
സംസ്ഥാനത്തെ ബിസിനസ് മേഖലയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കുന്നവര്‍ക്കുള്ള ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2025 പുരസ്‌കാരത്തിന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസ് അര്‍ഹനായി. സിജിഎച്ച് എര്‍ത്ത് സഹസ്ഥാപകന്‍ ജോസ് ഡൊമിനിക്കിനാണ് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം.
ധനം ബിസിനസ് പ്രൊഫഷണല്‍ 2025 പുരസ്‌കാരത്തിന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഹോള്‍ടൈം ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ വെങ്കിട്ടരാമന്‍ രാമചന്ദ്രന്‍ അര്‍ഹനായി. എലൈറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ധനേസ രഘുലാലിനെ വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2025 ആയി തെരഞ്ഞെടുത്തു. ധനം സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം നേടിയത് ക്ലൗഡ്‌സെക് ആണ്. രാഹുല്‍ ശശിയാണ് ക്ലൗഡ്‌സെക് സ്ഥാപകനും സി.ഇ.ഒയും.
ജൂണ്‍ 25ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം ബിസിനസ് സമിറ്റ് & അവാര്‍ഡ് നൈറ്റില്‍ വെച്ച് പുരസ്‌കാര വിതരണം. പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എം. കെ ദാസ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ സി. ജെ ജോര്‍ജ്, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള വിദഗ്ധ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്.
രണ്ടുവട്ടം ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ ഇന്ത്യന്‍ വനിത ചലച്ചിത്ര നിര്‍മാതാവ് ഗുനീത് മോംഗ ധനം സമിറ്റ് & അവാര്‍ഡ് നൈറ്റില്‍ വിശിഷ്ടാതിഥിയാകും. ദി എലഫന്റ് വിസ്പേഴസ്, പിരീഡ് എന്‍ഡ് ഓഫ് സെന്റന്‍സ് എന്നീ ഡോക്യുമെന്ററികളിലൂടെ ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹയായ ഗുനീത് മോംഗ മുംബൈ ആസ്ഥാനമായ പ്രൊഡക്ഷന്‍ ഹൗസ് സിഖ്യയുടെ സ്ഥാപകയാണ്.
'ദി ന്യൂ ഏജ് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ്: ക്രിയേറ്റിംഗ് ഇംപാക്ട് ബിയോണ്ട് പ്രോഫിറ്റ്' എന്നതാണ് സമിറ്റിന്റെ പ്രധാന തീം. ഈ വിഷയത്തെ അധികരിച്ച് ശതകോടീശ്വര സംരംഭകനും കെഫ് ഹോള്‍ഡിംഗ്‌സ് സ്ഥാപകനും ചെയര്‍മാനും തുലാ വെല്‍നസ് ക്ലിനിക്കിന്റെ സ്ഥാപകനുമായ ഫൈസല്‍ കൊട്ടിക്കോളന്‍ പ്രഭാഷണം നടത്തും.
ഗ്രീന്‍ ഇക്കോണമി (ഹരിത സമ്പദ് വ്യവസ്ഥ) യിലെ ബിസിനസ് അവസരങ്ങളെക്കുറിച്ച് സാമൂഹ്യനിരീക്ഷകനും ഇന്‍ഫ്‌ളുവന്‍സറും യുഎന്നിലെ ഉന്നത ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടിയുടെ പ്രഭാഷണമാണ് മറ്റൊരു ആകര്‍ഷണം.
ആയിരം കോടി രൂപയിലു വിറ്റുവരവുള്ള കേരള കമ്പനികളുടെ സാരഥികള്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയും സമിറ്റിനോടനുബന്ധിച്ചുണ്ടാകും. സംസ്ഥാനത്ത് 1,000 കോടി രൂപയിലും അതിനുമുകളിലും വിറ്റുവരവുള്ള കമ്പനികളെ അണിനിരത്തുന്ന 'ധനം പവര്‍ലിസ്റ്റ്' ചടങ്ങില്‍ വെച്ച് പുറത്തിറക്കും.
ധനം ബിസിനസ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ സന്ദര്‍ശിക്കുക: https://dhanambusinesssummit.com/
Read DhanamOnline in English
Subscribe to Dhanam Magazine