

കേരളം ഡാറ്റാധിഷ്ഠിത ഭരണനിര്‍വഹണത്തിന് ഒരുങ്ങുകയാണെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആവശ്യമായ ഡാഷ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി വി.ഡി. സതീശന്‍. സൈബര്‍ സുരക്ഷിതമായ ഭരണസൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിലും വിവരങ്ങള്‍ സംരക്ഷിക്കുന്നതിലും സൈബര്‍ഷെല്‍ട്ടര്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈബര്‍ഷെല്‍ട്ടറിന്റെ ഗ്ലോബല്‍ ഡെലിവറി സെന്ററും (ജിഡിസി) സൈബര്‍ സെക്യൂരിറ്റി സെന്റര്‍ ഓഫ് എക്‌സലന്‍സും (സിഒഇ) കാക്കനാട് സ്മാര്‍ട്ട്‌സിറ്റിയിലെ ലുലു ഐടി ട്വിന്‍ ടവേഴ്‌സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ഷെല്‍ട്ടറിന് ഇന്ത്യയിലും ശക്തമായ സാന്നിധ്യമുണ്ട്. ബാങ്കിങ്, ഗവേണന്‍സ്, ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളിലായി 700-ലധികം വന്‍കിട പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള കമ്പനിക്ക് ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി നൂറിലധികം മുന്‍നിര കോര്‍പറേറ്റ് ഉപഭോക്താക്കളുണ്ട്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ സൈബര്‍ ഡിഫന്‍സ് സെന്റര്‍, സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍, എഐ അധിഷ്ഠിത ജിആര്‍സി പ്ലാറ്റ്ഫോമുകള്‍, വിഎപിടി ശേഷികള്‍, അഡ്വാന്‍സ്ഡ് ത്രെറ്റ് ഇന്റലിജന്‍സ് യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കൊച്ചിയിലെ പുതിയ കേന്ദ്രം. സൈബര്‍ സുരക്ഷാ ഗവേഷണ ലാബുകള്‍, ഉല്‍പന്ന വികസന കേന്ദ്രങ്ങള്‍, വിദഗ്ധ സംഘങ്ങള്‍ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
കേരളത്തിലെ വലിയൊരു വിഭാഗം പ്രൊഫഷണലുകളെ കണ്ടെത്തി പരിശീലിപ്പിച്ച് ആഗോള സൈബര്‍ സുരക്ഷാ വിപണിയുമായി ബന്ധിപ്പിക്കാനും, സംസ്ഥാനത്തെ അന്താരാഷ്ട്ര സൈബര്‍ പ്രതിരോധ കേന്ദ്രമാക്കി മാറ്റാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സൈബര്‍ഷെല്‍ട്ടര്‍ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ ഇല്ല്യാസ് കൂളിയങ്കല്‍ പറഞ്ഞു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 200 മുതല്‍ 500 വരെ നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതി. ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ ലഭിക്കുന്ന സ്വീകാര്യത അനുസരിച്ച് ഇത് ആയിരങ്ങളിലേക്ക് വളരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഉമാ തോമസ് എംഎല്‍എ, സംസ്ഥാന ഐടി സെക്രട്ടറി ശ്രീറാം സംബശിവ റാവു, സൈബര്‍ഷെല്‍ട്ടര്‍ കോ-ഫൗണ്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ മുഹമ്മദ് ഷീഫാര്‍ കല്ലുവീട്ടില്‍, സിഐഎസ്ഒ മുഹമ്മദ് മീരാന്‍ ഷെയ്ഖ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ആഷിഖ് സജ്ജാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine