
ബിസിനസ് ലോകത്തെ വമ്പന്മാര്‍ മുതല്‍ സംരംഭകത്വത്തിലേക്ക് പിച്ചവച്ചു തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പ് യുവത്വം വരെ ഒത്തുചേര്‍ന്ന അറിവും ആനന്ദവും നിറഞ്ഞ പ്രൗഢ ഗംഭീര വേദിയായി ധനം ബിസിനസ് സമിറ്റ് ആൻഡ് അവാർഡ് നൈറ്റ്. കേരളത്തില്‍ ചെറിയ തോതില്‍ തുടങ്ങി ലോകം മുഴുവനും തങ്ങളുടെ ഖ്യാതി അറിയിച്ച മുതിര്‍ന്ന സംരംഭകരുടെ വാക്കുകള്‍ സദസിന് വലിയ പ്രചോദനമായി മാറുന്ന നിമിഷങ്ങള്‍ക്കായിരുന്നു കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സാക്ഷ്യം വഹിച്ചത്.
ഉച്ചകഴിഞ്ഞ് 3.40ന് പാനല്‍ ചര്‍ച്ചയോടെ ആരംഭിച്ച സമിറ്റിന് ഇന്ത്യയ്ക്കകത്തും വിദേശത്തു നിന്നുമായി ആയിരത്തിലധികം പ്രതിനിധികളാണ് പങ്കെടുത്തത്. 1,000 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള കമ്പനികളുടെ മേധാവികള്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ച ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.
കേരളത്തിന് പുറത്തുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സംരംഭകര്‍ തയാറാകണമെന്നും 1986ല്‍ തനിക്ക് ദുബൈയിലേക്ക് പോകാന്‍ അവസരം കിട്ടിയത് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ വഴിത്തിരിവായി മാറിയ അനുഭവം വിശദീകരിച്ച് പ്രമുഖ വ്യവസായി ഡോ. ജോയ് ആലുക്കാസ്. സമാന അഭിപ്രായമാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വാക്കറൂ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ വി. നൗഷാദും സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബും പങ്കുവച്ചത്. ചര്‍ച്ചയെ കൃത്യമായ ട്രാക്കിലൂടെ മുന്നോട്ടു കൊണ്ടുപോയത് പോപ്പുലര്‍ വെഹിക്കിള്‍സ് മാനേജിംഗ് ഡയറക്ടര്‍ നവീന്‍ ഫിലിപ്പ് ആണ്.
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 1,000 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള ധനം പവര്‍ലിസ്റ്റും ചടങ്ങില്‍ വച്ച് പുറത്തിറക്കി. വരും വര്‍ഷങ്ങളില്‍ മലയാളി ബിസിനസുകാര്‍ക്ക് കൂടുതല്‍ കരുത്തും ഉണര്‍വും പകരാന്‍ ധനം പവര്‍ലിസ്റ്റിന് സാധിക്കുമെന്നാണ് പരിപാടിയില്‍ പങ്കെടുത്ത പലരും അഭിപ്രായപ്പെട്ടത്.
ഇത്തവണത്തെ ധനം സമിറ്റിന്റെ പ്രധാന ആകര്‍ഷണ കേന്ദ്രം ഓസ്‌കാര്‍ അവാര്‍ഡ് ജേതാവും സിനിമ നിര്‍മാതാവുമായ ഗുനീത് മോംഗ കപൂറിന്റെ സാന്നിധ്യമായിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ സദസിനെ കൈയിലെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇടത്തരം കുടുംബത്തില്‍ ജനിച്ച് സിനിമാ നിര്‍മാണ രംഗത്ത് പ്രതിസന്ധികളെ അതിജീവിച്ച് ഓസ്‌കാര്‍ അവാര്‍ഡ് നേട്ടം വരെ എത്തിയ ഗുനീതിന്റെ ജീവിതാനുഭവം പ്രതിനിധികള്‍ക്ക് നവ്യാനുഭവമായി മാറി.
ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളെ വിധിയെന്ന് പഴിച്ച് ഇരിക്കരുതെന്നും ഗുനീത് പറഞ്ഞു. ഒരാള്‍ക്ക് പ്രതിസന്ധിയെ നേരിടേണ്ടി വരുന്നത് അയാളുടെ മാത്രം പിഴവു കൊണ്ടാകണമെന്നില്ല. മറ്റുള്ളവരുടെ പിഴവുകളും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കാം. മുന്നോട്ടുള്ള യാത്രകള്‍ക്ക് ലക്ഷ്യം വേണം. ഗുനീത് തന്റെ പ്രതിസന്ധിയേറിയ ജീവിതാനുഭവങ്ങള്‍ തുറന്നുപറഞ്ഞത് സദസ് കൈയടികളോടെയാണ് സ്വീകരിച്ചത്.
