ഫാമിലി ബിസിനസില്‍ ഈഗോയ്ക്ക് സ്ഥാനമില്ല; ചിരിപ്പിച്ചും ചിന്തിപ്പിച്ചും പാനല്‍ ചര്‍ച്ച

കുടുംബ ബന്ധങ്ങളിലെ ആഴവും അര്‍ത്ഥവും പരസ്പര ധാരണയും വ്യക്തമാക്കുന്നതായിരുന്നു പാനല്‍ ചര്‍ച്ച
ഫാമിലി ബിസിനസില്‍ ഈഗോയ്ക്ക് സ്ഥാനമില്ല; ചിരിപ്പിച്ചും ചിന്തിപ്പിച്ചും പാനല്‍ ചര്‍ച്ച
Published on

ഫാമിലി ബിസിനസില്‍ കുടുംബത്തിലെ ഊഷ്മള ബന്ധത്തിന്റെ സ്ഥാനം എത്രത്തോളം വലുതാണെന്നതിന്റെ നേര്‍ക്കാഴ്ച്ചയായി ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവിലെ പാനല്‍ ചര്‍ച്ച. ഫിലിം മേക്കറും ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റുമായ സിജോയ് വര്‍ഗീസ് ആയിരുന്നു ചര്‍ച്ചയുടെ മോഡറേറ്റര്‍. എസ്.സി.എം.എസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ മാനേജിംഗ് ഡയറക്ടറായ പ്രൊഫ. പ്രമോദ് പി. തേവന്നൂരും ഗ്രൂപ്പ് ഡയറക്ടറും സഹധര്‍മിണിയുമായ ഡോ. ഇന്ദുനായര്‍ക്കുമൊപ്പം മിലന്‍ ഡിസൈന്‍ സ്ഥാപകരായ റെജിമോന്‍ അലക്‌സും ഷേര്‍ളി റെജിമോനുമായിരുന്നു പാനലിസ്റ്റുകള്‍.

സാധാരണ പാനല്‍ ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമായി കുടുംബ ബന്ധങ്ങളിലെ ആഴവും അര്‍ത്ഥവും പരസ്പര ധാരണയും വ്യക്തമാക്കുന്നതായിരുന്നു Business Partners For Life: The Dynamics Of Enterpreneurial Couples in Family Enterprises എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച.

ഓഫീസിലെ അഭിപ്രായവ്യത്യാസം തങ്ങള്‍ ഒരിക്കലും കുടുംബത്തിലേക്ക് കൊണ്ടുവരാറില്ലെന്ന് ഷേര്‍ളി റെജിമോനും ഡോ. ഇന്ദു നായരും അര്‍ത്ഥശങ്കയ്ക്ക് വകയില്ലാതെ വ്യക്തമാക്കി. ഓഫീസിലെ തര്‍ക്കങ്ങള്‍ പരമാവധി അവിടെ വച്ച് തന്നെ സംസാരിച്ച് സമവായത്തിലെത്തുകയെന്നതാണ് തങ്ങളുടെ രീതിയെന്ന് ഷേര്‍ളി വ്യക്തമാക്കി. കോവിഡ് കാലഘട്ടത്തില്‍ ഒരു ഭാര്യയുടെ റോള്‍ കൃത്യമായി മനസിലാക്കാന്‍ സാധിച്ചെന്ന് റെജിമോന്‍ അലക്‌സ് ഉദാഹരണസഹിതം തുറന്നുപറഞ്ഞത് സദസില്‍ ചിരിപടര്‍ത്തി.

ബിസിനസിലും കുടുംബത്തിലും സ്ത്രീകള്‍ വഹിക്കുന്ന പങ്കിനെ പ്രശംസിക്കാനും റെജിമോന്‍ മറന്നില്ല. അവരുടെ കഠിനാധ്വാനം കൈയടി അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിസിനസില്‍ പേഴ്‌സണല്‍ ഈഗോയ്ക്ക് സ്ഥാനം നല്കാറില്ലെന്ന് പ്രമോദ് പി തേവന്നൂര്‍ വ്യക്തമാക്കി. വ്യക്തിഗത ഈഗോയെക്കാള്‍ കമ്പനിക്കാണ് പ്രാധാന്യം നല്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഫീസില്‍ ഹസ്ബന്‍ഡ്, വൈഫ് ബന്ധത്തേക്കാള്‍ പ്രെഫഷണല്‍ സമീപനത്തിനാണ് മുന്‍തൂക്കം നല്കുന്നതെന്ന് സിജോയ് വര്‍ഗീസിന്റെ ചോദ്യത്തിനു ഉത്തരമായി ഡോ. ഇന്ദു നായര്‍ പറഞ്ഞു.

മക്കളെ നിര്‍ബന്ധിച്ച് കുടുംബ ബിസിനസിലേക്ക് ഇറക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സംശയത്തിന് ഇടനല്കാതെ വ്യക്തമാക്കി. ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവില്‍ പങ്കെടുത്തവരെ പൊട്ടിച്ചിരിപ്പിച്ചാണ് 30 മിനിറ്റിലധികം നീണ്ടുനിന്ന പാനല്‍ ചര്‍ച്ച അവസാനിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com