

സ്വര്‍ണം കടത്തിയ രീതി കണ്ട് കസ്റ്റംസ് പോലും ഞെട്ടി! സൗദി അറേബ്യയിലെ റിയാദില്‍ നിന്നും ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്റെ കയ്യില്‍ നിന്നും പിടികൂടിയത് 23 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം. അതും ടൈഗര്‍ ബാമിലും നിവിയ ക്രീമിലും സ്വര്‍ണ തകിടുകളായി ഒളിപ്പിച്ച നിലയില്‍.
കഴിഞ്ഞ ദിവസമാണ് സംഭവം. പതിവ് നിരീക്ഷണത്തിനിടെ സംശയം തോന്നിയ യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് 318 ഗ്രാം തൂക്കം വരുന്ന 18 സ്വര്‍ണ തകിടുകള്‍ കണ്ടെത്തി. 4 നിവിയ ക്രീമുകളിലും 10 ടൈഗര്‍ ബാം കുപ്പിയിലുമാണ് ഇവ ഒളിപ്പിച്ചിരുന്നത്. നിറം പുറത്ത് അറിയാതിരിക്കാന്‍ റീനിയം (Rhenium) എന്ന മൂലകം കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം.23 ലക്ഷത്തിലധികം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. 1962ലെ കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ വിവിധ നിയമങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഇതിന് പുറമെ ഭാരതീയ ന്യായ സംഹിത അനുസരിച്ചുള്ള നിയമനടപടികളും നേരിടേണ്ടി വരും.
ഇതിന് പുറമെ സ്‌കൂഡ്രൈവറിന്റെ രൂപത്തില്‍, അച്ചാര്‍ കുപ്പിയില്‍, ട്രോളി ബാഗിന്റെ ലോഹഭാഗങ്ങളില്‍, ഇസ്തിരിപ്പെട്ടിയില്‍, വസ്ത്രത്തിലെ ബട്ടണിന്റെ രൂപത്തില്‍, മിഠായിക്കുള്ളില്‍, ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിലൊക്കെയാണ് കടത്തുകാര്‍ സ്വര്‍ണം ഒളിപ്പിക്കുന്നത്. ഐഡിയക്ക് മാത്രം ഒരു കുറവുമില്ല. സ്വര്‍ണത്തിന്റെ നികുതി കുറച്ചതോടെ അനാകര്‍ഷകമായി മാറുമെന്ന് കരുതിയ സ്വര്‍ണകടത്ത് ഇപ്പോഴും രാജ്യത്ത് തുടരുന്നു. നിയമ വിരുദ്ധമാണെന്നതിനൊപ്പം രാജ്യത്തെ സാമ്പത്തിക സ്ഥിതിക്ക് തന്നെ ദോഷകരമാണ് ഇത്തരം പ്രവര്‍ത്തികളെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine