

സിവില്‍ സര്‍വീസസ് കോച്ചിങ് സെന്ററില്‍ മലയാളിയായ നെവിന്‍ ഡെല്‍വിന്‍ അടക്കം മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച ദാരുണ സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ 13 കോച്ചിങ് സെന്റുകള്‍ അടച്ചു പൂട്ടി മുദ്രവെച്ചു. കേരളത്തില്‍ നിന്നടക്കം നിരവധി എം.പിമാര്‍ പാര്‍ലമെന്റില്‍ ഉത്കണ്ഠ പങ്കുവെച്ചു.
ശനിയാഴ്ച വൈകിട്ട് ഉണ്ടായ കനത്ത മഴയില്‍ ഓള്‍ഡ് രജീന്ദര്‍ നഗറിലെ കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ നടത്തിവന്ന കോച്ചിങ് സെന്ററിലാണ് ഡ്രെയിനേജ് ഇടിഞ്ഞ് വെള്ളം ഇരച്ചു കയറി മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചത്. പ്രമുഖമായ റാവു ഐ.എ.എസ് സ്റ്റഡി സര്‍ക്കിളിലെ തനിയ സോണി, ശ്രേയ യാദവ്, നെവിന്‍ ഡെല്‍വിന്‍ എന്നിവരാണ് മരിച്ചത്. എറണാകുളം കാലടി മലയാറ്റൂര്‍ സ്വദേശിയായ നെവിന്‍, ജവഹര്‍ലാല്‍ നെഹൃ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥി കൂടിയായിരുന്നു. കോച്ചിങ് സെന്റര്‍ ഉടമ അഭിഷേക് ഗുപ്ത, കോ-ഓര്‍ഡിനേറ്റര്‍ ദേശ്പാല്‍ സിങ് എന്നിവര്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഭാരതീയ ന്യായ സംഹിതയിലെ 105, 106(1), 115(2), 290 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം നരഹത്യ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
അടച്ചു പൂട്ടിയ സെന്ററുകള്‍ ഇവയാണ്
ഐ.എ.എസ് ഗുരുകുല്‍, ചഹല്‍ അക്കാദമി, പ്ലുറ്റൂസ് അക്കാദമി, സായ് ട്രേഡിങ്, ഐ.എ.എസ് സേതു, ടോപ്പേഴ്‌സ് അക്കാദമി, ദൈനിക് സംവാദ്, സിവില്‍ ഡെയ്‌ലി ഐ.എ.എസ്, കരിയര്‍ പവര്‍, 99 നോട്‌സ്, വിദ്യാ ഗുരു, ഗൈഡന്‍സ് ഐ.എ.എസ്, ഈസി ഫോര്‍ ഐ.എ.എസ് എന്നിവയാണ് അടച്ചത്. വെള്ളത്തില്‍ മുങ്ങിയ ബേസ്‌മെന്റില്‍ നിന്ന് ഏഴു മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനത്തിനൊടുവിലാണ് കുടുങ്ങിപ്പോയ നിരവധി കുട്ടികളെ പുറത്തെടുത്തത്.
ചട്ടം ലംഘിച്ച് ബേസ്‌മേന്റിലെ ഇടുങ്ങിയ മുറികളില്‍ പ്രവര്‍ത്തിച്ചു വന്നത് മുന്‍നിര്‍ത്തിയാണ് മറ്റു സെന്ററുകള്‍ അടച്ചു പൂട്ടിയ അടിയന്തര നടപടി. ശുദ്ധവായു കിട്ടാന്‍ പ്രയാസപ്പെടുന്ന മുറികളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച് കോച്ചിങ് ക്ലാസ് നടത്തുന്നത് ഡല്‍ഹിയിലെ പതിവു കാഴ്ചയാണെങ്കിലും ശനിയാഴ്ചത്തെ ദുരന്തത്തിനു ശേഷം മാത്രമാണ് മുനിസിപ്പല്‍ അധികൃതര്‍ കണ്ണു തുറന്നതെന്നു മാത്രം.
റാവൂസിന് പിഴച്ചത് പല വിധത്തില്‍
കോച്ചിങ് സെന്ററിന്റെ നടത്തിപ്പില്‍ റാവൂസ് ഐ.എ.എസ് സ്റ്റഡി സര്‍ക്കിള്‍ സെന്ററിന് പല പിഴവുകള്‍ ഉണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്. 2021 ഓഗസ്റ്റില്‍ നിരാക്ഷേപ പത്രം (എന്‍.ഒ.സി) കിട്ടിയതാണ്. പാര്‍ക്കിങ്ങിനും സാധനങ്ങള്‍ സൂക്ഷിക്കാനുമാണ് ബേസ്‌മെന്റ് അനുവദിച്ചിരുന്നത്. മഴവെള്ളം ബേസ്‌മെന്റില്‍ എത്താത്ത വിധം നിര്‍മാണം ക്രമീകരിക്കണമെന്ന് കെട്ടിട നിര്‍മാണ ചട്ടങ്ങളിലും വ്യക്തമായി പറയുന്നുണ്ട്. ബേസ്‌മെന്റ് ഓഫീസ്, വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നെങ്കില്‍ പുറത്തേക്ക് പോകാന്‍ സൗകര്യപ്രദമായ ക്രമീകരണം ഒരുക്കിയിരിക്കണം. മേഖലയില്‍ ശരിയായ ഡ്രെയിനേജ് സൗകര്യങ്ങള്‍ ഒരുക്കാത്തതിനും നഗരസഭ അധികൃതര്‍ പ്രതിക്കൂട്ടിലാണ്.
റാവൂസ് കോച്ചിങ് സെന്റര്‍ കെട്ടിട നിര്‍മാണ ചട്ടം കാറ്റില്‍ പറത്തി ക്ലാസ് നടത്തുന്നത് നേരത്തെയും ശ്രദ്ധയില്‍ പെട്ടിരുന്നു. മുഖര്‍ജി നഗറിലെ ഒരു ഇന്‍സിറ്റിറ്റിയൂട്ടില്‍ ഉണ്ടായ തീപിടിത്തത്തില്‍ നിന്ന് രക്ഷപെടാന്‍ കുട്ടികള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ സംഭവത്തെ തുടര്‍ന്നു നടത്തിയ സര്‍വേയിലായിരുന്നു ഇത്. സര്‍വേ നടത്തിയതല്ലാതെ പരിഹാര നടപടികള്‍ ഒന്നുമുണ്ടായില്ലെന്ന് കൂടി വ്യക്തമാക്കുന്നതാണ് മൂന്നു വിദ്യാര്‍ഥികളുടെ ജീവഹാനി.
Read DhanamOnline in English
Subscribe to Dhanam Magazine