വില തീരുമാനമായില്ല; കോവിഡ് വാക്‌സിന്‍ വിതരണം വൈകുന്നു

യുഎസും ചൈനയും പോലുള്ള രാജ്യങ്ങള്‍ കോവിഡ് 19ന് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുമായി അതിവേഗം മുന്നോട്ടു പോകുമ്പോള്‍, ഇന്ത്യയ്ക്കായി തയ്യാറാക്കിയ ദശലക്ഷക്കണക്കിന് ഡോസുകള്‍ ഉപയോഗത്തിനായി അംഗീകാരം നല്‍കിയിട്ടും വിതരണത്തിനായി ഇപ്പോഴും പുറത്തെടുത്തിട്ടില്ല.

വാക്‌സിന്റെ വില നിശ്ചയിച്ച് മറ്റ് രാജ്യങ്ങള്‍ വിതരണം ആരംഭിച്ചുവെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ലിമിറ്റഡും ഗവണ്മെന്റും തമ്മില്‍ ഇനിയും വിലയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പാകാത്തതാണ് വിതരണത്തിലെ കാലതാമസത്തിന് കാരണമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുറഞ്ഞത് 7 കോടി വാക്‌സിന്‍ ഡോസുകള്‍ തയ്യറാണെങ്കിലും വിതരണത്തിന് എടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

'10 കോടി ഡോസുകള്‍ 200 രൂപ (2.74 ഡോളര്‍) പ്രത്യേക വിലയ്ക്ക് വാങ്ങാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സമ്മതിച്ചിട്ടുണ്ട്. ഇത് യുകെക്ക് നല്‍കിയ 4 മുതല്‍ 5 ഡോളര്‍ വരെ വിലയില്‍ താഴെയാണ്. രണ്ട് മൂന്ന് മാസത്തിനുള്ളില്‍ 1,000 രൂപ നിരക്കില്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സ്വകാര്യമായി വാക്‌സിനുകള്‍ വില്‍ക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു,' സെറത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പൂനാവാല പറഞ്ഞു.

''വാക്‌സിന്റെ വില കുറയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുന്നതായി തോന്നുന്നു. മറ്റൊരു പ്രാദേശിക കമ്പനി വികസിപ്പിച്ചെടുത്ത അവസാന ഘട്ട പരിശോധന കഴിയാത്ത വാക്‌സിന് അംഗീകാരം കൊടുത്ത വിവാദപരമായ തീരുമാനം ഇതാണ് സൂചിപ്പിക്കുന്നത്,'' ജെഫറീസിലെ അനലിസ്‌റ് അഭിഷേക് ശര്‍മ പറഞ്ഞു.

കോവിഡ് 19 കേസുകള്‍ ഒരു കോടി കടന്ന ഇന്ത്യയില്‍ ഇതുമൂലം വിലയേറിയ സമയം പാഴായി പോകുകയാണ്. തങ്ങളുടെ നിക്ഷേപങ്ങള്‍ വേഗത്തില്‍ തിരിച്ചുപിടിക്കാന്‍ ആഗ്രഹിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും പൊതുതാല്‍പര്യവും തമ്മിലുള്ള പിരിമുറുക്കത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.

സമ്പന്നവും വികസിതവുമായ സമ്പദ്‌വ്യവസ്ഥകള്‍ ഇതുവരെ വിലയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ആഗോളതലത്തില്‍ ഓരോ ദിവസവും പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെടുന്ന ഒരു പകര്‍ച്ചവ്യാധിക്കിടയില്‍ കുത്തിവയ്പ്പുകളുടെ വില നിര്‍ണയം എന്ന പ്രശ്‌നം വികസ്വര രാജ്യങ്ങളിലേക്ക് വാക്‌സിന്റെ വിതരണം വ്യാപിക്കുന്നതിനനുസരിച്ച് വലുതായിത്തീരും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം, 130 കോടിയിലധികം ആളുകള്‍ താമസിക്കുന്ന ഒരു രാജ്യത്ത് വാക്‌സിന്‍ വിലയ്ക്കായി ചെലവഴിക്കുന്ന ഓരോ രൂപയും അദ്ദേഹത്തിന്റെ ഭരണത്തിന് ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

'നിങ്ങള്‍ വന്‍തോതില്‍ വാങ്ങുമ്പോള്‍, വിലപേശാന്‍ കഴിയുമെന്നതിന്റെ ഗുണം വ്യക്തമാണ്,' കോവിഡ് 19 മാനേജ്‌മെന്റിനായുള്ള മോദിയുടെ ടാസ്‌ക്‌ഫോഴ്‌സ് അംഗവും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടറുമായ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും 'വിപണി വില എന്തായിരിക്കണമെന്ന് തീരുമാനിക്കാന്‍ ഉടന്‍ കഴിഞ്ഞേക്കും' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡ്രഗ്സ്സ് റെഗുലേറ്റര്‍ അംഗീകരിച്ച് 10 ദിവസത്തിനുള്ളില്‍ കോവിഡ് 19 വാക്‌സിനുകള്‍ പുറത്തിറക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിലയോ വിതരണ ഇടപാടോ ഒപ്പിട്ടിട്ടുണ്ടോ എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.

