ഇന്ത്യയ്ക്ക് യു.എസ് 'ചെക്ക്', ക്രൂഡ്ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍; ഇന്ത്യയ്ക്ക് ആശങ്കയും പ്രതീക്ഷയും

ക്രൂഡ്ഓയില്‍ വില 60 ഡോളറില്‍ താഴ്ന്നാല്‍ മാത്രമേ ഇന്ധനവില കുറയ്ക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാന്‍ സാധ്യതയുള്ളൂ. റഷ്യയില്‍ നിന്നുള്ള എണ്ണവിലയിലെ ഡിസ്‌കൗണ്ട് അടുത്തകാലത്ത് കുറഞ്ഞിരുന്നു
mohammed bin salman and narendra modi
x.com/narendramodi
Published on

ആഗോള തലത്തില്‍ എണ്ണവില കുറയുന്നതിനിടെ ക്രൂഡ്ഓയില്‍ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസിന്റെ നിര്‍ണായക യോഗം ഇന്ന്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷ സമയത്ത് 10 ശതമാനത്തിലധികം ഉയര്‍ന്ന ക്രൂഡ് വില പിന്നീട് താഴുകയായിരുന്നു. നിലവില്‍ ക്രൂഡ് വില 67 ഡോളറിലാണ്.

ഓഗസ്റ്റില്‍ ഉത്പാദനം ഉയര്‍ത്താന്‍ യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. കൂടുതല്‍ എണ്ണ വിപണിയിലേക്ക് എത്തിയാല്‍ വില ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്. ഇന്ത്യയെയും ചൈനയെയും പോലെ എണ്ണ ഉപയോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് തീരുമാനം ഗുണം ചെയ്യും.

ഒപെക് പ്ലസ് ഇതര രാജ്യങ്ങളിലും എണ്ണ ഉത്പാദനം കൂടിയതോടെ എണ്ണവിലയിലെ മേധാവിത്വം സംഘടനയ്ക്ക് നഷ്ടപ്പെട്ടിരുന്നു. മുമ്പ് ഒപെക് എടുക്കുന്ന തീരുമാനങ്ങള്‍ക്ക് അനുസരിച്ചായിരുന്നു എണ്ണവിലയില്‍ മാറ്റങ്ങളുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി. പ്രതിദിന ഉത്പാദനത്തില്‍ 4 ലക്ഷം ബാരല്‍ വര്‍ധന വരുത്താനാണ് ഒപെക് രാജ്യങ്ങളുടെ തീരുമാനമെന്ന് വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പെട്രോള്‍, ഡീസല്‍വില കുറയുമോ?

ക്രൂഡ്ഓയില്‍ വില 60 ഡോളറില്‍ താഴ്ന്നാല്‍ മാത്രമേ ഇന്ധനവില കുറയ്ക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാന്‍ സാധ്യതയുള്ളൂ. റഷ്യയില്‍ നിന്നുള്ള എണ്ണവിലയിലെ ഡിസ്‌കൗണ്ട് അടുത്തകാലത്ത് കുറഞ്ഞിരുന്നു. മാത്രമല്ല, റഷ്യയുമായുള്ള ഇടപാട് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യു.എസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

വരും മാസങ്ങളില്‍ റഷ്യന്‍ എണ്ണയുടെ വരവ് കുറയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രം മുതിര്‍ന്നേക്കില്ല. എണ്ണവില ബാരലിന് 60 ഡോളറില്‍ താഴേക്ക് പോകാനും സാധ്യത കുറവാണ്. ഫലത്തില്‍ അന്താരാഷ്ട്ര തലത്തിലെ അനുകൂലാവസ്ഥയുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കാനിടയില്ല.

അതേസമയം, യുക്രൈനില്‍ മൂന്നുവര്‍ഷത്തിലേറെയായി യുദ്ധംനടത്തുന്ന റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്ക് വമ്പന്‍ നികുതിചുമത്താനാണ് യുഎസ് നീക്കം. ഇന്ത്യയും ചൈനയുമാണ് റഷ്യന്‍ എണ്ണയുടെ 70 ശതമാനവും വാങ്ങുന്നത്. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് തടയാന്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com