രാജ്യത്ത് മരണസംഖ്യ കുറയുന്നില്ല: 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത് 3,921 പേര്‍ക്ക്

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഏപ്രില്‍ ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയെങ്കിലും മരണ സംഖ്യ ഉയര്‍ന്നുതന്നെ. 24 മണിക്കൂറിനിടെ 3,921 പേര്‍ക്കാണ് രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. പുതുതായി 70,421 പേര്‍ക്ക് രോഗം ബാധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ 2,95,10,410 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ആകെ മരണസംഖ്യ 3,74,305 ആയും ഉയര്‍ന്നു.

തുടര്‍ച്ചയായ ഏഴാം ദിവസമാണ് പ്രതിദിന കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തുന്നത്. 32 ാം ദിവസവും പുതുതായി രോഗം കണ്ടെത്തുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗമുക്തി നേടുന്നവര്‍. രോഗം ബാധിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം പത്ത് ലക്ഷത്തില്‍ താഴെയെത്തി. ഇപ്പോള്‍ 9,73,158 പേരാണ് രാജ്യത്ത് വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.
തുടര്‍ച്ചയായ 21 ാം ദിവസവും രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.72 ശതമാനവും ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.54 ശതമാനവുമാണ്. അതേസമയം ഇന്നലെ 14,99,771 പേര്‍ കൂടി കോവിഡിനെതിരായ വാക്‌സിനേഷന്റെ ഭാഗമായതോടെ ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 25.48 കോടിയായി.





Related Articles
Next Story
Videos
Share it