
പ്രമുഖ നിക്ഷേപകനും ബെര്‍ക്ക് ഷെയര്‍ ഹാത്തവേയുടെ മുന്‍ സി.ഇ.ഒയുമായ വാറന്‍ ബഫറ്റിന്റെ നിയന്ത്രണത്തിലുള്ള ഐസ്‌ക്രീം ശൃംഖലയായ ഡയറി ക്വ്യൂന്‍ ഇന്ത്യയിലേക്ക്. കെ.എഫ്.സി, പിസ ഹട്ട് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ഇന്ത്യയിലെത്തിച്ച ദേവയാനി ഇന്റര്‍നാഷണലാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ ബിരിയാണി ബൈ കിലോ എന്ന ബ്രാന്‍ഡിനെയും ദേവയാനി ഏറ്റെടുത്തിരുന്നു.
1940ല്‍ ആരംഭിച്ച ഡയറി ക്വ്യൂനിനെ 1998ലാണ് വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക് ഷെയര്‍ ഹാത്തവേ ഏറ്റെടുക്കുന്നത്. പിന്നീടങ്ങോട്ട് വാറന്‍ ബഫറ്റിന്റെ ഇഷ്ട ബ്രാന്‍ഡായി ഡി.ക്യൂ എന്ന ഡയറി ക്യൂന്‍ മാറി. ഒമാഹയിലെ ഡി.ക്യൂ ഔട്ട്‌ലെറ്റിലാണ് അദ്ദേഹം തന്റെ അതിഥികളെ കാണുന്നതും കൂടിക്കാഴ്ചകള്‍ നടത്തുന്നതും. 20 രാജ്യങ്ങളിലായി 7,700ഓളം സ്‌റ്റോറുകളുള്ള ഡി.ക്യൂ നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളില്‍ ഒന്നാണ്.
വിവിധ തരത്തില്‍ കസ്റ്റമൈസ് ചെയ്യാവുന്ന ഐസ്‌ക്രീം ഓപ്ഷനുകളാണ് ഡയറി ക്വ്യൂനിലെ പ്രധാന ആകര്‍ഷണം. സോഫ്റ്റ് സെര്‍വ്, ബ്ലിസാര്‍ഡ്, ബര്‍ഗര്‍, സാന്‍ഡ്‌വിച്ച്, ജ്യൂസുകള്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരെയും തൃപ്തിപ്പെടുത്തുന്ന മെനുവാണ് ഡി.ക്യൂവിന്റെ പ്രധാന പ്രത്യേകത. പല ഉത്പന്നങ്ങളുടെയും രഹസ്യക്കൂട്ടുകള്‍ ഇന്നും പുറംലോകത്തിന് അറിയില്ലെന്നതാണ് സത്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 6.4 ബില്യന്‍ ഡോളറിന്റെ വിറ്റുവരവാണ് ആഗോളതലത്തില്‍ കമ്പനി നേടിയത്. 2030 എത്തുമ്പോള്‍ വാര്‍ഷിക വരുമാനം 10 ബില്യന്‍ ഡോളറിലെത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഓരോ മിനിറ്റിലും 4,500 ബ്ലിസാര്‍ഡുകള്‍ വില്‍ക്കുകയാണ് ഡി.ക്യൂവിന്റെ ലക്ഷ്യം. ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ ഡി.ക്യൂവിന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം
രാജ്യത്തെ 1.6 ലക്ഷം കോടി രൂപ മൂല്യമുള്ള ഫാസ്റ്റ് ഫുഡ് വിപണി ലക്ഷ്യം വെച്ചാണ് ഡി.ക്യൂവിന്റെ വരവ്. 2033ലെത്തുമ്പോള്‍ ഇത് 35.5 ഡോളര്‍ അല്ലെങ്കില്‍ മൂന്ന് ലക്ഷം കോടി രൂപയുടേതായി മാറുമെന്നും പഠനങ്ങള്‍ പറയുന്നു. ഇന്ത്യക്കാരുടെ തീറ്റക്കൊതി തന്നെയാണ് മറ്റൊരു കാരണം. നഗരവത്കരണം വര്‍ധിച്ചത്, ജനസംഖ്യയില്‍ ചെറുപ്പക്കാരുടെ എണ്ണം കൂടിയത്, ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ ജനകീയമായത് തുടങ്ങിയ ഘടകങ്ങളും ഇതിന് പിന്നിലുണ്ട്. ആകെ ചെലവിന്റെ 2.3 ശതമാനവും ഇന്ത്യക്കാര്‍ ചെലവിടുന്നത് ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലുമാണെന്നും കണക്കുകള്‍ പറയുന്നു. കോവിഡ് കാലത്ത് വീട്ടില്‍ അടച്ചിരുന്ന ആളുകള്‍ക്ക് ഇപ്പോഴും പുറത്തിറങ്ങി ഭക്ഷണം കഴിക്കാനുള്ള കൊതി മാറിയിട്ടില്ലെന്ന് വേണം കരുതാന്‍.
ഐസ്‌ക്രീം ബ്രാന്‍ഡുകള്‍ക്ക് വലിയ വേരോട്ടമുള്ള മണ്ണാണ് ഇന്ത്യയിലേത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഐസ്‌ക്രീം വിപണി 45,000 കോടി രൂപയുടേതായി മാറുമെന്നാണ് ഇന്ത്യന്‍ ഐസ്‌ക്രീം മാനുഫാക്ചറിംഗ് അസോസിയേഷന്‍ പറയുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നാല് മടങ്ങ് വര്‍ധനയാണ് ഈ മേഖലയില്‍ ഉണ്ടായത്. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ 90,000 കോടി രൂപയുടെ വലിയ വിപണിയായി ഐസ്‌ക്രീം മാറുമെന്നും ഇവര്‍ പറയുന്നു. പുതിയ ബ്രാന്‍ഡുകള്‍ കൂടി എത്തുന്നതോടെ ഈ രംഗത്തെ മത്സരവും കടുക്കും.
Devyani International—the operator behind KFC, Pizza Hut, and Costa Coffee—has secured the master franchise for Dairy Queen in India, aiming to launch its iconic soft‑serve ice cream and fast‑casual menu later this year.
Read DhanamOnline in English
Subscribe to Dhanam Magazine