2050 ഓടെ 10 ലക്ഷം കോടി ഡോളറില്‍ ഹരിത ഹരിത സമ്പദ്വ്യവസ്ഥ എത്തുമെന്നാണ് വേള്‍ഡ് എക്കണോമിക് ഫോറം കണക്കാക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗത്തില്‍ പ്രധാന ചുമതല വഹിക്കുന്ന മുരളി തുമ്മാരുകുടി. തന്റെ പ്രസംഗത്തില്‍ പറഞ്ഞു. 4.2 കോടി ജോലി അവസരങ്ങള്‍ ഈ മേഖലയില്‍ 2050 ഓടെ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.
സൗരോര്‍ജ മേഖല, മാലിന്യ സംസ്‌കരണ മേഖല തുടങ്ങിയവയില്‍ വലിയ തൊഴിലവസരങ്ങളാണ് ഭാവിയില്‍ സൃഷ്ടിക്കപ്പെടുക. ഈ മേഖലയ്ക്ക് ആവശ്യമായ നൂതനമായ വിദ്യാഭ്യാസ കോഴ്‌സുകള്‍ അവതരിപ്പിച്ച് ഇന്ത്യയ്ക്കും പ്രത്യേകിച്ച് കേരളത്തിലുമുളള കുട്ടികള്‍ക്ക് ഈ തൊഴില്‍ അവസരങ്ങള്‍ വലിയ തോതില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംരംഭകര്‍ ഏറെ താല്പര്യത്തോടെയാണ് മുരളി തുമ്മാരുകുടിയുടെ പ്രഭാഷണം കേട്ടിരുന്നത്.
ദി ന്യൂ ഏജ് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ്: ക്രിയേറ്റിംഗ് ഇംപാക്ട് ബിയോണ്ട് പ്രോഫിറ്റ് (സംരംഭകത്വത്തിന്റെ പുതുകാലം: ലാഭത്തിനപ്പുറം സ്വാധീന നിര്‍മിതി) എന്ന വിഷയത്തില്‍ സംസാരിച്ച ഫൈസല്‍ കൊട്ടിക്കോളന്‍ ബിസിനസും സാമൂഹവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ് കൂടുതലും സംസാരിച്ചത്.
ബിസിനസുകള്‍ കെട്ടിപ്പടുക്കുന്നതില്‍ നിന്ന് സ്‌കൂളുകള്‍, ആശുപത്രികള്‍, ഇപ്പോള്‍ ഒരു ലോകോത്തര വെല്‍നെസ് സെന്റര്‍ എന്നിവ സൃഷ്ടിക്കുന്നതുവരെ എല്ലാത്തിലും ലാഭത്തിനപ്പുറം സമൂഹത്തിനെന്ത് തിരികെ നല്‍കാം എന്നതാണ് തന്നെ നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഫൈസല്‍ കൊട്ടിക്കോളന്റെ വാക്കുകള്‍ സംരംഭകര്‍ക്ക് പുതിയ വഴികളിലേക്കുള്ള മാര്‍ഗദീപമായി മാറി.
ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2025 പുരസ്‌കാരം ഏറ്റുവാങ്ങിയത് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസ് ആണ്. സിജിഎച്ച് എര്‍ത്ത് സഹസ്ഥാപകന്‍ ജോസ് ഡൊമിനിക്കിനാണ് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം കൈമാറിയത്.
ധനം ബിസിനസ് പ്രൊഫഷണല്‍ 2025 പുരസ്‌കാരം വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഹോള്‍ടൈം ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ വെങ്കിട്ടരാമന്‍ രാമചന്ദ്രനും എലൈറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ധനേസ രഘുലാലിനെ വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2025 പുരസ്‌കാരവും ചടങ്ങില്‍വച്ച് ഏറ്റുവാങ്ങി. ധനം സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം നേടിയത് ക്ലൗഡ്‌സെക് ആണ്. സ്ഥാപകനും സി.ഇ.ഒയുമായ രാഹുല്‍ ശശിയാണ് ക്ലൗഡ്‌സെക്കിനായി അവാര്‍ഡ് സ്വീകരിക്കാനെത്തിയത്.
അടുത്ത വര്‍ഷവും ധനം സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാനെത്തുമെന്ന ഉറപ്പോടെയാണ് പ്രതിനിധികളായെത്തിയവര്‍ കൊച്ചിയോട് വിടപറഞ്ഞത്
Read DhanamOnline in English
Subscribe to Dhanam Magazine