കിതപ്പില്ലാത്ത കുതിപ്പിൽ ആവേശം; ഇൻഫോസിസ് മികച്ചതായി; യുഎസ് വിപണി ഇടിവിൽ; ക്രൂഡ് ഓയിലും സ്വർണവും താഴുന്നു

തളർച്ചയും തിരുത്തും ഇല്ലാതെ കുതിക്കാനുളള ആവേശത്തിലാണ് ഇന്ത്യൻ വിപണി. വിദേശ കമ്പോളങ്ങളിലെ ക്ഷീണം ഇങ്ങോട്ടു വരില്ലെന്നാണ് ബുള്ളുകൾ കണക്കാക്കുന്നത്. വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ താൽപര്യത്തോടെ വരുന്നതും കയറ്റം തുടരാനുള്ള അന്തരീക്ഷം ഒരുക്കുന്നു. വ്യാഴാഴ്ച മുക്കാൽ ശതമാനം കുതിച്ച് 24,800 ൽ എത്തിയ നിഫ്റ്റി ഇനി 25,000 ലക്ഷ്യമിട്ടാണു നീങ്ങുക. 1100 ലേറെ പോയിൻ്റ് ഇറങ്ങിക്കയറിയ സെൻസെക്സ് 81,000 നു മുകളിൽ ക്ലോസ് ചെയ്തു. ലാഭമെടുക്കാനുള്ള വിൽപന സമ്മർദം ഇന്നും വിപണിയിൽ ഉണ്ടാകും. സിമൻ്റ്, പെയിൻ്റ് തുടങ്ങിയ ചില വ്യവസായങ്ങളിൽ ലാഭം കുറയുന്നതു വിപണിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്.
ഐടി ഓഹരികളാണ് ഇന്നലെ വിപണിയെ ഉയർത്തിയത്. വ്യാപാരം കഴിഞ്ഞ ശേഷം പുറത്തുവന്ന ഇൻഫോസിസ് റിസൽട്ട് പ്രതീക്ഷയിലും മികച്ചതായി. ബിസിനസ് വളർച്ച പ്രതീക്ഷ 1% - 3% ൽ നിന്ന് 3%-4% എന്നാക്കി. ലാഭമാർജിനും ഉയർന്നു നിൽക്കും എന്നു മാനേജ്മെന്റ് കരുതുന്നു.
ഇന്നു റിലയൻസിൻ്റെ റിസൽട്ട് വരും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,818.5 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,840 ലാണ്. ഇന്ത്യൻ വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ചയും താഴ്ന്നു. യൂറോപ്യൻ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കാതെ പണനയ അവലോകനം നടത്തി. ടെക്നോളജി ഓഹരികൾ ഇടിഞ്ഞു. റെക്കാേർഡ് ലാഭം റിപ്പോർട്ട് ചെയ്ത വോൾവോ കാറുകൾ 11 ശതമാനം കുതിച്ചു.
യുഎസ് വിപണി വ്യാഴാഴ്ച ഇടിവിലായി. തലേന്നു ടെക്നോളജി ഓഹരികളാണു വിപണിയെ തളർത്തിയതെങ്കിൽ ഇന്നലെ എല്ലാ മേഖലകളും ദുർബലമായി. ലാഭമെടുക്കലിനാണു നിക്ഷേപകർ മുൻതൂക്കം നൽകിയത്. കഴിഞ്ഞ ദിവസം ഇടിഞ്ഞ തായ്‌വാൻ സെമികണ്ടക്ടർ (ടിഎസ്എംസി) ഇന്നലെ മികച്ച റിസൽട്ട് പ്രഖ്യാപിച്ചു. ഭാവിവളർച്ച ഉയർന്ന നിരക്കിലാകുമെന്ന് അറിയിച്ചു. കുറച്ചു ദിവസം താഴ്ന്ന എൻവിഡിയ ഉയർന്നു. ഡോമിനോസ് പീസ്സ നല്ല ലാഭവർധന കാണിച്ചെങ്കിലും ഓഹരി 13 ശതമാനം ഇടിഞ്ഞു.
വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 533.06 പോയിൻ്റ് (1.29%) നഷ്ടത്തിൽ 40,665.00 ൽ അവസാനിച്ചു. എസ് ആൻഡ് പി 43.68 പോയിൻ്റ് (0.78%) ഇടിഞ്ഞ് 5544.59 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 125.70 പോയിൻ്റ് (0.74%) താഴ്ന്ന് 17,871.20 ൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.09 ഉം എസ് ആൻഡ് പി 0.16 ഉം നാസ്ഡാക് 0.27 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നും താഴ്ന്നു വ്യാപാരം തുടങ്ങി. ഓസ്ട്രേലിയയിലും ദക്ഷിണ കൊറിയയിലും സൂചികകൾ ഒരു ശതമാനം ഇടിഞ്ഞു. ജാപ്പനീസ് വിപണി നേട്ടത്തിലേക്കു മാറി. ചൈനീസ് വിപണി താഴ്ചയിലാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വ്യാഴാഴ്ച തുടക്കത്തിൽ ചാഞ്ചാടിയിട്ടു തിരിച്ചു കയറി വലിയ നേട്ടത്തിൽ ക്ലാേസ് ചെയ്തു. സെൻസെക്സ് 81,522.55 വരെയും നിഫ്റ്റി 24,837.75 വരെയും കയറി റെക്കോർഡ് കുറിച്ചു. വിപണിയുടെ കുതിപ്പിൻ്റെ ആക്കം ദുർബലമായി വരുന്നു എന്ന ധാരണ തിരുത്തുന്നതായി ഇന്നലത്തെ പ്രകടനം. ഐടി, എഫ്എംസിജി, ബാങ്ക്, ഓട്ടോ മേഖലകളാണു വിപണിയുടെ കുതിപ്പ് നയിച്ചത്. ഐടി സൂചിക 2.2 ശതമാനം ഉയർന്നു.
സെൻസെക്സ് 626.91 പോയിൻ്റ് (0.78%) കുതിച്ചു കയറി 81,343.46 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 187.85 പോയിൻ്റ് (0.76%) ഉയർന്ന് 24,800.85 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.43% (223.90 പോയിൻ്റ്) നേട്ടത്തിൽ 52,620.70 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.96 ശതമാനം താഴ്ന്ന് 57,111.10 ലും സ്മോൾ ക്യാപ് സൂചിക 1.22% ഇടിഞ്ഞ് 18,829.20 ലും ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ വലിയ തോതിൽ വാങ്ങി കൂട്ടുകയാണ്. ഇന്നലെ ക്യാഷ് വിപണിയിൽ അവർ 5483.63 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഈ മാസം ഇതു വരെ വിദേശികൾ ഒരു ദിവസം മാത്രമേ വിൽപനക്കാരായുള്ളു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി ഇന്നലെ 2904.25 കോടി രൂപയുടെ ഓഹരികൾ വിറ്റു.
നിഫ്റ്റി 24,800 നു മുകളിൽ എത്തിയത് ബുള്ളുകളെ ആവേശം കൊള്ളിക്കുന്നു. 25,000 ആണ് അടുത്ത ലക്ഷ്യം. ഇന്നലെ ഇൻഫോസിസ് പ്രതീക്ഷയിലും മികച്ച റിസൽട്ട് പുറത്തുവിട്ടത് ആവേശം തുടരാൻ സഹായിക്കേണ്ടതാണ്. പക്ഷേ പാശ്ചാത്യ വിപണികളിലെ ഇടിവും ലഭമെടുക്കലുകാരുടെ വിൽപന സമ്മർദവും വിപണിയുടെ കുതിപ്പിനു തടസമാകാൻ ശ്രമിക്കും. ഇന്നു സൂചികയ്ക്ക് 24,590 ലും 24,500 ലും പിന്തുണ ഉണ്ട്. 24,845 ലും 24,920 ലും തടസം ഉണ്ടാകാം.
