Begin typing your search above and press return to search.
വിമാനയാത്ര മുടങ്ങിയോ ? 20,000 രൂപ വരെ നഷ്ടപരിഹാരം കിട്ടാന്‍ വഴിയുണ്ട്
അപ്രതീക്ഷിതമായുണ്ടാകുന്ന വിമാന സര്‍വീസ് റദ്ദാക്കലും കാലതാമസവുമൊക്കെ യാത്രക്കാരെ വലയ്ക്കാറുണ്ട്. ഇത്തരത്തില്‍ നിങ്ങളുടേതല്ലാത്ത കാരണത്താല്‍ വിമാനക്കമ്പനികള്‍ ബോര്‍ഡിംഗ് നിഷേധിക്കുകയോ സര്‍വീസുകള്‍ റദ്ദാക്കുകയോ ചെയ്താല്‍ 20,000 രൂപ വരെ നഷ്ടപരിഹാരം നേടാം. അര്‍ഹമായ നഷ്ടപരിഹാരം ചോദിച്ചു വാങ്ങാവുന്ന സാഹചര്യങ്ങളെ പരിശോധിക്കാം-
ബോര്‍ഡിംഗ് നിഷേധിക്കുന്ന സാഹചര്യങ്ങള്‍
1. വിമാനകമ്പനി അധിക ബുക്കിംഗ് നടത്തിയതിലൂടെ നിങ്ങളുടെ ബോര്‍ഡിംഗ് നിഷേധിക്കപ്പെടുകയാണെങ്കില്‍ എയര്‍ലൈന്‍ ജീവനക്കാരുടെ സീറ്റുകള്‍ നല്കണമെന്ന് നിങ്ങള്‍ക്ക് ആവശ്യപ്പെടാം.
2. സ്ഥിരീകരിച്ച ടിക്കറ്റ് ഉണ്ടായിട്ടും യാത്രക്കാരന്റെ ബോര്‍ഡിംഗ് നിഷേധിച്ചെന്നിരിക്കട്ടെ. വിമാനം പുറപ്പെട്ട അടുത്ത ഒരു മണിക്കൂറിനുള്ളില്‍ കമ്പനി മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അവസരം ഒരുക്കിതന്നാല്‍ നഷ്ടപരിഹാരം ലഭിക്കുകയില്ല.
വിമാനം പുറപ്പെട്ടു 24 മണിക്കൂറിനുള്ളിലാണ് എയര്‍ലൈന്‍ മറ്റൊരു യാത്ര ക്രമീകരിച്ചുതരുന്നതെങ്കില്‍ പരമാവധി 10,000 രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. 24 മണിക്കൂറിന് ശേഷമാണ് എയര്‍ലൈന്‍ ബദല്‍ സര്‍വീസ് ഒരുക്കിതന്നതെങ്കില്‍ പരമാവധി 20,000 രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. യാത്രക്കാരന് ബദല്‍ വിമാന സര്‍വീസ് വേണ്ടായെന്ന തീരുമാനമാണെങ്കില്‍ എയര്‍ലൈന്‍ മുഴുവന്‍ തുകയും റീഫണ്ടായി നല്‍കുകയും പരമാവധി 20,000 രൂപ വരെ നഷ്ടപരിഹാരം നല്‍കുകയും വേണം.
സര്‍വീസ് റദ്ദാക്കപ്പെടുന്ന സാഹചര്യങ്ങള്‍
1. ഒരു സര്‍വീസ് റദ്ദാക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും കമ്പനി യാത്രക്കാരെ അറിയിക്കുകയും ബദല്‍ മാര്‍ഗം ഒരുക്കുകയും വേണം. വിമാനം പുറപ്പെടേണ്ടതിന് രണ്ടാഴ്ചയ്ക്കുള്ളിലോ 24 മണിക്കൂറിനു മുമ്പോ സര്‍വീസ് റദ്ദാക്കുകയാണെങ്കില്‍ പുറപ്പെടേണ്ട സമയത്തിന് 2 മണിക്കൂറിനകം ബദല്‍ സര്‍വീസ് ക്രമീകരിച്ചു നല്‍കണം. ഇല്ലാത്തപക്ഷം മുഴുവന്‍ തുകയും റീഫണ്ടായി ആവശ്യപ്പെടാം.
2.വിമാനം പുറപ്പെടുന്നതിന്റെ 24 മണിക്കൂറിനുള്ളില്‍ ഒരു സര്‍വീസ് റദ്ദാക്കപ്പെടുന്ന സാഹചര്യങ്ങളില്‍ എയര്‍ലൈന്‍ മുഴുവന്‍ ടിക്കറ്റ് തുകയും റീഫണ്ട് ചെയ്യുകയും നഷ്ടപരിഹാരം നല്‍കുകയും വേണം. ഒരു മണിക്കൂറിനു മുമ്പാണ് സര്‍വീസ് റദ്ദാക്കപ്പെടുന്നതെങ്കില്‍ പരമാവധി 5,000 രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. ഒരു മണിക്കൂറിനും രണ്ട് മണിക്കൂറിനും ഇടയിലാണെങ്കില്‍ നഷ്ടപരിഹാരം പരമാവധി 7,500 രൂപയും രണ്ടു മണിക്കൂറിലധികം സമയത്തിന് നഷ്ടപരിഹാരം 10,000 രൂപ വരെയുമാണ്.
അപ്രതീക്ഷിതമായ പ്രകൃതിദുരന്തങ്ങള്‍ പോലുള്ള കാരണങ്ങള്‍ കൊണ്ട് എയര്‍ലൈന്‍ സര്‍വീസുകള്‍ റദ്ദാക്കുകയാണെങ്കില്‍ നഷ്ടപരിഹാരങ്ങളോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കുകയില്ല.
Next Story
Videos