ഡെന്റ് കെയർ 5,000 കോടിയുടെ ഐ.പി.ഒക്ക്; പ്രൈവറ്റ് ഇക്വിറ്റി പങ്കാളി നിർണയം രണ്ടാഴ്ചക്കകം

പ്രൈവറ്റി ഇക്വിറ്റി വഴി സമാഹരിക്കുന്നത് 135 കോടി; ഐ.സി.ഐ.സി.ഐയും ആക്സിസ് ബാങ്കും രംഗത്ത്
Image of John Kuriakose - Founder, DentCare Dental Lab
John Kuriakose - Founder, DentCare Dental Lab
Published on

കൃത്രിമ ദന്ത നിർമാണത്തിൽ ആഗോള തലത്തിൽ മുൻനിര സ്ഥാപനമായി വളർന്ന മലയാളി സംരംഭം ‘ഡെന്റ് കെയർ’ വളർച്ചയുടെ പുതിയ കുതിപ്പിൽ. 5,000 കോടി രൂപയുടെ പ്രാരംഭ ഓഹരി വിൽപന (ഐ.പി.ഒ)ക്കുള്ള പദ്ധതി അണിയറയിൽ തയാറാവുന്നു. പ്രൈവറ്റ് ഇക്വിറ്റിയായി അനുവദിക്കാൻ തീരുമാനിച്ച 10 ശതമാനം ഓഹരി 135 കോടിയോളം രൂപക്ക് ഏറ്റെടുക്കുന്ന കമ്പനി ഏതാണെന്ന് രണ്ടാഴ്ചക്കുള്ളിൽ തീരുമാനമാവുമെന്നും ഡെന്റ്​ കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോൺ കുര്യാക്കോസ് വെളിപ്പെടുത്തി.

1,500 കോടി രൂപ മൂല്യം കണക്കാക്കുന്ന സ്വകാര്യ കമ്പനിയാണ് 1988ൽ മൂവാറ്റുപുഴയിൽ ആരംഭിച്ച ഡെന്റ് കെയർ. രണ്ട് അനുബന്ധ സ്ഥാപനങ്ങൾ ഒഴിച്ചു നിർത്തി 10 ശതമാനം ഓഹരികൾ പ്രൈവറ്റ് ഇക്വിറ്റിയായി അനുവദിക്കാനാണ് തീരുമാനിച്ചത്. ഒരു സ്ഥാപനത്തിന് മാത്രമായി നൽകുന്ന ​ഈ ഓഹരികൾ വാങ്ങാൻ ഐ.സി.ഐ.സി.ഐ, ആക്സിസിസ് ബാങ്ക്, വിപ്രോ തുടങ്ങി വിവിധ സ്ഥാപനങ്ങൾ മുന്നോട്ടു വന്നിട്ടുണ്ട്. ഇവരുമായി ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ഫെബ്രുവരി 10ന് മുമ്പ് തീരുമാനമാവും.

ഐ.പി.ഒ 2030ൽ; ജീവനക്കാർക്കും ഓഹരി

അഞ്ചു വർഷത്തിനു ശേഷം 2030ൽ ഐ.പി.ഒ നടത്താനാണ് ഒരുക്കം. ഓഹരികളിൽ ഒരു പങ്ക് ജീവനക്കാർക്കായി നീക്കിവെക്കും. ഐ.പി.ഒയിലേക്ക് കടക്കുന്നതിനു മുമ്പായി വിവിധ വികസന പദ്ധതികൾ മുന്നോട്ടു നീക്കുകയാണ്. പ്രൈവറ്റ് ഇക്വിറ്റിയിലൂടെ ലഭിക്കുന്ന തുക ഇതിന് വിനിയോഗിക്കും. ഇന്ത്യയിലും പുറത്തുമുള്ള നിർമാണ യൂണിറ്റുകളുടെ എണ്ണം 100 ആയി വർധിപ്പിക്കാനാണ് ലക്ഷ്യം. ഡിജിറ്റൽ, ലേസർ സംവിധാനങ്ങൾ അടക്കം, കൃത്രിമ ദന്തനിർമാണത്തിൽ ലോകത്തു തന്നെ ലഭ്യമായ എല്ലാ സാ​ങ്കേതിക വിദ്യകളും മൂവാറ്റുപുഴയിലെ കമ്പനി ആസ്ഥാനത്ത് സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടുതൽ വികസിപ്പിക്കും.

 ഇന്ത്യക്കുള്ളിൽ 40,000ൽപരം ദന്തഡോക്ടർമാർ ഡെന്റ്കെയറിൽ വിശ്വാസമർപ്പിച്ച് ദന്തനിർമാണ ചുമതല ഏൽപിക്കുന്നുണ്ടെന്ന് ജോൺ കുര്യാക്കോസ് പറഞ്ഞു. ക്രൗൺ ആന്റ് ബ്രിഡ്ജ്, ഇംപ്ലാന്റ്, ലോഹമുക്ത സിർക്കോണിയ, അലൈനർ അടക്കം 450ൽപരം ഇനത്തിലുള്ള കൃത്രിമ ദന്ത നിർമിതികളാണ് ആഗോള നിലവാരത്തിൽ ഡെന്റ്കെയർ ഇപ്പോൾ നടത്തി വരുന്നത്. 4,000ഓളം ജീവനക്കാർ. പ്രതിദിനം 1,500 പല്ലുകളുടെ നിർമാണം നടക്കുന്നു. ഒരോ പല്ലിന്റെയും നിർമാണ-പരിശോധന ഘട്ടങ്ങളിൽ നൂറിലേറെ വിദഗ്ധ ജീവനക്കാർ പങ്കാളികളാണ്. ഡെന്റ് കെയറിനോടനുബന്ധിച്ച ഡെന്റൽ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് വിദഗ്ധ പരിശീലന കോഴ്സുകൾ നടത്തി വരുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com