

ടയര്‍ കമ്പനികള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചിട്ടും അതിന്റെ പ്രതിഫലനം റബര്‍ വിലയില്‍ പ്രതിഫലിക്കാത്തതിന്റെ നിരാശയില്‍ കര്‍ഷകര്‍. സംസ്ഥാനത്ത് ടാപ്പിംഗ് സീസണ്‍ അതിന്റെ ഉന്നതിയിലാണ്. എന്നിട്ടും വില 200 പോലും കടക്കാത്തതിന്റെ നിരാശയിലാണ് കാര്‍ഷിക മേഖല.
റബര്‍ ബോര്‍ഡ് വിലയനുസരിച്ച് ആര്‍എസ്എസ്4 ഗ്രേഡിന്റെ ഉയര്‍ന്ന വില കിലോഗ്രാമിന് വെറും 185 രൂപ മാത്രമാണ്. മുന്‍വര്‍ഷത്തെ നില വച്ചുനോക്കുമ്പോള്‍ ഇത് തീരെ കുറവാണ്. ആഭ്യന്തര റബര്‍ ഉത്പാദനം ആവശ്യകതയേക്കാള്‍ കുറവാണെങ്കിലും പരിധിവിട്ടുള്ള ഇറക്കുമതിയാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്.
ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ തീരുവയില്‍ ഇറക്കുമതി നടക്കുന്നതാണ് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളിലൊന്ന്. സാധാരണ ഗതിയില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വില ഉയരേണ്ടതാണ്. ഈ സമയത്ത് ഉത്പാദനം കുറയുന്നതാണ് ഇതിനു കാരണം. എന്നാല്‍ ഇത്തവണ ഇതുവരെ അത്തരത്തിലൊരു പ്രവണത ദൃശ്യമല്ല.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ റബര്‍ പിടിച്ചുവച്ച് വിലകൂട്ടാന്‍ പ്രത്യേക കാംപെയ്‌നുകള്‍ നടന്നിരുന്നു. ഇതിന്റെ ഫലമായി വില 200 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. എന്നാല്‍ ഇത്തവണ അതുപോലുള്ള സമരമുറകള്‍ കര്‍ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനും പുതുക്കാനുമുള്ള റബര്‍ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്നു. 2025 നവംബര്‍ ഒന്നു മുതല്‍ വില നേട്ടം കര്‍ഷകര്‍ക്ക് ലഭിക്കും വിധം ആര്‍പിഎസുകള്‍ മുഖേന ബില്ലുകള്‍ അപ് ലോഡ് ചെയ്യാം. നിലവില്‍ ഓരോ കിലോ റബറിനും 19 രൂപ സബ്സിഡി ലഭിക്കും.
കേരളത്തിലെ കര്‍ഷകരില്‍ 30 ശതമാനം മാത്രമാണ് ഷീറ്റ് തയാറാക്കുന്നത്. 55 ശതമാനം കര്‍ഷകരും ലാറ്റക്സായി റബര്‍ വില്‍ക്കുകയാണ്. 15 ശതമാനം കര്‍ഷകര്‍ കപ്പ് ലംബായി (ചണ്ടിപ്പാല്‍) റബര്‍ വില്‍ക്കുന്നു. ലാറ്റക്സ് വില്‍ക്കുന്നവര്‍ക്ക് വിലസ്ഥിരതാ പദ്ധതിയില്‍നിന്ന് കാര്യമായ സാമ്പത്തിക നേട്ടമില്ല.
Read DhanamOnline in English
Subscribe to Dhanam Magazine