

സമുദ്രത്തിനടിയിലെ അമൂല്യ ലോഹങ്ങളും ധാതുക്കളും കണ്ടെത്താനുള്ള പര്യവേക്ഷണ പദ്ധതിയുമായി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). ആഴക്കടലിലെ കോടിക്കണക്കിനു രൂപയുടെ ധാതുലവണങ്ങള്‍ തേടി അത്യഗാധങ്ങളില്‍ മുങ്ങിത്തപ്പാനൊരുങ്ങുന്നത് ചാന്ദ്രദൗത്യത്തിനിടവേള നല്‍കാതെ തന്നെയാണ്.
ഇന്ത്യയുടെ 6500 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ഡീപ്പ് ഓഷ്യന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ഇസ്രോ 6000 മീറ്റര്‍ താഴ്ചയില്‍ വരെ ഖനനം ചെയ്യാനും ഗവേഷണം നടത്താനും പറ്റുന്ന ക്രൂ മൊഡ്യൂള്‍ നിര്‍മ്മിക്കും. 2022- ഓടെ മനുഷ്യനെ ആറായിരം മീറ്റര്‍ താഴേയ്ക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് ഇസ്രോയുടെ പ്രതീക്ഷ. ഇസ്രോ വികസിപ്പിക്കുന്ന വാഹനത്തില്‍ മൂന്നു പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. രണ്ടു ശാസ്ത്രജ്ഞരും ഒരു ഓപ്പറേറ്ററും ഇതിലുണ്ടാവും. സമുദ്രാന്തര്‍ഭാഗത്ത് എട്ടു മുതല്‍ പത്തു മണിക്കൂര്‍ വരെ സഞ്ചരിക്കാന്‍ ഇതിനു കഴിയും.
ഇന്ത്യന്‍ സമുദ്രാന്തര്‍ഭാഗത്തെ വലിയ തോതിലുള്ള പെട്രോളിയം തന്നെയാണ് മുഖ്യമായും ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ ധാതുലവണങ്ങളുടെ വന്‍സ്രോതസ്സും ഇവിടെ വ്യാപകമായുണ്ട്. ഇത്തരമൊരു വാഹനം വികസിപ്പിച്ച് മറ്റു രാജ്യങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യ കൈമാറുന്നതിലൂടെ ലഭിക്കുന്ന കോടിക്കണക്കിനു വിദേശനാണ്യവും ഇസ്രൊയുടെ ലക്ഷ്യമാണ്.
പദ്ധതി വിജയകരമാകുന്നതോടെ ചൈന, യുഎസ്, റഷ്യ, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആറാമതു രാജ്യമായി ഇന്ത്യ മാറും. റിമോട്ട് കൊണ്ട് ഓപ്പറേറ്റ് ചെയ്യപ്പെടുന്ന വാഹനമാണ് നിലവില്‍ ഇത്തരം പര്യവേക്ഷണങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നത്. ഇതാവട്ടെ, ഉപരിതലത്തിലെ കപ്പലില്‍ നിന്നും കേബിള്‍ ശൃംഖല വഴിയാണ് നിയന്ത്രിക്കുന്നത്. ഇതില്‍ മനുഷ്യനെ വഹിക്കാനുള്ള ശേഷിയില്ല.
ഇപ്പോള്‍ ഇസ്രോ തയ്യാറാക്കിയിരിക്കുന്ന ഡിസൈന്‍ കൂടുതല്‍ പരിശോധനയ്ക്കു വേണ്ടി ജര്‍മ്മനിയിലേക്കു കൊണ്ടു പോകും. തുടര്‍ന്നാവും മറ്റു പരീക്ഷണങ്ങള്‍. ഇന്ത്യയുടെ നാലോളം മറ്റു ഏജന്‍സികളും പദ്ധതിയുമായി സഹകരിക്കുന്നു. ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച്, കൊച്ചിയിലെ സെന്റര്‍ ഫോര്‍ മറൈന്‍ ലിവിങ് റിസോഴ്സസ് ആന്‍ഡ് ഇക്കോളജി, ഹൈദരാബാദിലെ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് എന്നിവരാണു സഹകരിക്കുന്നന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine