രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിന്‍ ഈ റൂട്ടില്‍ വരുന്നൂ; വിശദാംശങ്ങള്‍ ഇങ്ങനെ

കൂടുതല്‍ സൗകര്യങ്ങളുമായി എത്തുന്ന നവീകരിച്ച വന്ദേഭാരത് ട്രെയിനുകളാകും ഈ റൂട്ടില്‍ ഓടുക
Image courtesy: Indian railways
Image courtesy: Indian railways
Published on

രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ. അഗ്ര-ഡല്‍ഹി റൂട്ടിലാകും ഹൈസ്പീഡ് വന്ദേഭാരത് ട്രെയിന്‍ ഓടിക്കുക. വെറും 90 മിനിറ്റു കൊണ്ട് ഈ ട്രെയിന്‍ 200 കിലോമീറ്റര്‍ ദൂരം ഓടിയെത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ ഈ റൂട്ടില്‍ സര്‍വീസിന് എടുക്കുന്നുണ്ട്.

വന്ദേഭാരതിന് 160 കിലോമീറ്റര്‍ വരെ സ്പീഡ് ആര്‍ജിക്കാന്‍ സാധിക്കുമെങ്കിലും റെയില്‍വേ ട്രാക്കുകളുടെ അവസ്ഥയും മറ്റു കാരണങ്ങളും മൂലം ഇത് സാധിച്ചിരുന്നില്ല. ഡല്‍ഹിക്കും ഉത്തര്‍പ്രദേശിനും ഇടയിലുള്ള ഈ സര്‍വീസ് വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സര്‍വീസ് ജൂലൈ മുതല്‍

ഡല്‍ഹി-അഗ്ര സര്‍വീസ് ജൂലൈയില്‍ ആരംഭിക്കുമെന്നാണ് വിവരം. അടുത്ത മാസം അവസാനം പരീക്ഷണയോട്ടം നടക്കും. 16 ബോഗികളാകും ഉണ്ടാകുക. വിനോദസഞ്ചാരത്തിനായി എത്തുന്നവര്‍ക്ക് അനുയോജ്യമായ സമയത്താകും ട്രെയിനിന്റെ യാത്ര ക്രമീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ സൗകര്യങ്ങളുമായി എത്തുന്ന നവീകരിച്ച വന്ദേഭാരത് ട്രെയിനുകളാകും ഈ റൂട്ടില്‍ ഓടുക. യാത്രക്കാരുടെ സുരക്ഷ, സൗകര്യം എന്നിവ വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് അത്യാധുനിക സാങ്കേതികവിദ്യയാണ് പുതിയ വന്ദേഭാരതില്‍ ഉപയോഗിക്കുന്നത്.

കൂടുതല്‍ മെച്ചപ്പെട്ട സീറ്റുകളാണ് പുതിയ വന്ദേഭാരതിനുള്ളത്. നിലവിലെ വന്ദേഭാരതിനേക്കാള്‍ വേഗത്തില്‍ പുതിയ പതിപ്പിന് സഞ്ചരിക്കാന്‍ കഴിയും. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് പുതിയ വന്ദേഭാരത് നിര്‍മ്മിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേ പുതുതായി ആരംഭിക്കുന്ന വന്ദേമെട്രോ സര്‍വീസുകളും അധികം വൈകാതെ ട്രാക്കിലെത്തുമെന്നാണ് വിവരം. 150-200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ ട്രെയിനിന്റെ പരീക്ഷണയോട്ടം കഴിഞ്ഞദിവസം പല്‍വാല്‍-വൃന്ദാവന്‍ റൂട്ടില്‍ നടത്തിയിരുന്നു. 8 കോച്ചുകളുള്ള ട്രെയിന്‍ 160 കിലോമീറ്റര്‍ വേഗത്തിലാണ് പരീക്ഷണയോട്ടം നടത്തിയത്.

നിലവില്‍ വന്ദേഭാരത് സര്‍വീസുകളിലെ സീറ്റുകളില്‍ 96.62 ശതമാനവും ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. വന്ദേഭാരതില്‍ യാത്രക്കാരുടെ സുഖ, സുരക്ഷിത സൗകര്യങ്ങള്‍ക്കായി ആധുനിക ഫീച്ചറുകളും സംവിധാനങ്ങളുമാണുള്ളത്. ഓട്ടോമാറ്റിക് പ്ലഗ് ഡോറുകള്‍, ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജിംഗ് സൗകര്യം, സുരക്ഷ ഉറപ്പാക്കുന്ന കവച് സംവിധാനം എന്നിവ അവയില്‍ ചിലതാണ്.

റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മാറുന്നതോടെ പുതിയ ആപ്പ് പുറത്തിറക്കാനാണ് പദ്ധതി. യാത്രക്കാര്‍ക്ക് എല്ലാ ട്രെയിന്‍ സേവനങ്ങളും ഒരു ആപ്പില്‍ നിന്ന് തന്നെ ലഭിക്കുമെന്നതാണ് സൂപ്പര്‍ ആപ്പിന്റെ പ്രത്യേകത.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com