

ഇന്ത്യന്‍ ഫിറ്റന്‌സ് ആന്‍ഡ് വെല്‍നസ് പ്ലാറ്റ്‌ഫോമായ കള്‍ട്ട്.ഫിറ്റ് (Cult.fit) പ്രാഥമിക പൊതു ഓഹരി വില്പനയ്ക്ക്. ഇതിനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) അപേക്ഷ നല്കി. ഓഫര്‍ ഫോര്‍ സെയിലിലൂടെയും (OFS) പുതിയ ഓഹരികളുടെ (Fresh issue) വില്പനയിലൂടെയും 950 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
ബെംഗളൂരു ആസ്ഥാനമായ കമ്പനി നേരത്തെ Curefit Healthcare എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 2026 സാമ്പത്തികവര്‍ഷം 36.3 ശതമാനം നേട്ടത്തോടെ 1,720.6 കോടി രൂപയാണ് വരുമാനം നേടിയത്. തൊട്ടു മുന്‍വര്‍ഷമിത് 1,262.9 കോടി രൂപയായിരുന്നു.
കമ്പനിയുടെ ലാഭക്ഷമതയിലും വലിയ പുരോഗതിയുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തില്‍ -2.76 ശതമാനമായിരുന്ന അഡ്ജസ്റ്റഡ് എബിറ്റ്ഡ (EBITDA) മാര്‍ജിന്‍ 2026ല്‍ 8.41 ശതമാനമായി ഉയര്‍ന്നു.
പുതിയ ഓഹരി വില്‍പനയിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും കമ്പനിയുടെ കടങ്ങള്‍ വീട്ടുന്നതിനും 'കള്‍ട്ട് എലൈറ്റ്' (Cult Elite), 'കള്‍ട്ട് നിയോ' (Cult Neo) ഫിറ്റ്നസ് സെന്ററുകളുടെ ശൃംഖല വിപുലീകരിക്കുന്നതിനുമാണ് ഉപയോഗിക്കുക. അനുബന്ധ കമ്പനിയായ 'കള്‍ട്ട്സ്പോര്‍ട്ടി'ല്‍ (Cultsport) നിക്ഷേപം നടത്തി പുതിയ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റുകള്‍ തുറക്കാനും ബ്രാന്‍ഡിംഗിനുമായും സമാഹരിക്കുന്ന തുക ഉപയോഗിക്കും.
നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ഫിറ്റ്നസ് ശൃംഖലയാണ് കള്‍ട്ട്.ഫിറ്റ്. 2026 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 77 നഗരങ്ങളിലായി 708 ഫിറ്റ്നസ് സെന്ററുകള്‍ കമ്പനിക്കുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് 9.9 ലക്ഷത്തോളം പെയ്ഡ് മെംബര്‍മാരുണ്ടായിരുന്നു. ഇക്കാലയളവില്‍ 42.3 ലക്ഷം ഫിറ്റ്നസ് ഉത്പന്നങ്ങളാണ് കമ്പനി വിറ്റഴിച്ചത്.
കമ്പനിയുടെ വരുമാനത്തിന്റെ 70 ശതമാനവും ഫിറ്റ്നസ് സേവനങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. ബാക്കി 30 ശതമാനം സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍, ഫിറ്റ്നസ് ഉപകരണങ്ങള്‍, ആക്സസറികള്‍ എന്നിവ വില്‍ക്കുന്ന കള്‍ട്ട്സ്പോര്‍ട്ട് (Cultsport) ബ്രാന്‍ഡില്‍ നിന്നാണ്.
രാജ്യത്തെ ഫിറ്റ്നസ് സേവന വിപണി വലിയ വളര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. 2025ല്‍ ഏകദേശം 25,600 കോടി രൂപയായിരുന്നു ഈ വിപണി. 2030ഓടെ 48,700-53,100 കോടി രൂപയായി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
2016ല്‍ മിന്ത്ര സഹസ്ഥാപകന്‍ മുകേഷ് ബന്‍സാലും അങ്കിത് നാഗോരിയും ചേര്‍ന്നാണ് കള്‍ട്ട്.ഫിറ്റിന് തുടക്കമിടുന്നത്. നിലവില്‍ 14,000 കോടി രൂപയുടെ മൂല്യമാണ് കമ്പനിക്ക് കണക്കാക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine