DHANAM BFSI SUMMIT 2022: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്റ് സമിറ്റ് നാളെ കൊച്ചിയില്‍

ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്റ് സമിറ്റ് ധനത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ (മാര്‍ച്ച് 30) കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വീണ്ടും അരേങ്ങേറും. 2020 വരെ തുടര്‍ച്ചയായി എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെട്ടിരുന്ന ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ്, കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കുശേഷമാണ് വീണ്ടും സംഘടിപ്പിക്കുന്നത്.

വൈകിട്ട് 3.30 മുതല്‍ രാത്രി 9.30 വരെ നീളുന്ന സമിറ്റില്‍ രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്കൊരുങ്ങുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ എം ആര്‍ കുമാര്‍, മാനേജിംഗ് ഡയറക്റ്റര്‍ മിനി ഐപ്പ് എന്നിവര്‍ പങ്കെടുക്കും. നിക്ഷേപ രംഗത്ത് വേറിട്ട കാഴ്ചപ്പാടുകളുള്ള, നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയിതാവും മാഴ്സലസ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സിന്റെ സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറുമായ സൗരഭ് മുഖര്‍ജി മുഖ്യപ്രഭാഷണം നടത്തും.
മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും എംഡിയുമായ വി പി നന്ദകുമാര്‍, ഇസാഫ് സ്മോള്‍ ഫിനാന്‍സ് എംഡി കെ. പോള്‍ തോമസ്, ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനും സിഇഒയുമായ പൊറിഞ്ചു വെളിയത്ത്, ഡിബിഎഫ്എസ് സെക്യൂരിറ്റീസ് എംഡി പ്രിന്‍സ് ജോര്‍ജ്, ക്രിപ്റ്റോകറന്‍സി ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്കായുള്ള സമഗ്ര ബാങ്കിംഗ് സംവിധാനം ഒരുക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ വോള്‍ഡിന്റെ സഹസ്ഥാപകനും സിടിഒയുമായ സഞ്ജു സോണി കുര്യന്‍, മാര്‍ക്കറ്റ് ഫീഡ് സ്ഥാപകനും സിഇഒയുമായ ഷാരിഖ് ഷംസുദ്ധീന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എക്സിക്യുട്ടീവ് ഡയറക്റ്റര്‍ ഏബ്രഹാം തര്യന്‍ സമിറ്റില്‍ എന്നിവര്‍ സംസാരിക്കും.
സമിറ്റ്, സാമ്പത്തിക സേവന രംഗത്തെ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും പ്രതിസന്ധികള്‍ നിറഞ്ഞ ഈ കാലത്ത് വെല്ലുവിളികളെ മാനേജ് ചെയ്ത് വളര്‍ച്ചാപാതയിലേക്ക് എത്താനുള്ള മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് ധനം ബിസിനസ് മാഗസിന്‍ മാനേജിംഗ് ഡയറക്റ്ററും ചീഫ് എഡിറ്ററുമായ കുര്യന്‍ ഏബ്രഹാം അഭിപ്രായപ്പെട്ടു.
പ്രത്യേകം ക്ഷണിതാക്കളായ 300 പേര്‍ക്ക് സമിറ്റില്‍ നേരിട്ട് പങ്കെടുക്കും. 700 പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയും സംബന്ധിക്കാം. സമിറ്റില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന് www.dhanambfsisummit.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. വിവരങ്ങള്‍ക്ക്: 90725 70060.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it