ഫൈസര്‍ ഇന്‍കോര്‍പ്പറേഷനും അസ്ട്രഓക്‌സ്‌ഫോര്‍ഡ് വാക്‌സിനുകള്‍ക്കും അടിയന്തിര അനുമതി നല്‍കിയതിന് ശേഷം ബ്രിട്ടനില്‍ ആദ്യത്തെ കുത്തിവയ്പ്പുകള്‍ നടത്തുന്നതിന് അഞ്ച് മുതല്‍ ആറ് ദിവസം വരെ എടുത്തു.

ഒക്ടോബറില്‍, ബ്ലൂംബെര്‍ഗിനോട് ഇക്കാര്യത്തെക്കുറിച്ച് അറിവുള്ള ആളുകള്‍ പറഞ്ഞത് ഒരു വ്യക്തിക്ക് വാക്‌സിന്‍ കൊടുക്കുന്നതിന് 6 മുതല്‍ 7 ഡോളര്‍ വരെ ചെലവ് വരുമെന്നാണ്.

'എളുപ്പത്തില്‍ സ്വകാര്യമേഖലയിലേക്ക് പണം നല്‍കാന്‍ സര്‍ക്കാര്‍ ഒരിക്കലും തയ്യാറാവുകയില്ല,' ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്‌സ്, ഇക്കണോമിക്‌സ് & പോളിസി സ്ഥാപകനായ രമണ ലക്ഷ്മിനാരായണന്‍ പറഞ്ഞു. 'സര്‍ക്കാരിന് ബജറ്റ് സമ്മര്‍ദ്ദങ്ങളുണ്ട്. ഉദ്യോഗസ്ഥര്‍ ഒരു മോശം ഇടപാടുമായി മടങ്ങിയെത്തിയാല്‍, മന്ത്രി അവരെ മടക്കി അയച്ച് 'എനിക്ക് മികച്ച വില നേടൂ' എന്ന് പറയും.'

ആരോഗ്യ പ്രവര്‍ത്തകര്‍ മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍, സൈനികര്‍, രോഗബാധിതരും 50 വയസ്സിനു മുകളിലുള്ളവരും എന്നിങ്ങനെ വിന്യാസത്തിന്റെ ആദ്യ ഘട്ടത്തില്‍ 30 കോടി ആളുകള്‍ക്ക് കുത്തിവയ്പ് നല്‍കുമെന്ന് ഇന്ത്യയുടെ വാക്‌സിനേഷന്‍ ബ്ലൂ പ്രിന്റ് പറയുന്നു. പൂര്‍ത്തിയാക്കാന്‍ മൂന്ന് നാല് മാസം വരെ എടുക്കും.

ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്‌സിന്‍ ഡെവലപ്പര്‍ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ഇതുവരെ മൂന്നാം ഘട്ട പരിശോധന ഡാറ്റ വിശകലനം ചെയ്യാന്‍ ആരംഭിച്ചിട്ടില്ല. പക്ഷേ കഴിഞ്ഞ വാരാന്ത്യത്തില്‍ കേന്ദ്ര ഗവണ്മെന്റ് ഇവര്‍ക്ക് പരിമിതമായ ഉപയോഗത്തിനുള്ള അനുമതി നല്‍കി

'ഒന്നിലധികം വാക്‌സിനുകള്‍ ഉപയോഗിക്കാനാണ് സാധ്യത,' മുംബൈയിലെ നിര്‍മയ ആശുപത്രിയിലെ സര്‍ജന്‍ അമിത് തദാനി പറഞ്ഞു. 'ഒരു പ്രത്യേക വാക്‌സിന്‍ ഒരു ജില്ലയില്‍ മാത്രം ഉപയോഗിക്കാന്‍ അനുവദിക്കും. അതിനാല്‍ ഒരു പ്രശ്‌നമുണ്ടെങ്കില്‍ ഏത് വാക്‌സിന്‍ കാരണമാണെന്ന് തിരിച്ചറിയാന്‍ എളുപ്പമാണ്.'

