

ഡല്‍ഹി മെട്രോ ട്രെയിനുകളില്‍ ഇനി ചരക്കുനീക്കവും. ലോജിസ്റ്റിക് കമ്പനിയായ ബ്ലൂഡാര്‍ട്ടുമായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) ഇതുസംബന്ധിച്ച കരാറിലെത്തി. സൗത്ത് ഏഷ്യ പസിഫിക് മേഖലയില്‍ ആദ്യമായാണ് മെട്രോ റെയില്‍ ശൃംഖല ചരക്കുനീക്കത്തിന് ഉപയോഗിക്കുന്നത്. മെട്രോ സര്‍വീസുകളെ ബാധിക്കാത്ത രീതിയില്‍ തിരക്കുകുറഞ്ഞ സമയത്തായിരിക്കും നിലവിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചരക്കുനീക്കം. കൊവിഡ് മഹാമാരിക്ക് ശേഷം കോര്‍പറേഷന് സംഭവിച്ച വരുമാന നഷ്ടം നികത്താനും റോഡിലെ തിരക്കും പരിസ്ഥിതി മലിനീകരണവും കുറക്കാനും ഇതിലൂടെ സാധിക്കുമെന്നും ഡി.എം.ആര്‍.സി വ്യക്തമാക്കി.
മെട്രോ ട്രെയിനുകള്‍ ഉപയോഗിച്ചുള്ള ചരക്ക് നീക്കം ലോജിസ്റ്റിക് മേഖലയില്‍ പുതുമയുള്ള കാര്യമല്ലെങ്കിലും ഇതുവരെയും ഇന്ത്യയില്‍ വിജയകരമായി ഉപയോഗിച്ചിരുന്നില്ല. ഡല്‍ഹി മെട്രോയുടെ ദ്വാരക-ന്യൂഡല്‍ഹി എയര്‍പോര്‍ട്ട് ലെയിന്‍ ഉദ്ഘാടന സമയത്ത് ഇക്കാര്യം പരീക്ഷിച്ചിരുന്നെങ്കിലും വേണ്ടത്ര വിജയം കണ്ടിരുന്നില്ല. മുഴുവന്‍ ലൈനുകളെയും ബന്ധിപ്പിച്ചാലേ ഫലം കാണാനാവൂ എന്നായിരുന്നു വിലയിരുത്തല്‍. ആഗോളതലത്തില്‍ മെട്രോ സര്‍വീസുകള്‍ വരുമാന വര്‍ധനക്കുള്ള സാധ്യതകള്‍ തേടിക്കൊണ്ടിരിക്കുകയാണെന്ന് ഡി.എം.ആര്‍.സി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം സ്‌പെയിനിലെ മാഡ്രിഡ് മെട്രോ പരീക്ഷണാടിസ്ഥാനത്തില്‍ പാഴ്‌സല്‍ ഡെലിവറി സര്‍വീസ് ആരംഭിച്ചതും കോര്‍പറേഷന്‍ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാരെ ഒഴിവാക്കി പ്രത്യേകം ഡിസൈന്‍ ചെയ്ത ട്രെയിനാണ് മാഡ്രിഡ് മെട്രോ ഇതിനായി ഉപയോഗിച്ചിരുന്നത്. പുതിയ പദ്ധതി നടപ്പിലാക്കാന്‍ മാഡ്രിഡ് മെട്രോ അധികൃതരുടെ ഉപദേശം തേടിയതായും ഡി.എം.ആര്‍.സി വ്യക്തമാക്കി.
യാത്രക്കാരെ പൂര്‍ണമായും ഒഴിവാക്കാതെ തിരക്കില്ലാത്ത സമയങ്ങളില്‍ ട്രെയിനിലെ അധിക സ്ഥലം ഉപയോഗപ്പെടുത്താനാണ് ഡി.എം.ആര്‍.സി തീരുമാനം. യാത്രക്കാര്‍ കുറവുള്ള ട്രെയിനിലെ അവസാന കോച്ചുകളായിരിക്കും ചരക്കുനീക്കത്തിന് മാറ്റിവെക്കുക. യാത്രക്കാര്‍ക്ക് ഒരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിലായിരിക്കും പദ്ധതി. ആദ്യഘട്ടത്തില്‍ ബ്ലൂലെയിനിലെ ചില റൂട്ടുകളില്‍ പരീക്ഷണം നടത്തിയിരുന്നു. ഉടന്‍ തന്നെ മെട്രോയുടെ മറ്റ് സര്‍വീസുകളിലേക്കും വ്യാപിപ്പിക്കുമെന്നും ഡി.എം.ആര്‍.സി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് അനുവദിച്ചിരിക്കുന്ന ലഗേജുകളുടെ അതേ വലിപ്പത്തിലായിരിക്കും ലോജിസ്റ്റിക് കമ്പനിയുടെ പാഴ്‌സലുകളും കൈകാര്യം ചെയ്യുക.
Read DhanamOnline in English
Subscribe to Dhanam Magazine