പതഞ്ജലിയുടെ പല്‍പ്പൊടിയില്‍ മീന്‍ പൊടി; രാംദേവിന് ഹൈക്കോടതി നോട്ടീസ്

ഉല്‍പന്നത്തിന്റേത് തെറ്റായ ബ്രാൻഡിംഗ് ആണെന്നും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിന്റെ ലംഘനമാണെന്നും ആരോപണം
tooth powder Divya Manjan
Image Courtesy: Canva, divyayoga.com
Published on

തുടര്‍ച്ചയായി വിവാദങ്ങളില്‍പ്പെട്ട് ഉഴലുകയാണ് ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുളള പതഞ്ജലി ആയുർവേദ. കമ്പനിയുടെ ഹെർബൽ ടൂത്ത് പൗഡറായ 'ദിവ്യ ദന്ത് മഞ്ജൻ' മാംസാഹാരം അടങ്ങിയതാണ് എന്നാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ യതിൻ ശർമ്മ എന്ന അഭിഭാഷകനാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്.

ഉൽപന്നത്തിലുളളത് ഗ്രീന്‍ ഡോട്ട്

ഹർജി പരിഗണിച്ച കോടതി പതഞ്ജലി ആയുർവേദ, ബാബാ രാംദേവ്, കേന്ദ്ര സർക്കാർ, പതഞ്ജലിയുടെ ദിവ്യ ഫാർമസി എന്നിവയ്ക്ക് നോട്ടീസ് അയച്ചു. സസ്യാധിഷ്ഠിതമായ ആയുർവേദ ഉൽപന്നമായാണ് 'ദിവ്യ ദന്ത് മഞ്ജൻ' വളരെക്കാലമായി പരസ്യം ചെയ്തിരുന്നത്. അതേസമയം മത്സ്യത്തിന്റെ സത്തിൽ നിന്ന് വേര്‍തിരിച്ച് എടുക്കുന്ന സെപിയ അഫിസിനാലിസ് ഉൽപ്പന്നത്തിൽ അടങ്ങിയിട്ടുണ്ടെന്നാണ് സമീപകാല ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നതെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

പതഞ്ജലിയുടെ ദിവ്യ മഞ്ജന്റെ കവറില്‍ സസ്യാഹാര ഉൽപന്നങ്ങളെ സൂചിപ്പിക്കുന്ന പച്ച ഡോട്ട് (ഗ്രീന്‍ ഡോട്ട്) ഉണ്ടെന്ന് യതിൻ ശർമ്മ സമർപ്പിച്ച ഹർജിയിൽ പറയുന്നു. എന്നാൽ ഉല്‍പന്നം നിര്‍മിക്കാന്‍ ഉപയോഗിച്ച ചേരുവകളുടെ പട്ടികയിൽ സെപിയ അഫിസിനാലിസ് അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായി കാണിക്കുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം

ഇത് തെറ്റായ ബ്രാൻഡിംഗ് ആണെന്നും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിന്റെ ലംഘനമാണെന്നും ഹർജിക്കാരൻ പറയുന്നു. മതവിശ്വാസങ്ങൾ സസ്യേതര ചേരുവകൾ കഴിക്കുന്നത് നിരോധിച്ചിക്കുന്ന ആളുകളെ വഞ്ചിക്കുന്നതാണ് ഇത്. നോൺ വെജിറ്റേറിയൻ ഉൽപന്നം അശ്രദ്ധമായി പരസ്യം ചെയ്യുന്നതു മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. നവംബർ 28 നാണ് കോടതി അടുത്ത വാദം കേള്‍ക്കുക.

പതഞ്ജലിയെയും സ്ഥാപകരായ ബാബ രാംദേവിനെയും ആചാര്യ ബാലകൃഷ്‌ണയെയും വഞ്ചനാപരമായ പരസ്യ പ്രചാരണ രീതികളില്‍ ഏർപ്പെട്ടതിന് കഴിഞ്ഞ മാസം ആദ്യം സുപ്രീം കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പതഞ്ജലിയുടെ ആയുർവേദ ഉൽപന്നങ്ങളുടെ എല്ലാ തെറ്റിദ്ധാരണാജനകമായ പരസ്യങ്ങളും നീക്കം ചെയ്യാനും പൊതുജനങ്ങളോട് മാപ്പ് പറയാനും സുപ്രീം കോടതി ആവശ്യപ്പെടുകയും ഉണ്ടായി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com