കേന്ദ്ര മുന്നറിയിപ്പിന് പുല്ലുവില, ഭക്ഷ്യഎണ്ണ വില കുത്തനെ ഉയര്‍ത്തി കമ്പനികള്‍; തിരിച്ചടി ബേക്കറി, ഹോട്ടല്‍ മേഖലയ്ക്കും

നികുതി വര്‍ധിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസം തന്നെ പാമോയില്‍, ഡാള്‍ഡ, സോയാബീന്‍, സൂര്യകാന്തി തുടങ്ങിയ ഉത്പന്നങ്ങളുടെ വില കമ്പനികള്‍ വര്‍ധിപ്പിച്ചു
കേന്ദ്ര മുന്നറിയിപ്പിന് പുല്ലുവില, ഭക്ഷ്യഎണ്ണ വില കുത്തനെ ഉയര്‍ത്തി കമ്പനികള്‍; തിരിച്ചടി ബേക്കറി, ഹോട്ടല്‍ മേഖലയ്ക്കും
Published on

പാമോയില്‍ അടക്കമുള്ള ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനു പിന്നാലെ വില വര്‍ധിപ്പിച്ച് ഭക്ഷ്യഎണ്ണ കമ്പനികള്‍. മിക്ക കമ്പനികളും ആവശ്യത്തിലധികം ഭക്ഷ്യഎണ്ണകള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. മുമ്പ് ഇറക്കുമതി ചെയ്തവയ്ക്ക് വിലകൂട്ടിയ നീക്കത്തിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി തിരുവ കഴിഞ്ഞ മാസം 14നാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. തൊട്ടടുത്ത ദിവസം പാമോയില്‍, സൂര്യകാന്തി ഉള്‍പ്പടെയുള്ളവയ്ക്ക് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചു. നികുതി വര്‍ധിപ്പിക്കുന്നതിന് മുന്‍പ് സ്റ്റോക്ക് ചെയ്ത എണ്ണയാണ് വിവിധ ഉല്‍പ്പന്നങ്ങളാക്കി വില കൂട്ടി വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നാണ് ഭക്ഷ്യ മേഖലയിലുള്ളവരുടെ ആക്ഷേപം.

സര്‍ക്കാര്‍ മുന്നറിയിപ്പ് അവഗണിച്ചു

ഭക്ഷ്യഎണ്ണകളുടെ വില വര്‍ധിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുമ്പ് ഇറക്കുമതി ചെയ്ത എണ്ണയുടെ വില വര്‍ധിപ്പിക്കുന്നത് ശരിയല്ലെന്നും ഉത്സവകാലത്ത് വിലവര്‍ധന വരുത്തരുതെന്നുമായിരുന്നു ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഈ ഉത്തരവ് അവഗണിച്ച് ലിറ്ററിന് 8 മുതല്‍ 22 രൂപ വരെ കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു.

ബേക്കറി ഉത്പന്നങ്ങള്‍ക്ക് വില കൂടും

തീരുവ കൂട്ടിയതിന് ശേഷം ഇവിടേക്ക് ഇറക്കുമതി ചെയ്ത അസംസ്‌കൃത എണ്ണ സംസ്‌കരിച്ച വിവിധ ഉത്പന്നങ്ങളാക്കി വിപണിയില്‍ എത്തിക്കാന്‍ ചുരുങ്ങിയത് 15 ദിവസമെങ്കിലും വേണം. എന്നാല്‍ നികുതി വര്‍ധിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസം തന്നെ പാമോയില്‍, ഡാള്‍ഡ, സോയാബീന്‍, സൂര്യകാന്തി തുടങ്ങിയ ഉത്പന്നങ്ങളുടെ വില കമ്പനികള്‍ വര്‍ധിപ്പിച്ചു. ഇത് അന്യായമാണെന്ന് ബേക്കറി ഉടമകളുടെ സംഘടനയായ ബേക്ക് വണ്‍ പ്രസിഡന്റ് റോയല്‍ നൗഷാദ് പറഞ്ഞു.

റിഫൈന്‍ഡ് ഓയിലുകള്‍ക്ക് നേരത്തെ 5.5 ശതമാനം ആയിരുന്ന ഇറക്കുമതി തിരുവയാണ് കാര്‍ഷിക സെസും സാമൂഹ്യക്ഷേമ സര്‍ചാര്‍ജും സഹിതം 27.5 ശതമാനമായി വര്‍ധിപ്പിച്ചത്. അതേപോലെ അണ്‍ റിഫൈന്‍ഡ് ഓയിലുകള്‍ക്ക് ഇറക്കുമതി തീരുവ 13.75 ശതമാനത്തില്‍ നിന്ന് 35.75 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com