

ലോക സാമ്പത്തിക ഫോറത്തിന്റെ (World Economic Forum - WEF) വാര്‍ഷിക സമ്മേളനത്തിന് എത്തുന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചക്ക് ഇന്ത്യയിലെ ഏഴ് പ്രമുഖ വ്യവസായ നേതാക്കള്‍ ദാവോസിലെത്തും. 21-ന് വൈകിട്ട് 5 മുതല്‍ 6 വരെ നടക്കുന്ന ഈ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട വ്യവസായ പ്രമുഖരാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 146 പ്രമുഖ വ്യവസായ-വാണിജ്യ നേതാക്കള്‍ക്കാണ് ട്രംപ് പങ്കെടുക്കുന്ന പ്രത്യേക സെഷനിലേക്ക് ക്ഷണം.
ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ബിസിനസ് നേതാക്കള്‍ ഇവരാണ്:
എന്‍. ചന്ദ്രശേഖരന്‍ - ചെയര്‍മാന്‍, ടാറ്റ സണ്‍സ്
സുനില്‍ ഭാരതി മിത്തല്‍ - സ്ഥാപകന്‍, ഭാരതി എന്റര്‍പ്രൈസസ്
ശ്രീനി പല്ലിയ - സിഇഒ, വിപ്രോ
അനീഷ് ഷാ - സിഇഒ, മഹീന്ദ്ര ഗ്രൂപ്പ്
സഞ്ജീവ് ബജാജ് - ചെയര്‍മാന്‍, ബജാജ് ഫിന്‍സര്‍വ്
സലില്‍ പരേഖ് - സിഇഒ, ഇന്‍ഫോസിസ്
ഹരി എസ്. ഭാരതിയ - കോ-ചെയര്‍മാന്‍, ജൂബിലന്റ് ഭാരതിയ ഗ്രൂപ്പ്
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമം തുടരുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. നിക്ഷേപം, ടെക്നോളജി സഹകരണം, വിതരണ ശൃംഖലയുടെ പുനഃസംഘടന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നേക്കാമെന്നാണ് വ്യവസായ വൃത്തങ്ങള്‍ വിലയിരുത്തുന്നു. വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന പ്രതീക്ഷയും ഈ കൂടിക്കാഴ്ച ശക്തിപ്പെടുത്തുന്നുണ്ട്.
ഈ വര്‍ഷത്തെ ലോക സാമ്പത്തിക ഫോറം സമ്മേളനത്തില്‍ യുഎസില്‍ നിന്നുള്ള ഏറ്റവും വലിയ പ്രതിനിധി സംഘത്തോടൊപ്പമാണ് ട്രംപ് എത്തുന്നത്. 130-ലധികം രാജ്യങ്ങളില്‍ നിന്നായി 3,000-ത്തിലധികം രാഷ്ട്രീയ-വ്യവസായ നേതാക്കളാണ് ദാവോസിലെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ആഗോള രാഷ്ട്രീയം, വ്യാപാര നയം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയവ മുഖ്യ ചര്‍ച്ചാവിഷയങ്ങളാകുന്ന സമ്മേളനത്തില്‍ ഇന്ത്യയുടെ ശക്തമായ കോര്‍പറേറ്റ് സാന്നിധ്യവും ശ്രദ്ധ നേടുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine