ക്രിപ്​റ്റോ കറൻസി ഇന്ത്യയിൽ വരുമോ? റിസർവ് ബാങ്ക് ഗവർണറുടെ വാക്കുകളിൽ എല്ലാമുണ്ട്

‘‘എന്റെ അഭിപ്രായത്തിൽ നമ്മുടെ സാമ്പത്തിക സംവിധാനത്തെ ഭരിക്കാൻ​ ​ക്രിപ്റ്റോ കറൻസിയെ അനുവദിച്ചു കൂടാ. സാമ്പത്തിക ഭദ്രതയുടെ വലിയ അപകടങ്ങൾ അതിൽ ഉണ്ടെന്നതു തന്നെ കാരണം. ബാങ്കിംഗ് സംവിധാനത്തിനും അത് അപകടം ചെയ്യും. സമ്പദ്‍വ്യവസ്ഥയിലെ ധനവിനിമയത്തിൽ റിസർവ് ബാങ്കിനുള്ള നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും വരാം. ധനവിനിമയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാൽ സമ്പദ്‍രംഗത്തെ പണലഭ്യത റിസർവ് ബാങ്ക് എങ്ങനെ നിരീക്ഷിക്കും? പണപ്പെരുപ്പം എങ്ങനെ നിയന്ത്രിക്കും? അതുകൊണ്ട് ക്രിപ്റ്റോ കറൻസി വലിയ അപകടമാണ് എന്നാണ് റിസർവ് ബാങ്ക് കാണുന്നത്. ഇക്കാര്യത്തിൽ അന്താരാഷ്​ട്ര തലത്തിൽ ​പൊതുധാരണ രൂപപ്പെടുകയും​ വേണം. കാരണം, ഈ ഇടപാടുകൾ അന്താരാഷ്ട്ര തലത്തിലാണ് നടക്കുന്നത്. ക്രിപ്റ്റോ കറൻസിയുടെ വലിയ അപകടം എല്ലാവരും കണക്കിലെടുക്കണം. ഈ കാഴ്ചപ്പാടിന് ഒരുപക്ഷേ, വലിയ പ്രചാരമൊന്നും ഉണ്ടാവില്ല. പക്ഷേ, സാമ്പത്തിക ഭദ്രതയുടെ സൂക്ഷിപ്പുകാർ എന്ന നിലക്ക് ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകളുടെ പ്രധാന ഉത്കണ്ഠാ വിഷയമാണിത്. ക്രിപ്റ്റോ കറൻസിയുടെ അപകടം ഭരണകൂടങ്ങൾക്കും കൂടുതലായി ബോധ്യപ്പെട്ടു വരുന്നുണ്ട്.
ക്രിപ്റ്റോ കറൻസിയിൽ സംശയം ഉന്നയിച്ച ആദ്യ രാജ്യമാണ് ഇന്ത്യ. ക്രിപ്റ്റോ സംവിധാനത്തെ എങ്ങനെ നേരിടണമെന്ന് ഇന്ത്യ അധ്യക്ഷത വഹിച്ച ജി-20 ചർച്ച ചെയ്തിരുന്നു. ഇക്കാര്യത്തിൽ ചില നീക്കങ്ങൾ ഉണ്ടാവുകയും ചെയ്തു. എന്നാൽ ഇനിയും കൂടുതൽ ചെയ്യേണ്ടിയിരിക്കുന്നു. ക്രിപ്റ്റോ കറൻസി എവിടെ നിന്നു വരുന്നുവെന്ന് നാം ആദ്യം മനസിലാക്കണം. നിലവിലുള്ള സംവിധാനങ്ങളെ മറികടക്കാനാണ് അത് വന്നത്. പണത്തിന്റേതായ എല്ലാം​ ക്രിപ്റ്റോ കറൻസികളിലുണ്ട്. ക്രിപ്റ്റോ കറൻസികൾ സ്വകാര്യമായി പ്രചരിപ്പിക്കുന്നത് കേന്ദ്ര ബാങ്കുകൾക്കും ഭരണകൂടങ്ങൾക്കും അംഗീകരിക്കാവുന്നതാണോ എന്നതാണ് കാതലായ ചോദ്യം. കറൻസി പുറത്തിറക്കുന്നത് ഭരണകൂടത്തിന്റെ പരമാധികാര പ്രവർത്തനത്തിൽ ഉൾപ്പെട്ട കാര്യമാണ്. അതിനിടയിൽ കറൻസിയുടെ എല്ലാ സ്വഭാവവുമുള്ള സമാന്തര സംവിധാനത്തെ അംഗീകരിക്കാനാവില്ല. നമ്മു​ടെ സമ്പദ്‍വ്യവസ്ഥയിൽ ഒരു ഭാഗത്ത് ക്രിപ്റ്റോ മേധാവിത്തം നേടിയാൽ റിസർവ് ബാങ്കിന് പണമിടപാടു രംഗത്ത് നിയന്ത്രണം നഷ്ടപ്പെടും. വലിയ അപകടം അതിൽ അടങ്ങിയിരിക്കുന്നു. ഇന്ത്യയിൽ സൂക്ഷ്മതയോടെ കൈകാര്യം​ ചെയ്യാനാണ് തീരുമാനം.’’
Related Articles
Next Story
Videos
Share it