

ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ച വാഹനങ്ങള്‍ അനധികൃതമായി ഇന്ത്യയിലേക്ക് കടത്തി രജിസ്റ്റര്‍ ചെയ്ത് വിറ്റഴിച്ച കേസില്‍ ചലച്ചിത്ര താരങ്ങളുടെ വീടുകളിലും ഓഫീസിലും കസ്റ്റംസ് റെയ്ഡ്. കസ്റ്റംസ് രാജ്യവ്യാപകമായി നടത്തുന്ന റെയ്ഡിന്റെ ഭാഗമായാണ് ഇരുവരുടെയും വീടുകളില്‍ പരിശോധന നടത്തിയത്. ചില നിര്‍ണായക രേഖകള്‍ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.
പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ കൂടാതെ ചില വ്യവസായികളുടെയും ഇടനിലക്കാരുടെയും വീടുകളിലും വാഹന ഷോറൂമുകളിലും പരിശോധന നടക്കുന്നുണ്ട്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലെ 30ലേറെ കേന്ദ്രങ്ങളില്‍ ഒരേ സമയത്തായിരുന്നു റെയ്ഡ്.
കാലപ്പഴക്കവും മറ്റ് പ്രശ്‌നങ്ങളും മൂലം ഭൂട്ടാന്‍ പട്ടാളം 150ലേറെ വാഹനങ്ങളാണ് ഒരുമിച്ച് വിറ്റഴിച്ചത്. അഞ്ച് ലക്ഷം രൂപയില്‍ താഴെ വാങ്ങിയാണ് ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍, മഹീന്ദ്ര-ടാറ്റ ട്രക്കുകള്‍ എന്നിവ ഭൂട്ടാന്‍ വിറ്റൊഴിവാക്കിയത്.
ഈ വാഹനങ്ങള്‍ ഹിമാചല്‍പ്രദേശിലെ എച്ച്പി-52 ല്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ എത്തിച്ച് വില്ക്കുകയായിരുന്നു. കേരളത്തിലെത്തിച്ച വാഹനങ്ങള്‍ പലതും റീരജിസ്റ്റര്‍ ചെയ്ത് കെഎല്‍ നമ്പറുകളാക്കിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 40 ലക്ഷം രൂപയ്ക്കുവരെ ഇത്തരം വാഹനങ്ങള്‍ വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
നികുതി വെട്ടിച്ച് കേരളത്തില്‍ 200ലേറെ വാഹനങ്ങള്‍ വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാഹനങ്ങള്‍ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് പിടിച്ചെടുക്കുമെന്നാണ് സൂചന. കേരള മോട്ടോര്‍ വാഹന വകുപ്പിനോട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.
ഉയര്‍ന്ന നികുതിയില്‍ നിന്ന് ഒഴിവാകാനായി പുതുച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിന് കേന്ദ്രമന്ത്രിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി, അഭിനേതാക്കളായ ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവര്‍ക്കെതിരേ 2019ല്‍ കേസെടുത്തിരുന്നു. ഈ കേസില്‍ സുരേഷ് ഗോപിയെയും ഫഹദിനെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine