

ഇന്ത്യയിലെ മുന്‍നിര ക്രിപ്‌റ്റോ കമ്പനിയായ കോയിന്‍ഡിസിഎക്‌സില്‍ (CoinDCX) അതിഗുരുതര സുരക്ഷാവീഴ്ച്ച. തങ്ങളുടെ കൈവശമുണ്ടായിരുന്ന 368 കോടി രൂപ ഹാക്കിംഗില്‍ നഷ്ടപ്പെട്ടതായി കമ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു സംഭവം. കമ്പനിയുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്ന അക്കൗണ്ടില്‍ നിന്നാണ് ചോര്‍ച്ചയെന്നും ഉപയോക്താക്കളെ ബാധിക്കില്ലെന്നുമാണ് കമ്പനിയുടെ അവകാശവാദം.
ഹാക്കിംഗ് നടന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ കോയിന്‍ഡിസിഎക്‌സിലെ വാലറ്റുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഉപയോക്താക്കളുടെ തിരക്കായിരുന്നു. അപേക്ഷകളുടെ കുത്തൊഴുക്കില്‍ കമ്പനിയുടെ സെര്‍വര്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു.
ക്രിപ്റ്റോകറന്‍സി നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന സംഭവമാണ് കോയിന്‍ഡിസിഎക്‌സില്‍ ഉണ്ടായതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്നും മുംബൈ ആസ്ഥാനമായ കമ്പനിയുടെ സഹസ്ഥാപകന്‍ സുമിത് ഗുപ്ത വ്യക്തമാക്കിയിട്ടുണ്ട്.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ക്രിപ്‌റ്റോകളില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഇതെല്ലാം എത്രമാത്രം സുരക്ഷിതമാണെന്ന ചോദ്യമുയര്‍ത്തുന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത. ഇതാദ്യമായല്ല ഇന്ത്യന്‍ ക്രിപ്‌റ്റോ കമ്പനികളില്‍ ഹാക്കിംഗ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം വസീര്‍എക്‌സ് എന്ന ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമിന് 1,965 കോടി രൂപ നഷ്ടപ്പെട്ടിരുന്നു. ഇന്ത്യയില്‍ നടന്നതില്‍ വച്ചേറ്റവും വലിയ ഹാക്കിംഗ് ആയിരുന്നു ഇത്.
ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയും കമ്പ്യൂട്ടര്‍ കോഡുകളും മറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ഡിജിറ്റല്‍/വിര്‍ച്വല്‍ സാങ്കല്പിക കറന്‍സികളാണ് ക്രിപ്‌റ്റോകറന്‍സികള്‍. ലോകത്താകെ ആയിരത്തിലധികം ക്രിപ്‌റ്റോകറന്‍സികളുണ്ടെന്നാണ് കരുതുന്നത്. ചില രാജ്യങ്ങള്‍ കറന്‍സികള്‍ പോലെതന്നെ ക്രിപ്‌റ്റോകറന്‍സികളും ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്.
നിക്ഷേപമാര്‍ഗമായാണ് കൂടുതല്‍ പേരും ക്രിപ്‌റ്റോകറന്‍സിയെ കാണുന്നത്. അതേസമയം, നിയന്ത്രണ ഏജന്‍സികളില്ലെന്നതാണ് ക്രിപ്‌റ്റോകറന്‍സികളുടെ പ്രധാന ന്യൂനത. രൂപയെയും ഇന്ത്യന്‍ ധനകാര്യമേഖലയെയും നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കുള്ളത് പോലെ ഒരു നിയന്ത്രണ അതോറിറ്റി ക്രിപ്‌റ്റോകള്‍ക്കില്ല.
Read DhanamOnline in English
Subscribe to Dhanam Magazine