര്‍ബന്ധിതമാകും. ഇത് മൊത്തത്തിലുള്ള വിലവര്‍ധനവിലേക്ക് നയിക്കും.
ലാറ്റിനമേരിക്കന്‍, കരീബിയന്‍ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യ സമീപകാലത്ത് കരാറുകള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കൊണ്ടുവരല്‍ കൂടുതല്‍ ചെലവേറിയതാണ്. 80 ഡോളറിന് മുകളിലേക്ക് വില ഉയര്‍ന്നാല്‍ ഇറക്കുമതി കൂടുതല്‍ ചെലവേറിയതാകും.
റഷ്യയ്ക്കുമേല്‍ സമ്മര്‍ദം ശക്തമാക്കുകയാണ് യു.എസ്. റഷ്യന്‍ എണ്ണ വാങ്ങുന്ന കമ്പനികളെ വിലക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഒക്ടോബര്‍ പകുതിയോടെ എണ്ണവില 80 ഡോളറിലേക്ക് എത്തിക്കാന്‍ ട്രംപിന്റെ കൈവിട്ട കളി ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എണ്ണവില ഉയര്‍ന്നാല്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഉയരാന്‍ ഇടയാക്കും. രാജ്യവ്യാപകമായി അവശ്യസാധന വിലവര്‍ധനയ്ക്കും ഇതു വഴിയൊരുക്കും. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും എണ്ണ സാധ്യതകള്‍ കണ്ടറിഞ്ഞ് ഇന്ത്യ മുന്‍കൂര്‍ നീക്കം നടത്തിയെങ്കിലും റഷ്യന്‍ എണ്ണ പോലെ ഇത്രയും ഡിസ്‌കൗണ്ടില്‍ മറ്റൊരിടത്തു നിന്നും എണ്ണ ലഭിക്കില്ലെന്നതാണ് സത്യം. മോദി സര്‍ക്കാരിനെ സംബന്ധിച്ച് മറ്റൊരു വെല്ലുവിളി കൂടിയാണ് ഉയര്‍ന്നു വരുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine