
അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ (ഡി.ജി.സി.എ) നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത് ഗുരുതര വീഴ്ചകള്‍. സാങ്കേതിക തകരാറുകള്‍ പരിഹരിക്കാതെയും തേഞ്ഞ ടയറോടു കൂടിയും വിമാനങ്ങള്‍ പറക്കുന്നതായി ഡി.ജി.സി.എ കണ്ടെത്തി. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഉപകരണങ്ങള്‍ സര്‍വീസ് ചെയ്യാതെയാണ് ദീര്‍ഘകാലമായി ഉപയോഗിക്കുന്നത്. ചില വിമാനത്താവളങ്ങളിലെ റണ്‍വേ മാര്‍ക്കിംഗുകള്‍ മാഞ്ഞുപോയി. സമീപത്തെ കെട്ടിടങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ വര്‍ഷങ്ങളായി അപ്ഡേറ്റ് ചെയ്തിട്ടില്ലെന്നത് അടക്കമുള്ള ഗുരുതര വീഴ്ചകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
275 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെയാണ് രാജ്യത്തെ വിമാനത്താവളങ്ങളിലും ഏവിയേഷന്‍ മേഖലയിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ ഡി.ജി.സി.എ തീരുമാനിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലേതും മുംബൈയിലേതും അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് സുരക്ഷാ പരിശോധന നടത്തി. ഫ്‌ളൈറ്റ് ഓപ്പറേഷന്‍, വിമാനത്തിന്റെ പറക്കല്‍ ശേഷി, റാമ്പുകളുടെ സുരക്ഷ, എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍, ആശയവിനിമയം, വിമാനയാത്രക്ക് മുമ്പുള്ള ആരോഗ്യ പരിശോധന, അറ്റകുറ്റപ്പണി തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിച്ചത്.
ഒരേ വിമാനത്തില്‍ തുടര്‍ച്ചയായി നിരവധി തവണ സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയെങ്കിലും ഇവ കൃത്യമായി പരിഹരിക്കാന്‍ വിമാന കമ്പനിക്ക് കഴിയാത്തത് ഗുരുതര വീഴ്ചയാണെന്ന് ഡി.ജി.സി.എ ചൂണ്ടിക്കാട്ടി. തേഞ്ഞ ടയറുമായി ആഭ്യന്തര സര്‍വീസ് നടത്താനിരുന്ന വിമാനം തടഞ്ഞുവെച്ചു. പിന്നീട് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷമാണ് സര്‍വീസ് തുടരാന്‍ അനുവദിച്ചതെന്നും ഡി.ജി.സി.എ അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്. വിമാനത്തിന്റെ തകരാറുകള്‍ തിരിച്ചറിഞ്ഞെങ്കിലും പലതും ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുമില്ല.
ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥലങ്ങളിലും ഡി.ജി.സി.എ പരിശോധന നീണ്ടു. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന സിമുലേറ്ററില്‍ ഉപയോഗിച്ചിരുന്നത് കാലാഹരണപ്പെട്ട സോഫ്റ്റ്‌വെയറായിരുന്നു. പറത്തേണ്ട വിമാനവുമായി യാതൊരു ബന്ധവുമില്ലാത്ത ക്രമീകരണങ്ങളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം കണ്ടെത്തലുകള്‍ ബന്ധപ്പെട്ട വിമാന കമ്പനികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അയച്ചിട്ടുണ്ട്. 7 ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരം പരിശോധനകള്‍ ഇനിയും തുടരുമെന്നും ഡി.ജി.സി.എ അറിയിച്ചു.
DGCA’s surprise audit at major Indian airports reveals recurring aircraft defects, worn tyres, simulator mismatches, and poor maintenance practices, raising serious aviation safety concerns.
Read DhanamOnline in English
Subscribe to Dhanam Magazine