വ്യാജ കമ്പനികള്‍, വ്യാജ പെയ്‌മെന്റ് ആപ്പുകള്‍; സൈബര്‍ തട്ടിപ്പിന് പുതിയ മുഖങ്ങള്‍
ബാങ്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തും വ്യാജ സന്ദേശങ്ങള്‍ അയച്ചും പണം തട്ടുന്ന സൈബര്‍ ക്രിമിനലുകള്‍ തട്ടിപ്പിന്റെ പുതിയ മേഖലകളിലേക്ക് കടക്കുന്നു. വ്യാജ കമ്പനികളും വ്യാജ ഓണ്‍ലൈന്‍ പെയ്‌മെന്റ് ആപ്പുകളും ഉണ്ടാക്കുന്നതാണ് തട്ടിപ്പിന്റെ പുതിയ മുഖം. ഗുജറാത്തിലും ആന്ധ്രപ്രദേശിലും അടുത്തിടെ പോലീസ് നടത്തിയ പരിശോധനകളിലാണ് ഇത് കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ടുകളില്‍ ഏറെയും വ്യാജ സ്‌റ്റോക്ക് ട്രേഡിംഗ് കമ്പനികള്‍, ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികള്‍, ചൂതാട്ട കമ്പനികള്‍ എന്നിവയുടെ പേരിലാണ്. ഇന്ത്യയിലാണ് ഇത്തരം വ്യാജ കമ്പനികളുടെ അക്കൗണ്ടുകളെങ്കിലും ഇത് നിയന്ത്രിക്കുന്നത് വിദേശ രാജ്യങ്ങളില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വ്യാജ മൊബൈല്‍ ആപ്പുകള്‍
പണമിടപാടുകള്‍ നടത്താനെന്ന പേരില്‍ നിരവധി വ്യാജ ഓണ്‍ലൈന്‍ പെയ്‌മെന്റ് ആപ്പുകളും സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പീസ് പേ, ആര്‍ടിഎക്‌സ് പേ, പോക്കോ പേ, ആര്‍.പി.പി പേ തുടങ്ങിയവ ഇത്തരം വ്യാജ പെയ്‌മെന്റ് ആപ്പുകളാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ടെലഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വ്യക്തികളെ കൊണ്ട് ഈ ആപ്പുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. കള്ളപ്പണ ഇടപാടുകള്‍ക്കും ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
വാടകക്കെടുക്കുന്ന അക്കൗണ്ടുകള്‍
ചില തട്ടിപ്പ് സംഘങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ വാടകക്കെടുത്ത് തട്ടിപ്പ് നടത്തുന്നതായും കണ്ടെത്തി. ഇന്ത്യയില്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള കമ്പനികളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഉദ്യം ആധാര്‍ രജിസ്‌ട്രേഷന്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയ രേഖകള്‍ ഇവര്‍ പണം നല്‍കി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ അക്കൗണ്ടുകള്‍ വാടകക്ക് കൊടുക്കുന്നത് രജിസ്‌ട്രേഷന്‍ എടുത്ത കമ്പനിക്കെതിരെ നിയമനടപടികള്‍ ക്ഷണിച്ചു വരുത്തുമെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്റര്‍ വ്യക്തമാക്കി. അക്കൗണ്ടുകളില്‍ നടക്കുന്ന അസാധാരണമായ ഇടപാടുകള്‍ ബാങ്കുകള്‍ നിരീക്ഷിക്കണമെന്നും സെന്റര്‍ ആവശ്യപ്പെട്ടു.