സൗദിയിലെ ട്രക്ക് ഷോയില്‍ താരമാകാന്‍ ടാറ്റ മോട്ടോഴ്‌സും; ലക്ഷ്യം ഗള്‍ഫ് വിപണി
സൗദി അറേബ്യയിലെ ദമാമില്‍ നടക്കുന്ന ട്രക്ക് ഷോയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ പ്രധാന ആകര്‍ഷണമാകും. ഗള്‍ഫ് രാജ്യങ്ങളിലെ നിര്‍മാണ മേഖലയെ ലക്ഷ്യമിട്ടുള്ള എക്‌സ്‌പോ ടാറ്റയുടെ വാഹനങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്താന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 18 മുതല്‍ 21 വരെയാണ് ദമാമില്‍ ദഹ്‌റാന്‍ എക്‌സ്‌പോ എന്ന പേരില്‍ ഹെവി എക്യുപ്‌മെന്റ്‌സ് ആന്റ് ട്രക്ക് ഷോ നടക്കുന്നത്. കാര്‍ഗോ രംഗത്ത് ഉപയോഗിക്കുന്ന വാഹനങ്ങള്‍, നിര്‍മാണ മേഖലയില്‍ ഉപയോഗിക്കുന്ന ഹെവി ഡ്യൂട്ടി ട്രക്കുകള്‍, യാത്രാ വാഹനങ്ങള്‍ തുടങ്ങിയവയാകും ടാറ്റമോട്ടോഴ്‌സ് പ്രദര്‍ശിപ്പിക്കുക.
ഗള്‍ഫ് മേഖലയിലെ പുതിയ സാധ്യതകള്‍
ഗള്‍ഫ് രാജ്യങ്ങളിലെ നിര്‍മാണ മേഖല സജീവമാണെന്നും ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ക്ക് വലിയ ഡിമാന്റാണ് ഉള്ളതെന്നും ട്രക്ക് ഷോയുടെ സംഘാടകരായ സി.പി.ഐ ട്രേഡ് മീഡിയയുടെ മാനേജിംഗ് ഡയരക്ടര്‍ റാസ് ഇസ്ലാം പറഞ്ഞു. സൗദി സര്‍ക്കാരിന്റെ വിഷന്‍ 2030 വികസന പദ്ധതിയുടെ ഭാഗമായാണ് എക്‌സ്‌പോ നടത്തുന്നത്. വിവിധ രാജ്യങ്ങളിലെ ഹെവിഡ്യൂട്ടി വാഹനനിര്‍മാതാക്കളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിനെത്തും. ടാറ്റാ മോട്ടോഴ്‌സിന്റെ പ്രധാന വിപണികളില്‍ ഒന്നാണ് സൗദി അറേബ്യയെന്ന് കമ്പനിയുടെ ഇന്റര്‍നാഷണല്‍ ബിസിനസ് മേധാവി അനുരാഗ് മല്‍ഹോത്ര ചൂണ്ടിക്കാട്ടി. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തുന്ന ട്രക്ക് എക്‌സ്‌പോയില്‍ ടാറ്റാമോട്ടോഴ്സിന്റെ വാഹനങ്ങള്‍ പരിചയപ്പെടുത്താന്‍ കഴിയുന്നത് പുതിയ വിപണി സാധ്യതകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.