ആശങ്ക വിതച്ച് ഡെല്‍റ്റ പ്ലസ്, കോവിഡ് മൂന്നാംതരംഗം ആസന്നമോ?

കൊറണ വൈറസിന്റെ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദം ഡെല്‍റ്റ പ്ലസ് മൂന്നാംതരംഗത്തിന് തിരികൊളുത്തുമോ? കോവിഡ് രണ്ടാംതരംഗത്തില്‍ നിന്ന് പുറത്തുകടന്നുവെന്ന ആശ്വാസം അധികകാലം നീളും മുമ്പേ മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കൂടുന്നതാണ് ഈ ആശങ്കയുടെ അടിസ്ഥാനം. മഹാരാഷ്ട്രയില്‍ കോവിഡ് ആക്ടിവ് കേസുകള്‍ കൂടുകയാണ്. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പത്തുശതമാനത്തോളം കുട്ടികളുമാണ്.

കോവിഡ് കേസുകള്‍ കൂടിയതോടെ മൂന്നാംതരംഗം മുന്നില്‍ കണ്ടുള്ള ഒരുക്കങ്ങള്‍ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത രണ്ടുമുതല്‍ നാല് ആഴ്ചക്കുള്ളില്‍ മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാംതരംഗം വരാനിടയുണ്ടെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവിദഗ്ധരും അധികൃതരും.

മധ്യപ്രദേശിലും ഡെല്‍റ്റ പ്ലസ് വകഭേദം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെല്‍റ്റ പ്ലസ് വകഭേദത്തെ കടുത്ത ആശങ്ക സൃഷ്ടിക്കുന്ന ഗണത്തിലേക്ക് ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം നീതി ആയോഗ് അംഗം (ഹെല്‍ത്ത്) വി. കെ പോള്‍ വ്യക്തമാക്കിയത്. മാര്‍ച്ച് മാസത്തില്‍ യൂറോപ്പില്‍ ഈ വകഭേദം കണ്ടെത്തിയെങ്കിലും ജൂണ്‍ 13നാണ് ഇത് പൊതുജനങ്ങളില്‍ കൂടുതല്‍ പ്രകടമായി കണ്ടെത്തിയിരിക്കുന്നത്.
ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയായി ഡെല്‍റ്റ
അതിനിടെ ഇന്ത്യയില്‍ കോവിഡ് രണ്ടാംതരംഗ കാലത്ത് അതിതീവ്ര വ്യാപനശേഷിയോടെ വിനാശം വിതച്ച ഡെല്‍റ്റ വകഭേദം കൂടുതല്‍ ലോക രാജ്യങ്ങളില്‍ കണ്ടെത്തി. കോവിഡ് വ്യാപനത്തില്‍ നിന്ന് തലയൂരിയെന്ന ആശ്വാസത്തില്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്‍ പദ്ധതിയിട്ടിരുന്ന രാജ്യങ്ങളിലെല്ലാം തന്നെ ആശങ്ക ഉയര്‍ത്തുകയാണിത്.

കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനിരുന്ന ബ്രിട്ടന്‍ ഇത് നാലാഴ്ച കൂടി വൈകിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബ്രിട്ടനില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകളില്‍ 90 ശതമാനത്തിനും കാരണം അതിതീവ്ര വ്യാപനശേഷിയുള്ള വൈറസാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം 80 രാജ്യങ്ങളില്‍ ഇതിനകം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് -19 ടെക്‌നിക്കല്‍ ലീഡ് അടുത്തിടെ പ്രസ്താവിച്ചിട്ടുണ്ട്.

അമേരിക്കയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ ആറു ശതമാനത്തിന് കാരണം ഡെല്‍റ്റ വകഭേദമാണ്. കൊറോണ വൈറസിന്റെ 50 ലേറെ വകഭേദങ്ങള്‍ ഇപ്പോള്‍ തന്നെ ലോകാരോഗ്യസംഘടന കണ്ടെത്തിയിട്ടുണ്ടെങ്കിലും അതില്‍ കുറച്ചുമാത്രമേ ആശങ്ക ഉണര്‍ത്തുന്നതെന്ന് ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.

കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടുന്നത് മൂന്നാംതരംഗത്തിന് വഴിമരുന്നിടുമെന്ന സൂചന രാജ്യാന്തര മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it