

എണ്ണ ശേഖരത്തില്‍ സാക്ഷാല്‍ സൗദി അറേബ്യയേക്കാളും മുന്നില്‍. എന്നിട്ടും 80 ശതമാനത്തിലധികം പേരും ദാരിദ്ര്യത്തില്‍. ലോകത്തെ ഏറ്റവും വലിയ എണ്ണ സമ്പത്തുള്ള രാജ്യത്ത് രാഷ്ട്രീയ അട്ടിമറി നടക്കുമ്പോള്‍ ആഗോള വിപണിയില്‍ ക്രൂഡ്ഓയില്‍ വില തിളയ്‌ക്കേണ്ടതാണ്. എന്നാല്‍ സംഭവിച്ചതോ നേരെ മറിച്ചും. എണ്ണവില കുതിച്ചുയര്‍ന്നില്ലെന്ന് മാത്രമല്ല കുറയുകയും ചെയ്തു.
എന്തുകൊണ്ടാണ് വെനസ്വേല പ്രതിസന്ധി ആഗോള എണ്ണ ഇടപാടുകളെ സ്വാധീനിക്കാത്തത്. അതിന് കാരണങ്ങള്‍ പലതാണ്. ലോകത്തെ വലിയ എണ്ണ ശേഖരമുള്ള രാജ്യമാണെങ്കിലും ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ ഉത്പാദനം നിലവില്‍ കുറഞ്ഞ അളവിലാണ്. നിലവിലെ പ്രതിദിന ഉത്പാദനം 9-10 ലക്ഷം ബാരല്‍ മാത്രമാണ്. ആഗോള എണ്ണവിതരണത്തിന്റെ കേവലം ഒരു ശതമാനം മാത്രമാണിത്.
ആഗോളതലത്തിലെ എണ്ണശേഖരത്തിന്റെ 18 ശതമാനമാണ് വെനസ്വേലയ്ക്കുള്ളത്. സൗദി അറേബ്യയ്ക്ക് 16 ശതമാനം വിഹിതം മാത്രമാണ് അവകാശപ്പെടാനുള്ളത്. ഇങ്ങനെയുള്ളപ്പോഴും വെറും 10 ലക്ഷം ബാരലിലേക്ക് മാത്രമായി നിക്കോളസ് മഡ്യൂറോയുടെ രാജ്യത്തെ എണ്ണ ഉത്പാദനം ഇടിഞ്ഞു. ഇവിടെയാണ് അമേരിക്കന്‍ ഉപരോധത്തിന്റെ ശക്തി മനസിലാകുന്നത്.
യുഎസിന്റെ നോട്ടപ്പുള്ളിയാണ് വെനസ്വേല. ഹ്യൂഗോ ഷാവേസിന്റെ കാലം മുതലേയുള്ളതാണ് ഇത്. ഷാവേസ് മാറി മഡ്യൂറോ വന്നിട്ടും അമേരിക്ക നയംമാറ്റിയില്ല. വെനസ്വേലയുടെ വരുമാന മാര്‍ഗമായ എണ്ണയില്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഉള്ള സമ്പത്തു പോലും കൃത്യമായി ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ആ രാജ്യം മാറി. യുഎസിന്റെ ഉപരോധത്തിന് മുമ്പ് വെനസ്വേലയുടെ എണ്ണ കയറ്റുമതിയുടെ 35 ശതമാനം വരെ ഇന്ത്യ വാങ്ങിയിരുന്നു.
ഇപ്പോള്‍ എണ്ണ ഉത്പാദിപ്പിച്ചാലും അതൊന്നും വിറ്റഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ് വെനസ്വേല. എണ്ണ ഏറെ കൈയിലുണ്ടായിട്ടും അതൊന്നും വിറ്റഴിച്ച് സമ്പത്ത് വര്‍ധിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണവര്‍. പുതിയ രാജ്യങ്ങള്‍ എണ്ണ കയറ്റുമതിയില്‍ സജീവമായതോടെ വെനസ്വേലയുടെ പ്രസക്തി മങ്ങി. നിലവില്‍ വെനസ്വേലയിലുണ്ടാകുന്ന ഏറ്റവും വലിയ ചലനം പോലും അന്താരാഷ്ട്ര എണ്ണ മാര്‍ക്കറ്റിനെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
എണ്ണനിയന്ത്രണം തങ്ങള്‍ ഏറ്റെടുക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരമൊരു നീക്കം ഫലത്തില്‍ ആഗോള വിപണിയിലേക്ക് എണ്ണ ഒഴുക്കാനിടയുണ്ട്. ലഭ്യത കൂടുന്നതോടെ എണ്ണവില ഇപ്പോഴുള്ള 60 ഡോളറില്‍ നിന്ന് താഴേക്ക് പോയേക്കും. അമേരിക്കയുടെ താളത്തിനൊത്ത് തുള്ളുന്നൊരു സര്‍ക്കാരാകും വെനസ്വേലയില്‍ വരിക. ഉപരോധം നീക്കി ട്രംപ് അവര്‍ക്ക് സന്തോഷിക്കാനുള്ള വക നല്കിയേക്കും.
ഇപ്പോള്‍ തന്നെ വിപണിയിലേക്ക് വലിയതോതില്‍ എണ്ണ വരുന്നുണ്ട്. വെനസ്വേല കൂടി സജീവമായാല്‍ എണ്ണവില 50-55 ഡോളറിലേക്ക് കൂപ്പുകുത്തിയേക്കും. ഇന്ത്യയെ പോലെ എണ്ണയ്ക്കായി ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് ഗുണകരമാകും ഇത്.
Read DhanamOnline in English
Subscribe to Dhanam Magazine