Begin typing your search above and press return to search.
ചെറുകിട സംരംഭങ്ങള്‍ക്ക് ഇത്ര കൂച്ചുവിലങ്ങ് വേണോ?
ചെറുകിട-ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ) നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കേണ്ടത് വ്യവസായ വളര്‍ച്ചയില്‍ പ്രധാനമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വെച്ച സാമ്പത്തിക സര്‍വേ. നയപരമായ മാറ്റങ്ങളെക്കുറിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണം. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് വായ്പ ലഭിക്കാനുള്ള തടസങ്ങള്‍ മാറ്റണം. കണക്ടിവിറ്റി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണം. വിപണി വിപുലപ്പെടുത്താന്‍ പാകത്തില്‍ കയറ്റുമതി നയം പ്രാബല്യത്തില്‍ കൊണ്ടുവരണം.
ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയില്‍ സുപ്രധാന സ്ഥാനമാണ് എം.എസ്.എം.ഇ മേഖലക്കുള്ളത്. എന്നാല്‍ കടുത്ത നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്. യഥാസമയം വായ്പയും സാമ്പത്തിക സഹായവും ലഭിക്കുന്നതിന് പല തടസങ്ങളാണ്. ലൈസന്‍സിങ്, പരിശോധനകള്‍, നിബന്ധന പൂര്‍ത്തിയാക്കാനുള്ള ശാഠ്യങ്ങള്‍ എന്നിവ ശേഷി വളര്‍ത്തുന്നതില്‍ നിന്ന് ഈ സംരംഭങ്ങളെ പിന്നോട്ട് വലിക്കുന്നു. തൊഴില്‍ ദാതാക്കളാകുന്നതില്‍ തടസം തീര്‍ക്കുന്നു.
സംസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്
എം.എസ്.എ.ഇകളുടെ വളര്‍ച്ചക്ക് സംസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇതു മുന്നില്‍ക്കണ്ട് തടസ-നിയന്ത്രണങ്ങള്‍ മാറ്റിയെടുക്കാന്‍ വിപുലമായ കൂടിയാലോചനക്ക് കേന്ദ്രം മുന്‍കൈയെടുക്കണം. സംരംഭങ്ങളുടെ മാനേജ്‌മെന്റ് തലത്തിലും പരിഷ്‌കരണങ്ങള്‍ നടക്കണം. മനുഷ്യശേഷി മാനേജ്‌മെന്റ്, ധനകാര്യ നിര്‍വഹണം, സാങ്കേതിക വിദ്യ വിപുലപ്പെടുത്തല്‍ എന്നിങ്ങനെ നിര്‍ണായക മേഖലകളില്‍ പരിശീലനം നേടണം. ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ഇതിന് വലിയ റോളുണ്ട്.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 30 ശതമാനം സംഭാവന ചെയ്യുന്ന സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍. നിര്‍മാണ മേഖലയുടെ 45 ശതമാനവും സംഭാവന ചെയ്യുന്നത് ഈ സംരംഭങ്ങളാണ് -സര്‍വേ ചൂണ്ടിക്കാട്ടി.
Next Story
Videos