സണ്‍ ടിവി കുടുംബത്തില്‍ സാമ്പത്തിക കലഹം! ചാനല്‍ ഉടമസ്ഥാവകാശം തട്ടിയെടുത്തെന്ന് മാരന്‍ സഹോദരന്‍; കോടതി കയറി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടിവി നെറ്റ്‌വര്‍ക്ക്

സണ്‍ നെറ്റ്‌വര്‍ക്കിന്റെ കീഴിലുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വിലക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്
kavya maran, Dayanidhi Maran and sun tv
Published on

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചാനല്‍ നെറ്റ്‌വര്‍ക്കായ സണ്‍ ടിവിയില്‍ കുടുംബ കലഹം. സണ്‍ നെറ്റ്‌വര്‍ക്കിന്റെ ഓഹരികള്‍ അനധികൃത വഴികളിലൂടെ കലാനിധി മാരന്‍ സ്വന്തമാക്കിയെന്നാണ് സഹോദരനും ഡിഎംകെ എംപിയുമായ ദയാനിധി മാരന്റെ പരാതി. കലാനിധി മാരനും സണ്‍ ടിവിയിലെ പ്രധാന തസ്തികയിലുള്ളവര്‍ക്കുമെതിരേ മുന്‍ കേന്ദ്രമന്ത്രി കൂടിയായ ദയാനിധി മാരന്‍ ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. വിവാദം വാര്‍ത്തയായതോടെ സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ ഓഹരിവിലകളിലും പ്രതിഫലിക്കപ്പെട്ടു.

1993ല്‍ കലാനിധി മാരനാണ് സണ്‍ ടിവി നെറ്റ്‌വര്‍ക്കിന് തുടക്കമിടുന്നത്. മാരന്‍ കുടുംബത്തിനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ കുടുംബത്തിനും ഓഹരി പങ്കാളിത്തമുള്ള കമ്പനിയായിട്ടായിരുന്നു തുടക്കം. 2006ല്‍ കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു.

വിവാദത്തിന് കാരണം

ദയാനിധി മാരന്‍ ഇപ്പോള്‍ സഹോദരനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പിതാവിന്റെയും കരുണാനിധി കുടുംബത്തിന്റെയും കൈവശമുണ്ടായിരുന്ന ഓഹരികള്‍ കലാനിധി തന്ത്രപൂര്‍വം കൈവശപ്പെടുത്തിയെന്നാണ് നോട്ടീസില്‍ പറയുന്നത്. 2003ല്‍ പിതാവ് മുരശൊലി മാരന്റെ മരണത്തിന് തൊട്ടുപിന്നാലെയാണ് ഓഹരികളില്‍ കൃത്രിമം നടത്തിയതെന്നാണ് നോട്ടീസില്‍ പറയുന്നത്. 2003 സെപ്റ്റംബറിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ഓഹരി ഘടന മാറ്റണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.

2003 സെപ്റ്റംബര്‍ 15ന് സണ്‍ ടിവിയിലെ 10 രൂപ മുഖവിലയുള്ള 12 ലക്ഷം ഓഹരികള്‍ കലാനിധി മാരന്റെയും ഭാര്യ കാവേരിയുടെയും പേരിലേക്ക് മാറ്റിയെന്നാണ് ദയാനിധിയുടെ പരാതി. ഡയറക്ടര്‍ ബോര്‍ഡിന്റെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ഈ നീക്കമെന്നും നോട്ടീസില്‍ പറയുന്നു.

ദയാനിധിയുടെയും കലാനിധിയുടെ പിതാവായ മുരശൊലി മാരന്റെ മരണവും ഈ സമയത്തായിരുന്നു. പിതാവിന്റെ മരണപത്രം പോലുമില്ലാതെയാണ് ഓഹരികള്‍ കലാനിധി മാറ്റിയതെന്നും ദയാനിധി ആരോപിക്കുന്നു.

കമ്പനിയില്‍ ഒരൊറ്റ രൂപയുടെ പോലും ഓഹരിയില്ലാതിരുന്ന കലാനിധി ചുരുങ്ങിയ കാലം കൊണ്ട് 60 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ ശക്തമാക്കാനാണ് ആലോചന. 2023 വരെയുള്ള കാലയളവില്‍ ഡിവിഡന്റായി 5,926 കോടി രൂപ കലാനിധി സ്വന്തമാക്കിയെന്നും ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍ 455 കോടി രൂപയും കലാനിധി കുടുംബത്തിന് ലഭിച്ചു.

ക്രിക്കറ്റ് ടീമിനെയും ബാധിക്കും

ഈ വിഷയം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിലേക്ക് (SFIO) എത്തിയിട്ടുണ്ട്. സണ്‍ നെറ്റ്‌വര്‍ക്കിന്റെ കീഴിലുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വിലക്കണമെന്ന ആവശ്യവുമായി ബിസിസിഐയെയും ദയാനിധി മാരന്‍ സമീപിച്ചിട്ടുണ്ട്.

23,000 കോടിയിലധികം വിപണി മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയാണ് സണ്‍ ടിവി നെറ്റ്‌വര്‍ക്ക്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 941 കോടി രൂപയായിരുന്നു വരുമാനം. ലാഭം മുന്‍ പാദത്തെ 415 കോടി രൂപയില്‍ നിന്ന് 372 കോടിയായി കുറഞ്ഞിരുന്നു. 2024-25 സാമ്പത്തിവര്‍ഷം വരുമാനം 4,015 കോടി രൂപയും ലാഭം 1,704 കോടി രൂപയുമാണ്. മുന്‍ വര്‍ഷത്തേക്കാള്‍ വരുമാനത്തിലും ലാഭത്തിലും കുറവുണ്ടായി. വിവാദത്തെത്തുടര്‍ന്ന് ഓഹരികളില്‍ മൂന്ന് ശതമാനത്തിലധികം കുറവുണ്ടായി.

Sibling dispute over Sun TV share ownership escalates to court amid serious allegations of illegal transfer by Kalanithi Maran

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com