ഡി.എ വര്‍ധന ഇല്ല, ഉല്‍സവ ബത്ത വൈകുന്നു; അതൃപ്തിയുമായി കേന്ദ്ര ജീവനക്കാര്‍
ആനുകൂല്യങ്ങള്‍ വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ധനകാര്യമന്ത്രിക്ക് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കത്ത്. ഏഴാം ശമ്പള കമ്മീഷനെ അടിസ്ഥാനമാക്കിയുള്ള ഡി.എ വര്‍ധന വൈകുന്നതും ഉല്‍സവ ബത്ത പ്രഖ്യാപിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്‌സിന്റെ നേതൃത്വത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്ത് നല്‍കിയത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ജൂലൈ ഒന്നു മുതലുള്ള ഡി.എ കുടിശികയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. സാധാരണയായി സെപ്തംബര്‍ അവസാനവാരം ഡി.എ പ്രഖ്യാപിക്കുകയും ജുലൈ മുതലുള്ള ഡി.എ ഉള്‍പ്പടെയുള്ള ശമ്പളം ഒക്ടോബര്‍ ആദ്യവാരം നല്‍കുകയുമാണ് ചെയ്യുന്നത്. ആനുകൂല്യം വൈകുന്നതില്‍ ജീവനക്കാര്‍ക്ക് അതൃപ്തിയുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ കത്തില്‍ വ്യക്തമാക്കി.
ദുര്‍ഗ പൂജക്ക് മുമ്പ് ഉല്‍സവ ബത്ത
ദുര്‍ഗ പൂജയോടനുബന്ധിച്ചുള്ള ഉല്‍സവ ബത്ത വേഗത്തില്‍ പ്രഖ്യാപിക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. ഒക്ടോബര്‍ 9 മുതല്‍ 13 വരെയാണ് ദുര്‍ഗ പൂജ ഉല്‍സവം നടക്കുന്നത്. ഇതുവരെ ഉല്‍സവ ബത്ത പ്രഖ്യാപിക്കാത്തതിലുള്ള അതൃപ്തി ജീവനക്കാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പി.എല്‍.ബി (പെര്‍ഫോമന്‍സ് ലിങ്ക്ഡ് ബോണസ്), അഡ്‌ഹോക് ബോണസ് എന്നിവയും ദുര്‍ഗ പൂജക്ക് മുമ്പ് നല്‍കണമെന്ന ആവശ്യവും മുന്നോട്ടു വെച്ചിട്ടുണ്ട്.
ഡി.എ വര്‍ധന മൂന്ന് ശതമാനം
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ എല്ലാ വര്‍ഷവും രണ്ട് തവണയാണ് സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നത്. ജനുവരിയിലും ജൂലൈയിലുമാണിത്. ഇത്തവണ മൂന്നു ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇനിയും ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയിട്ടില്ല. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമാണ് നിലവില്‍ ഡി.എ നല്‍കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ നാലു ശതമാനം വര്‍ധിപ്പിച്ചതോടെയാണ് ഈ നിരക്കില്‍ എത്തിയത്. ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങള്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു.