തേങ്ങയ്ക്ക് പൊന്നുംവില, പക്ഷേ! നാളികേര കര്‍ഷകര്‍ക്ക് തിരിച്ചടിയായി കൂമ്പുചീയല്‍; സാമ്പത്തിക സഹായവുമായി നാളികേര ബോര്‍ഡ്‌

ഈ നില തുടര്‍ന്നാല്‍ ഓണം സീസണില്‍ വെളിച്ചെണ്ണയ്ക്ക് വില ഇനിയും ഉയരാന്‍ സാധ്യത
Coconut
Image courtesy: Canva
Published on

കനത്ത ദുരിതത്തിലാണ് നാളികേര കര്‍ഷകര്‍. വിപണിയില്‍ നല്ല വില ഉണ്ടായിട്ടും ആവശ്യത്തിന് തേങ്ങ കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍. കേരളത്തിൽ തേങ്ങയുടെ ഉൽപ്പാദനക്ഷമത കഴിഞ്ഞ വേനലിൽ പകുതിയായാണ് കുറഞ്ഞത്. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം തെങ്ങിനെ ബാധിച്ച രോഗങ്ങളും ഉൽപ്പാദനക്കുറവിനുളള കാരണങ്ങളാണ്. അമ്പത് തെങ്ങിൽനിന്ന് 1000 കിലോഗ്രാം വരെ തേങ്ങ ലഭിച്ചിരുന്നത് 500 കിലോയായി കുറഞ്ഞു. നാളികേരത്തിന് കിലോഗ്രാമിന് 80 രൂപയ്ക്കാണ് കടകളില്‍ വില്‍ക്കുന്നത്. കിലോഗ്രാമിന് 400 രൂപയ്ക്ക് മുകളിലാണ് വെളിച്ചെണ്ണ വില്‍ക്കുന്നത്. ഈ നില തുടര്‍ന്നാല്‍ ഓണം സീസണില്‍ വെളിച്ചെണ്ണയ്ക്ക് വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

ഉല്‍പ്പാദനം കുറഞ്ഞു

ഉണക്കുമൂലവും മണ്ഡരി, കൂമ്പുചീയൽ, മഞ്ഞളിപ്പ്, ഫംഗസ് തുടങ്ങിയ രോഗങ്ങള്‍ മൂലവും നാളികേര ഉല്‍പ്പാദനം വന്‍തോതില്‍ ഇടിയുകയാണ്. നാളികേര ഉത്പാദനത്തിൽ വൻ ഇടിവ് റിപ്പോർട്ട് ചെയ്തതോടെ, ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി നാളികേര വികസന ബോർഡ് (CDB) നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നാളികേരത്തിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി പ്രതിവർഷം 20 കോടി രൂപയാണ് ബോര്‍ഡ് ചെലവഴിക്കുന്നത്. സംസ്ഥാനത്തെ ഏകദേശം 38 ശതമാനം ഫാമുകളും പഴക്കം ചെന്നതാണ്.

ഗുണനിലവാരമുള്ള തൈകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി തെങ്ങ് നഴ്സറികള്‍ക്ക് ബോര്‍ഡ് സാമ്പത്തിക സഹായം നല്‍കും. 20,000 ത്തിലധികം ഗുണനിലവാരമുള്ള തൈകൾ വളർത്താൻ ശേഷിയുള്ള തെങ്ങ് നഴ്സറികള്‍ക്ക് അക്രഡിറ്റേഷന്‍ റേറ്റിംഗ് ലഭിക്കുന്നതാണ്. തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് നാളികേര കർഷകർക്ക് ഹെക്ടറിന് 3.60 ലക്ഷം രൂപ ധനസഹായം നൽകും. തോട്ടത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വിസ്തീർണ്ണം രണ്ട് ഹെക്ടറാണ്.

വിസ്തൃതി കൂട്ടാന്‍ പ്രോത്സാഹനം

കൃഷിഭൂമിയുടെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി അനുസരിച്ച് പുതിയ സ്ഥലങ്ങളിൽ തെങ്ങിൻ തൈകൾ നടുന്നതിന് ഹെക്ടറിന് 56,000 രൂപ സാമ്പത്തിക സഹായം നല്‍കും. പരമാവധി രണ്ട് ഹെക്ടറും കുറഞ്ഞത് 25 സെന്റും വരെയുള്ള സ്ഥലങ്ങള്‍ക്കാണ് സബ്‌സിഡി നൽകുന്നത്.

തെങ്ങ് കയറ്റക്കാരുടെ ടാസ്‌ക് ഫോഴ്‌സുകൾ രൂപീകരിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് കൊക്കോമിത്ര. 10 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് സഹകരണ സംഘം പോലുള്ള നിയമപരമായ കൂട്ടായ്മ രൂപീകരിക്കാവുന്നതാണ്. ഉപകരണങ്ങൾക്കും യാത്രാ സഹായങ്ങള്‍ക്കുമായി 2.5 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഇവയ്ക്ക് ലഭിക്കും.

To tackle declining coconut yields, the Coconut Development Board announces financial aid for farmers and nurseries in Kerala.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com