

കുടുംബ ബിസിനസിന്റെ ഭാവി കൂട്ടായ്മയും പ്രെഫഷണലായ സമീപനങ്ങളും കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ സമന്വയിപ്പിച്ചുള്ള മുന്നേറ്റമാണെന്ന് വിളിച്ചോതി ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവിന് കൊച്ചിയില്‍ പരിസമാപ്തി. കേരളത്തിനകത്തും പുറത്തും നിന്നുമായി കുടുംബ ബിസിനസില്‍ തിളങ്ങിയവരുടെ സംഗമവേദിയായി കോണ്‍ക്ലേവ് മാറി.
ബിസിനസ് ലോകത്ത് തിളങ്ങിയ മുന്‍നിര ഫാമിലി ബിസിനസ് കുടുംബങ്ങളില്‍ നിന്നുള്ള പുതുതലമുറയില്‍ നിന്നുള്ളവരുടെ സജീവ പങ്കാളിത്തവും ഫാമിലി ബിസിനസ് കോണ്‍ക്ലേവിന്റെ പ്രത്യേകതയായിരുന്നു. രാവിലെ നടന്ന ഉദ്ഘാടന സെഷനില്‍ കല്യാണ്‍ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ് കല്യാണരാമന്‍ മുഖ്യപ്രഭാഷണം നടത്തി.
കുടുംബ ബിസിനസുകള്‍ പുതിയ തലത്തിലേക്ക് ഉയരാന്‍ പുറമേ നിന്നുള്ള നിക്ഷേപകരെ സ്വീകരിക്കാന്‍ തയാറാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഉച്ചയ്ക്കുശേഷം നടന്ന ഫയര്‍ ചാറ്റ് സെഷനില്‍ ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാനും സമാനമായ ഉപദേശമാണ് സദസിന് നല്കിയത്. ഫാമിലി ബിസിനസില്‍ കുടുംബാംഗങ്ങള്‍ക്ക് സ്വാതന്ത്രം നല്കുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Building an Enduring Family Business: Experience Sharing by Industry Leaders എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരും കുടുംബ ബിസിനസില്‍ പ്രെഫഷണലുകളുടെ സാന്നിധ്യത്തെക്കുറിച്ച് മനസുതുറന്നു.
എല്ലാ മാസവും തങ്ങള്‍ ഫാമിലി ബോര്‍ഡ് മീറ്റിംഗ് കൂടാറുണ്ടെന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്നൊക്കെ ഈ മീറ്റിംഗില്‍ ചര്‍ച്ച ചെയ്യും. ഫാമിലി-ബിസിനസ് സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇതു സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെല്ലുവിളികള്‍ നിറഞ്ഞ സമയങ്ങളില്‍ എല്ലാവരും കൂടി തീരുമാനമെടുക്കുന്നത് ഫാമിലി ബിസിനസില്‍ ഗുണകരമാണെന്ന അഭിപ്രായമാണ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ് പങ്കുവച്ചത്.
രാവിലെ മുതല്‍ നടന്ന വിവിധ സെഷനുകളില്‍ എങ്ങനെ ശക്തമായൊരു കുടുംബ ബിസിനസ് കെട്ടിപ്പടുക്കാം, കുടുംബ ബിസിനസുകളെ അടുത്ത തലത്തിലേക്ക് വളര്‍ത്താന്‍ വേണ്ടി ഗവേണന്‍സില്‍ വരുത്തേണ്ട മാറ്റങ്ങള്‍, പുറമേ നിന്ന് ഫണ്ട് എങ്ങനെ സമാഹരിക്കാം, കുടുംബ ബിസിനസിന്റെ സാരഥ്യത്തിലുള്ള ദമ്പതികളുടെ ജീവിത, ബിസിനസ് അനുഭവങ്ങള്‍ പങ്കുവെയ്ക്കല്‍, കുടുംബ ബിസിനസില്‍ എങ്ങനെ പിന്‍തുടര്‍ച്ചാക്രമം നിശ്ചയിക്കാം തുടങ്ങിയ വിഷയങ്ങളില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടന്നു.
Read DhanamOnline in English
Subscribe to Dhanam Magazine