

എന്‍ജിനിയറിംഗ് രംഗത്ത് വിസ്മയങ്ങള്‍ തീര്‍ത്ത ഇ. ശ്രീധരന്റെ സാന്നിധ്യം. സംരംഭക ലോകത്ത് മിന്നും നേട്ടം സ്വന്തമാക്കിയ പ്രതിഭകള്‍ അനുഭവങ്ങള്‍ പകര്‍ന്നു നല്കിയ വേദി. ബിസിനസ് ലോകത്ത് പുതിയ ചുവടുകളിലേക്ക് കുതിക്കുന്നവര്‍ക്കുള്ള ആദരം... കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പതിനെട്ടാമത് ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് പുതുമ കൊണ്ടും പങ്കാളിത്തം കൊണ്ടും നവ്യാനുഭവമായി മാറി.
94ന്റെ തിളക്കത്തിലും മെട്രോമാന്‍ ഇ. ശ്രീധരന്റെ ശ്രദ്ധേയസാന്നിധ്യം ചടങ്ങിന്റെ മാറ്റുകൂട്ടി. കേരളത്തിനു വേണ്ടിയുള്ള തന്റെ സ്വപ്‌ന പദ്ധതികളെപ്പറ്റി അദ്ദേഹം നടത്തിയ പ്രഭാഷണം സദസിനെ ഒന്നാകെ ആവേശത്തിലാഴ്ത്തി.
ധനം ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ചടങ്ങില്‍ വച്ച് ഇ. ശ്രീധരന്‍ ഏറ്റുവാങ്ങി. മന്ത്രി റോജി എം ജോണ്‍ ആണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്.
ചുരുങ്ങിയ കാലം കൊണ്ട് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസിനെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച മിഥുന്‍ ചിറ്റിലപ്പിള്ളിയാണ് ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2026 അവാര്‍ഡ് ഏറ്റുവാങ്ങിയത്. ധനം ബിസിനസ് പ്രൊഫഷണല്‍ 2026 പുരസ്‌കാരത്തിന് ആപ്റ്റിവ് കണക്ഷന്‍സ് സിസ്റ്റംസ് കണ്‍ട്രി മാനേജിംഗ് ഡയറക്റ്റര്‍ രമേഷ് നായര്‍ അര്‍ഹനായി. മാര്‍ലാബ്സ് ചെയര്‍മാന്‍ സിബി വടക്കേക്കരയാണ് ഔട്ട്സ്റ്റാന്‍ഡിംഗ് എന്‍ആര്‍ഐ എന്റര്‍പ്രണര്‍ 2026 പുരസ്‌കാര ജേതാവ്.
ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2026 അവാര്‍ഡ് മന്ത്ര സ്ഥാപകയും ലീഡ് ഡിസൈനറുമായ ശാലിനി ജെയിംസാണ് സ്വന്തമാക്കിയത്. അജ്മി ഫുഡ്സ് ആണ് എസ് എം ഇ ഓഫ് ദി ഇയര്‍. മറൈന്‍ റോബോട്ടിക്സ് എന്റര്‍പ്രൈസ് രംഗത്ത് നൂതന ആശയങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന ഐറോവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയത്.
പ്രമുഖ നിക്ഷേപകനും ജീവകാരുണ്യപ്രവര്‍ത്തന മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വവും പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ പങ്കെടുത്ത ഫയര്‍സൈഡ് ചാറ്റ് സദസിന് പുതിയ അനുഭവമായി മാറി. തന്റെ അനുഭവങ്ങള്‍ സരസമായി പറഞ്ഞ അദ്ദേഹം പുതുസംരംഭകര്‍ക്ക് വിജയത്തിലേക്കുള്ള ടിപ്‌സുകള്‍ നല്കാനും മറന്നില്ല. ദുബൈ ആസ്ഥാനമായുള്ള ബ്യൂമെര്‍ക് കോര്‍പ്പറേഷന്‍ എക്സിക്യൂട്ടിവ് ചെയര്‍മാനും സിഇഒയും കൂടിയാണ് സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍.
