കൊക്കോ വിലയില്‍ വീണ്ടും പ്രതീക്ഷയുടെ നാമ്പുകള്‍, ഐവറികോസ്റ്റില്‍ ഉത്പാദനം ഇടിയുന്നു; ചോക്ലേറ്റ് വിലയില്‍ പ്രതിഫലിക്കും

പ്രധാന കൊക്കോ ഉത്പാദക രാജ്യങ്ങളായ ഐവറികോസ്റ്റിലും ഘാനയിലും ഇത്തവണ ഉത്പാദനം കുറയുമെന്ന വാര്‍ത്തകളാണ് വിപണിയെ ചൂടുപിടിപ്പിക്കുന്നത്
കൊക്കോ വിലയില്‍ വീണ്ടും പ്രതീക്ഷയുടെ നാമ്പുകള്‍, ഐവറികോസ്റ്റില്‍ ഉത്പാദനം ഇടിയുന്നു; ചോക്ലേറ്റ് വിലയില്‍ പ്രതിഫലിക്കും
Published on

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് കൊക്കോ കര്‍ഷകര്‍ക്ക് സന്തോഷവാര്‍ത്ത. കൊക്കോ വില ഈ വര്‍ഷം വലിയ തോതില്‍ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാന കൊക്കോ ഉത്പാദക രാജ്യങ്ങളായ ഐവറികോസ്റ്റിലും ഘാനയിലും ഇത്തവണ ഉത്പാദനം കുറയുമെന്ന വാര്‍ത്തകളാണ് വിപണിയെ ചൂടുപിടിപ്പിക്കുന്നത്.

എല്‍നീനോ പ്രതിഭാസം മൂലം മഴകുറയുകയും തല്‍ഫലമായി ഉത്പാദനം കുത്തനെ ഇടിയുമെന്നുമാണ് വിലയിരുത്തല്‍. ലോകത്തിന് ആവശ്യമായ കൊക്കോയുടെ 60 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഈ രണ്ടു രാജ്യങ്ങളാണ്. മുമ്പ് 2024ല്‍ ഐവറികോസ്റ്റിലും ഘാനയിലും ഉത്പാദന ഇടിവ് നേരിട്ടപ്പോള്‍ കേരളത്തില്‍ കൊക്കോ വില റെക്കോഡ് തലത്തില്‍ എത്തിയിരുന്നു.

2024 ഏപ്രിലില്‍ ഒരു കിലോ ഉണക്ക കൊക്കോയുടെ വില 1,000 രൂപ കടന്നിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്രയും വില കര്‍ഷകര്‍ക്ക് ലഭിച്ചത്. പച്ചകൊക്കോയ്ക്കും അന്ന് മികച്ച വില ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് വില താഴുകയും കൃഷി അനാകര്‍ഷകമാകുകയും ചെയ്തു. നിലവില്‍ പച്ചകൊക്കോയ്ക്ക് കിലോയ്ക്ക് 125 രൂപയും ഉണക്കയ്ക്ക് 300ന് മുകളിലുമാണ് വില ലഭിക്കുന്നത്.

കര്‍ഷകര്‍ക്ക് പ്രതീക്ഷ

വില ഉയരുമെന്ന വാര്‍ത്തകള്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കുന്നുണ്ട്. മറ്റ് വിളകളെ അപേക്ഷിച്ച് കാര്യമായ പരിചരണമോ ചെലവുകളോ ആവശ്യമില്ലാത്തതാണ് കൊക്കോ കൃഷി. എന്നാല്‍ കാലാവസ്ഥ വ്യതിയാനവും വന്യമൃഗങ്ങളുടെ കടന്നുവരവും കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.

വില കൂടുമെന്ന വാര്‍ത്തകള്‍ വന്നതോടെ കര്‍ഷകര്‍ കൊക്കോ ഉണങ്ങുന്നതിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. പച്ചയ്ക്ക് കൊടുക്കുന്നതിലും കൂടുതല്‍ വരുമാനം ഉണങ്ങി വില്ക്കുന്നതിലൂടെ ലഭിക്കും. കര്‍ഷകരുടെ ഈ നീക്കം വിപണിയില്‍ കൊക്കോ ലഭ്യത കുറച്ചിട്ടുണ്ട്. ചോക്ലേറ്റ് കമ്പനികള്‍ വിലകൂട്ടി ചരക്ക് എടുക്കുന്നതിലേക്ക് ഇത് നയിച്ചേകും.

ദൗര്‍ലഭ്യം ഉണ്ടായേക്കുമെന്ന ഭയത്തില്‍ ചോക്ലേറ്റ് നിര്‍മാതാക്കള്‍ മുന്‍കൂറായി കച്ചവടക്കാരുമായി ഇടപാട് ഉറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൊക്കോപരിപ്പിന്റെ സാന്നിധ്യം ഇല്ലാതെ ചോക്ലേറ്റ് പൂര്‍ണമാകില്ല. അതുകൊണ്ട് തന്നെ കൊക്കോയുടെ ആവശ്യകത ഒരുപരിധിയില്‍ കൂടുതല്‍ കുറയില്ല.

കേരളത്തില്‍ കൊക്കോ കൃഷി ഏറ്റവും കൂടുതല്‍ ഉള്ളത് ഹൈറേഞ്ചിലാണ്. റബറും കുരുമുളകും കൃഷി ചെയ്തിരുന്ന കൂട്ടത്തില്‍ തന്നെ ഹൈറേഞ്ചിലെ കര്‍ഷകര്‍ കൊക്കോയ്ക്കും ശ്രദ്ധ നല്‍കിയിരുന്നു. ഓരോ ആഴ്ചയും വരുമാനം ലഭിക്കുമെന്നതിനാല്‍ പല ഇടത്തരം കുടുംബങ്ങളുടെയും താങ്ങായിരുന്നു കൊക്കോ. ഇടക്കാലത്ത് വില കുറയുകയും കുരങ്ങ്, അണ്ണാന്‍, എലി തുടങ്ങിയ മൃഗങ്ങളുടെ ശല്യം വര്‍ധിച്ചതും കര്‍ഷകരെ പതിയെ കൊക്കോയില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു.

ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നുണ്ടെങ്കിലും കേരളത്തിലെ കൊക്കോയ്ക്കാണ് ഗുണവും രുചിയും കൂടുതല്‍. ഇടുക്കിയിലെ മുരിക്കാശേരി, തേക്കിന്‍തണ്ട്, മങ്കുവ ഭാഗങ്ങളിലുള്ള കൊക്കോയ്ക്കാണ് ഏറ്റവും ഡിമാന്‍ഡ് ഉള്ളത്. ഇവിടങ്ങളിലെ കൊക്കോയ്ക്ക് മറ്റ് സ്ഥലങ്ങളിലേക്കാള്‍ വില ലഭിക്കാറുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com