പൈലറ്റുമാരുടെ പരിശീലനം ഓഡിറ്റ് ചെയ്യാന്‍ ഡി.ജി.സി.എ

പരിശീലന വിമാനാപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന
Airlines
Image: @Canva
Published on

പരിശീലന വിമാനങ്ങളുടെ അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള വ്യോമഗതാഗത രംഗത്തെ പ്രൊഫഷനലുകള്‍ക്കുള്ള പരിശീലനത്തെ കുറിച്ച് ഓഡിറ്റ് നടത്താന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള ഫ്ലയിങ്  ട്രെയ്‌നിംഗ് ഒര്‍ഗനൈസേഷനുകളിലാണ് (എഫ്.ടി.ഒ) ഓഡിറ്റ് നടത്തുക. 33 എഫ്.ടി.ഒ കളില്‍ നവംബര്‍ മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കുമെന്ന് ഡയരക്ടര്‍ ജനറല്‍ ഓഫീസിന്റെ അറിയിപ്പില്‍ പറഞ്ഞു. ട്രെയിനിംഗ് സെന്ററുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍, പ്രവര്‍ത്തന രീതികള്‍, പരിശീലന നിലവാരം തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക. പരിശീലന കേന്ദ്രങ്ങള്‍ ഡി.ജി.സി.എയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. 2022 ലാണ് ഇത്തരത്തിലുള്ള പരിശോധന അവസാനമായി നടന്നത്.

അപകടങ്ങള്‍ക്ക് കാരണം പരിശീലനത്തിലെ അപാകതയോ

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നിരവധി പരിശീലന വിമാനങ്ങള്‍ അപകടങ്ങളില്‍ പെട്ടിരുന്നു. ഓഗസ്റ്റില്‍ മധ്യപ്രദേശിലെ ഗുണയില്‍ പരിശീലനത്തിനിടെ വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് പരിക്കേറ്റിരുന്നു. മാര്‍ച്ച് മാസത്തില്‍ ഗുണയില്‍ തന്നെയുണ്ടായ മറ്റൊരു അപകടത്തില്‍ ഒരു വനിതാ പൈലറ്റിനും പരിക്കേറ്റു. ബംഗാളിലെ കലൈകുണ്ടയില്‍ എയര്‍ഫോഴ്സിന്റെ  പരിശീലന വിമാനം തകര്‍ന്നത് ഈ വര്‍ഷം ഫെബ്രുവരിയിലാണ്. ഇടക്കിടെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഡി.ജി.സി.എ ഇടപെടല്‍. പൈലറ്റുമാര്‍ക്കും മറ്റു സാങ്കേതിക വിദഗ്ധർക്കും  ലഭിക്കുന്ന പരിശീലനത്തില്‍ അപാകതകളുണ്ടെന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നു. പരിശീലനത്തിന് ഉപയോഗിക്കുന്ന വിമാനങ്ങളുടെ ഗുണനിലവാരം, പരിപാലനത്തിലെ അപാകത തുടങ്ങിയ കാര്യങ്ങള്‍ ഇടക്കിടെയുണ്ടാകുന്ന അപകടത്തിന് കാരണമാകുന്നുണ്ടോ എന്നും ഡി.ജി.സി.എ ഓഡിറ്റില്‍ പരിശോധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com