ബിസിനസ് വളര്‍ച്ചയ്ക്കായി എഐ എങ്ങനെ ഉപയോഗിക്കാം എന്ന വിഷയത്തില്‍ ഡീപ്കോര്‍എക്സ് സ്ഥാപകനും സിഇഒയുമായ ഡോ. അങ്കുര്‍ നാരംഗ് നയിച്ച എഐ മാസ്റ്റര്‍ ക്ലാസായിരുന്നു ബിസിനസ് സമിറ്റിലെ മറ്റൊരു ആകര്‍ഷണം. മാറുന്ന ടെക് അധിഷ്ഠിത ലോകത്ത് എഐയുടെ പ്രാധാന്യം എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്.
ധനം സമ്മിറ്റില്‍ ഏവരെയും ആകര്‍ഷിച്ച മറ്റൊരു സെഷന്‍ സമൂഹത്തില്‍ മായാത്ത മുദ്രകള്‍ ചാര്‍ത്തുന്ന പ്രസ്ഥാനം എങ്ങനെ കെട്ടിപ്പടുക്കാമെന്ന വിഷയത്തെ അധികരിച്ചുള്ള പാനല്‍ ചര്‍ച്ചയായിരുന്നു. മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി എംഡി ജോര്‍ജ് എം ജോര്‍ജ്, ഇവിഎം ഗ്രൂപ്പ് എംഡി സാബു ജോണി, ഗ്രൂപ്പ് മീരാന്‍ വൈസ് ചെയര്‍മാന്‍ ഫിറോസ് മീരാന്‍ എന്നിവരാണ് ഈ ചര്‍ച്ചയില്‍ പങ്കെടുത്തത്. ടീംവണ്‍ അഡ്വര്‍ടൈസിംഗ് എംഡിയും കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റുമായ വിനോദിനി സുകുമാര്‍ നയിച്ച ചര്‍ച്ചയില്‍ തുറന്ന മനസോടെ തങ്ങളുടെ അനുഭവങ്ങള്‍ മൂവരും തുറന്നുപറഞ്ഞു.
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, മുന്‍ കേന്ദ്ര ഗതാഗത സെക്രട്ടറി ഡോ. എം രാമചന്ദ്രന്‍ ഉള്‍പ്പെടെ ബിസിനസ് ലോകത്തെ നിരവധി പ്രമുഖര്‍ ധനം സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ പങ്കാളികളായി.
പ്രമുഖ കമ്പനികളുടെ സ്റ്റാളുകളായിരുന്നു ഇത്തവണത്തെ ധനം സമിറ്റിന്റെ മറ്റൊരു ആകര്‍ഷണീയത. 21 സ്റ്റാളുകളായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. സാങ്കേതികവിദ്യ, ഐടി മേഖലയില്‍ നിന്ന് എഫ്9 ഇന്‍ഫോടെക് (F9 INFOTECH), സോഹോ പാര്‍ട്ണറായ ടെക് ഗം (Tech Geum), ആബാസോഫ്റ്റ് (AABASOFT), പ്രാഗ്മാക്സ് ടെക്‌നോളജീസ് (PRAGMACHS TECHNOLOGIES), എപ്‌സണ്‍ (EPSON), കൊകോണ്‍ (cocon), നിയോട്രോണിക്‌സ് (Neotronics) തുടങ്ങിയ കമ്പനികള്‍ സജീവമായിരുന്നു. ബാങ്കിംഗ്, ധനകാര്യ മേഖലയില്‍ നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് (Nippon India Mutual Fund), മുത്തൂറ്റ് ഫിന്‍കോര്‍പ്പ് (Muthoot Fincorp), ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് (IDFC FIRST BANK) എന്നിവയുടെ സ്റ്റാളുകള്‍ ശ്രദ്ധേയമായി.
