യൂബർ വിളിക്കുന്നതിൽ പകുതിയിലേറെ പേർക്കും കാർ വേണ്ട, ഓട്ടോയും ബൈക്കും മതി; ചെലവു കുറക്കാൻ താൽപര്യം

നഗര, അർദ്ധ നഗര പ്രദേശങ്ങളിൽ കൂടുതല്‍ താങ്ങാനാവുന്ന ഗതാഗതത്തിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയാണ് കണ്ടുവരുന്നത്
autorickshaws on road
Image Created with AI
Published on

നഗരങ്ങളില്‍ ജനങ്ങളുടെ യാത്രാ പരിഗണനകളില്‍ വലിയ മാറ്റം വന്നുകൊണ്ടിരിക്കുന്നതായി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ യൂബറിന്റെ കണ്ടെത്തല്‍. ഇന്ത്യയിലെ 60 ശതമാനം യൂബർ ഉപയോക്താക്കളും ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ് ഇപ്പോൾ ഇഷ്ടപ്പെടുന്നത്. ഓരോ അഞ്ച് യാത്രകളിൽ മൂന്നിൽ കൂടുതലും ഇപ്പോൾ ഇരുചക്രവാഹനങ്ങളിലോ മുച്ചക്രവാഹനങ്ങളിലോ ആണെന്നും യൂബര്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

തിരക്കേറിയ നഗര, അർദ്ധ നഗര പ്രദേശങ്ങളിൽ കൂടുതല്‍ വഴക്കമുള്ള താങ്ങാനാവുന്ന ഗതാഗതത്തിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയാണ് കണ്ടുവരുന്നത്. ഈ സാഹചര്യമാണ് ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പ്രിയം വര്‍ദ്ധിപ്പിക്കുന്നത്. കര്‍ണാടകയില്‍ അടുത്തിടെ ഇരുചക്ര വാഹന ടാക്സിക്ക് നിരോധനം ഏര്‍പ്പെടുത്തിയത് വന്‍ ജനരോക്ഷത്തിന് ഇടയാക്കിയിരുന്നു. സ്വകാര്യ വാഹനങ്ങള്‍ വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് എതിരെയായിരുന്നു നിരോധനം. എന്നാല്‍ മിതമായ നിരക്കില്‍ ലക്ഷ്യസ്ഥാനത്ത് എത്താമെന്നുളള നേട്ടം മൂലം ഒട്ടേറെ ആളുകളാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇന്ത്യയിലെ റൈഡ്-ഹെയ്‌ലിംഗ് വിപണിയെ നയിക്കുന്ന യൂബറിന് ഏകദേശം 14 ലക്ഷം ഡ്രൈവർമാരാണ് പങ്കാളികളായി ഉളളത്. 2024 ൽ ഇത് 10 ലക്ഷമായിരുന്നു. ഈ മേഖലയിലെ സ്ഥിരമായ ഡിമാൻഡ് വളർച്ചയെ പ്രതിഫലിപ്പിക്കുന്നതാണ് ഡ്രൈവര്‍മാരുടെ എണ്ണത്തിലുളള വര്‍ധന.

അതേസമയം വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ യൂബര്‍ പിറകിലാണ്. ഇരുചക്ര, മുച്ചക്ര, നാലു ചക്ര വാഹന വിഭാഗങ്ങളിലായി 25,000 ഇലക്ട്രിക് വാഹനങ്ങളാണ് കമ്പനി പ്രവർത്തിപ്പിക്കുന്നത്. 14 ലക്ഷം വാഹനങ്ങളിൽ 2 ശതമാനത്തിൽ താഴെ മാത്രമാണ് ഇ.വി കളുടെ പങ്ക്. വാഹനത്തിന്റെ ഉയർന്ന വില, ഇലക്ട്രിക് വാഹനങ്ങളുടെ മൂല്യ ശോഷണം, അപര്യാപ്തമായ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ഇ.വി കളിലേക്ക് മാറുന്നതിനുളള പ്രധാന വെല്ലുവിളികള്‍.

According to Uber's report, demand for two-wheelers and auto-rickshaws is rising as more users in Indian cities prefer affordable transportation options.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com