സ്വർണം താഴ്ന്നു
അമേരിക്കൻ വാണിജ്യ നയം സംബന്ധിച്ച പുതിയ ആശങ്കകളുടെ സമ്മർദത്തിൽ സ്വർണം ഇന്നലെ താഴ്ന്നു. ഔൺസിന് 2445.50 ഡോളറിൽ ഇന്നലെ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 2427 ഡോളറിലേക്കു വീണു. വ്യാഴാഴ്ച രാവിലത്തെ നിലയിൽ നിന്ന് ഒരു ശതമാനത്തിലധികം ഇടിവാണു സംഭവിച്ചത്.
കേരളത്തിൽ സ്വർണവില വ്യാഴാഴ്ച പവന് 80 രൂപ കുറഞ്ഞ് 54,920 രൂപയായി. ഇന്നു വില ഗണ്യമായി കുറയാം.
വെള്ളിവില ഔൺസിന് 29.55 ഡോളറിലാണ്. കേരളത്തിൽ വെള്ളി കിലോഗ്രാമിനു 99,000 രൂപയിൽ തുടർന്നു.
ഡോളർ സൂചിക വ്യാഴാഴ്ച ഉയർന്നു 104.17 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.20 ലാണ്.
രൂപ വ്യാഴാഴ്ച ദുർബലമായി. ഡോളർ ഏഴു പൈസ കൂടി 83.65 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങുകയാണ്. ബ്രെൻ്റ് ഇനം 84.86 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 84.56 ഡോളറിലേക്കു താഴ്ന്നു. ഡബ്ല്യുടിഐ ഇനം 83.13 ഉം യുഎഇയുടെ മർബൻ ക്രൂഡ് 84.45 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ കുത്തനേ താഴ്ചയിലാണ്. ചൈനീസ് ഡിമാൻഡ് കുറയുമെന്നാണു വിപണി കരുതുന്നത്. കുറഞ്ഞ വളർച്ചനിരക്ക് ഉയർത്താനുളള പദ്ധതിയാെന്നും ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്ലീനം ആവിഷ്ക്കരിച്ചില്ല. ഇന്നലെ ചെമ്പ് 2.01 ശതമാനം താണു ടണ്ണിന് 9341.20 ഡോളറിൽ എത്തി. അലൂമിനിയം 0.70 ശതമാനം താഴ്ന്ന് ടണ്ണിന് 2385 ഡോളറായി. ടിൻ 4.81ഉം ലെഡ് 2.29 ഉം സിങ്ക് 1.64 ഉം ശതമാനം ഇടിഞ്ഞു.
ക്രിപ്റ്റാേ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ്കോയിൻ 63,700 ഡോളറിനടുത്ത് എത്തി. ഈഥർ 3410 ഡോളറിലേക്കു താഴ്ന്നു.
വിപണിസൂചനകൾ
(2024 ജൂലെെ 18, വ്യാഴം)
സെൻസെക്സ് 30 81,343.46 +0.78%
നിഫ്റ്റി50 24,800.85 +0.76%
ബാങ്ക് നിഫ്റ്റി 52,620.70 +0.43%
മിഡ് ക്യാപ് 100 57,111.10 -0.96%
സ്മോൾ ക്യാപ് 100 18,829.20 -1.22%
ഡൗ ജോൺസ് 30 40,665.00 -1.29%
എസ് ആൻഡ് പി 500 5544.59 -0.78%
നാസ്ഡാക് 17,871.20 -0.70%
ഡോളർ($) ₹83.65 +₹0.08
ഡോളർ സൂചിക 104.17 +0.42
സ്വർണം (ഔൺസ്) $2445.50 -$13.30
സ്വർണം (പവൻ) ₹54,920 -₹80
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $84.86 -$00.33
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it