ഊര്‍ജ മേഖലയെ പ്രതിനിധീകരിച്ച് ഈലിസ്റ്റോ എനര്‍ജീസ് (EALLISTO ENERGIES), ഉഷാ ശ്രീറാം സോളാര്‍ പ്രോഡക്ട്‌സ് (USHA SHRIRAM SOLAR PRODUCTS) എന്നിവരും റിയല്‍ എസ്റ്റേറ്റ് വിഭാഗത്തില്‍ ശോഭ ലിമിറ്റഡ് (SOBHA LTD), ബില്‍റ്റ് ടെക് (Built Tech) എന്നിവരും പങ്കെടുത്തു.
കൂടാതെ, ഗ്ലോബല്‍ എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്റ്‌സ്, ഗെറ്റ് ലീഡ്, റൂമ കോസ്‌മെറ്റിക്‌സ്, കാറ്റിക് ഡിസൈന്‍, ഹായ്കിറ്റ് ടെക്‌നോളജി (HackIT Technology), റാവോസ് സ്മാര്‍ട്ട് ഓട്ടോമേഷന്‍, 11X കമ്പനി തുടങ്ങിയവരും ഈ സ്റ്റാളുകളുടെ നിരയില്‍ ഉണ്ടായിരുന്നു. 'പര്‍പ്പസ് ഡ്രിവണ്‍ ലീഡര്‍ഷിപ്പ്' എന്ന മുഖ്യ പ്രമേയത്തില്‍ നടന്ന സമിറ്റില്‍ സംസ്ഥാനത്തെ പ്രമുഖ വ്യവസായികള്‍, പ്രവാസി ബിസിനസ് ലീഡര്‍മാര്‍, സ്റ്റാര്‍ട്ടപ്പ് പ്രതിഭകള്‍, പ്രൊഫഷണലുകള്‍, ബിസിനസ് വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങുന്ന വന്‍ നിരയാണ് ഒത്തുചേര്‍ന്നത്. ബിസിനസ് ലോകത്തെ പ്രമുഖര്‍ ഒത്തുചേര്‍ന്ന വേദിയില്‍ നെറ്റ്വര്‍ക്കിംഗിനും പുതിയ ബിസിനസ് ആശയങ്ങള്‍ പങ്കുവെക്കുന്നതിനും മികച്ച അവസരമാണ് ഒരുക്കിയത്.
മുത്തൂറ്റ് ഫിന്‍കോര്‍പ് ആയിരുന്നു ഇത്തവണത്തെ ധനം സമിറ്റിന്റെ മുഖ്യ സ്‌പോണ്‍സര്‍. ഗോള്‍ഡ് പാര്‍ട്‌ണേഴ്‌സ് ആയി ബില്‍ഡെക് ഇന്റഗ്രേറ്റഡ് സെല്യൂഷന്‍സ്, മണപ്പുറമം ഫിനാന്‍സ്, ഫെഡറല്‍ ബാങ്ക്, സൈബര്‍ സെക്യൂരിറ്റി പാര്‍ട്ണറായി എഫ്9 ഇന്‍ഫോടെക്, സില്‍വര്‍ സ്‌പോണ്‍സര്‍മാരായി ജോയ് ആലുക്കായ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഗ്ലോബല്‍ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, നിപ്പോള്‍ ഇന്ത്യ മ്യൂച്ചല്‍ ഫണ്ട്, ടൈം പാര്‍ട്ണറായി സിംസണ്‍, എനര്‍ജി പാര്‍ട്ണറായി എലിസ്റ്റോ എനര്‍ജീസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പാര്‍ട്ണറായി പാസിയോ ഒഒച്ച് പാര്‍ട്ണര്‍ ഐശ്വര്യ ഒഒഎച്ച് മീഡിയ, കോണ്‍ഫ്രറന്‍സ് പ്രൈം, ഡെയ്‌ലി ഹണ്ട് എന്നീ സ്ഥാപനങ്ങളും ധനം സമ്മിറ്റിന് തിളക്കമേകി.
Read DhanamOnline in English
Subscribe to Dhanam Magazine