കുറഞ്ഞത് 100 കോടി ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ ആസ്ട്രാസെനെക്കയുമായി കരാറുള്ള സെറം, പ്രതീക്ഷിച്ച അംഗീകാരം ലഭിക്കാന്‍ താമസിക്കുന്നതിനാല്‍ ഡിസംബറോടെ പ്രാരംഭ ഉല്‍പാദന ലക്ഷ്യം 10 കോടിയായി കുറച്ചിട്ടുണ്ട്.

എന്നാല്‍, പൂനാവാല ശുഭാപ്തി വിശ്വാസത്തിലാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു രേഖാമൂലമുള്ള കരാര്‍ ഉണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. 'വാക്‌സിനുകള്‍ ഞങ്ങള്‍ പായ്ക്ക് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് അത് വിവിധ സംസ്ഥാനങ്ങളിലേക്ക് ട്രക്കുകളില്‍ അയച്ച് വിതരണം ചെയ്യേണ്ടതുണ്ട്,' കമ്പനി വിതരണത്തിന് തയ്യാറായ 7 കോടി ഡോസുകളെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

അതേസമയം, അന്തിമ പരീക്ഷണ ഫലപ്രാപ്തി ഡാറ്റയുടെ അഭാവമുണ്ടായിട്ടും ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് നിയന്ത്രിത അനുമതി നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനം നിരീക്ഷകരെ അമ്പരപ്പിച്ചു. ഓഗസ്റ്റില്‍, കമ്പനിയുടെ ചെയര്‍മാന്‍ കൃഷ്ണ എല്ല ഒരു കോണ്‍ഫറന്‍സില്‍ അവരുടെ വാക്‌സിന്‍ കുപ്പിവെള്ളത്തേക്കാള്‍ വിലകുറഞ്ഞതായിരിക്കുമെന്ന് പറഞ്ഞു. ഇത് സെറം അസ്ട്രാസെനെക്കയുടെ വാക്‌സിന്‍ വിലയുടെ പകുതിയില്‍ താഴെയാണ്.

ഒരു വാക്‌സിന്‍ നിര്‍മ്മാതാവിനെ മാത്രം ആശ്രയിക്കാന്‍ ഇന്ത്യ ആഗ്രഹിക്കാത്തതുകൊണ്ടാകാം പെട്ടെന്നുള്ള ഭാരത് ബയോടെക് വാക്‌സിന്റെ അംഗീകാരം എന്ന് നിരീക്ഷകര്‍ കരുതുന്നു.

ഇന്ത്യയ്ക്ക് പുറത്ത്, ആസ്ട്രാസെനെക്ക സര്‍ക്കാരുകള്‍ക്ക് മാത്രമാണ് വിതരണം ചെയ്യുന്നത്, കമ്പനികളുമായോ വ്യക്തികളുമായോ ഇതുവരെ സ്വകാര്യ ഇടപാടുകള്‍ നടത്തിയിട്ടില്ല. പൂനവല്ല പങ്കിട്ട വിലനിര്‍ണ്ണയ പദ്ധതികള്‍ അനുസരിച്ച്, ഉയര്‍ന്ന മാര്‍ജിനില്‍ സ്വകാര്യ വിപണിയിലേക്ക് മാസങ്ങള്‍ക്കുള്ളില്‍ പ്രവേശനം നേടാന്‍ സെറം ആഗ്രഹിക്കുന്നു. അവിടെ വാക്‌സിന്റെ വില അഞ്ച് മടങ്ങ് വരെ വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നു.

സെറം ഇപ്പോഴും സര്‍ക്കാരിന്റെ ആദ്യ ഉത്തരവിനായി കാത്തിരിക്കുകയാണ്. വാക്‌സിന്‍ നിര്‍മ്മാതാവിന് ഇത്ര വലിയ ഡോസുകള്‍ മറ്റൊരിടത്തേക്ക് എളുപ്പത്തില്‍ മാറ്റാന്‍ കഴിയില്ലെന്നും കേന്ദ്രത്തിന് അറിയാം.

'ഇന്ത്യ ഗവണ്മെന്റ് ഓരോ വര്‍ഷവും സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ധാരാളം വാക്‌സിനുകള്‍ വാങ്ങുന്നു, അവര്‍ക്ക് ഈ ഗെയിം എങ്ങനെ കളിക്കണമെന്ന് നന്നായി അറിയാം,' ലക്ഷ്മിനാരായണന്‍ പറഞ്ഞു. 'സര്‍ക്കാരിന് കുറച്ചുനേരം കാത്തിരിക്കാം, പക്ഷേ സെറമിനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അത് അത്ര എളുപ്പമാകില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it