Begin typing your search above and press return to search.
ഇലക്ട്രിക് കാറുകള്‍ക്കുള്ള സബ്‌സിഡി പിന്‍വലിച്ച് ഡല്‍ഹി സര്‍ക്കാര്‍, കാരണമിതാണ്
ഇലക്ട്രിക് കാറുകള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡികള്‍ പിന്‍വലിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു കിലോവാട്ട് അവര്‍( KWh) ബാറ്ററി കപ്പാസിറ്റിക്ക് 10,000 രൂപ നിരക്കില്‍ ഒന്നര ലക്ഷം രൂപവരെയാണ് ഇ- കാറുകള്‍ക്ക് സബ്‌സിഡി നല്‍കിയിരുന്നത്. രജിസ്‌ട്രേഷന്‍ ഫീസ്, മറ്റ് നികുതികള്‍ എന്നിവയും ഇലക്ട്രിക് കാറുകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.
ഇ-കാറുകള്‍ക്ക് നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ തുടരില്ലെന്ന് ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ആണ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യം ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന നയം അനുസരിച്ച് ആദ്യ 1000 കാറുകള്‍ക്കായിരുന്നു ആനുകൂല്യങ്ങള്‍. ഈ ലക്ഷ്യം കൈവരിച്ചതിനെ തുടര്‍ന്നാണ് സബ്‌സിഡികള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 15 ലക്ഷം രൂപ മുടക്കി ഇ-കാറുകള്‍ വാങ്ങുന്നവര്‍ക്ക് സബ്‌സിഡി ഇല്ലെങ്കിലും പ്രശ്‌നമുണ്ടാകില്ലെന്നും ഏറ്റവും യോഗ്യരായവര്‍ക്ക് സബ്‌സിഡി നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.
ഇരു ചക്ര വാഹനങ്ങള്‍, പൊതു ഗതാഗത മേഖല, ചരക്കു ഗതാഗതം തുടങ്ങിയ വിഭാഗങ്ങളില്‍ 10 ദശലക്ഷത്തില്‍ അധികം വാഹനങ്ങള്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലിനീകരണത്തിൻ്റെ വലിയൊരു പങ്കും ഉണ്ടാക്കുന്നത് ഈ വിഭാഗത്തിലെ വാഹനങ്ങളാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുതിയില്‍ ഓടുന്ന ഇരു ചക്ര മുച്ചക്ര വാഹനങ്ങള്‍ക്ക് ഒരു കിലോ വാട്ടിന് 5000 രൂപ നിരക്കില്‍ 30000 രൂപവരെയാണ് സബ്‌സിഡിയായി നല്‍കുന്നത്.
Next Story
Videos